Sorry, you need to enable JavaScript to visit this website.

പൊന്നാനിയില്‍ ഏവരേയും ഞെട്ടിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി വോട്ടുകള്‍ വാരിയത് ഇങ്ങനെ

മലപ്പുറം- വ്യാഴാഴ്ച വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഏവരും ഉറ്റുനോക്കിയ പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ ഒരു അത്ഭുതം സംഭവിച്ചിരുന്നു. പ്രതീക്ഷകളെ മറികടന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ഇടി മുഹമ്മദ് ബഷീര്‍ രണ്ടു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് പി.വി അന്‍വറിനെ തോല്‍പ്പിച്ചെങ്കിലും എല്ലാവരുടേയും കണ്ണിലുടക്കിയത് അഞ്ചാം സ്ഥാനത്തെത്തിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സമീറ മുത്തേടത്തും അവര്‍ നേടിയ 16,288 വോട്ടുകളുമായിരുന്നു. എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയേക്കാള്‍ (18,114) രണ്ടായിരം വോട്ടിന്റെ മാത്രം കുറവ്. ബഷീറിന്റേയും അന്‍വറിന്റേയും അപരന്മാര്‍ക്ക് പോലും സമീറ പിടിച്ച വോട്ടിന്റെ മൂന്നിലൊന്ന് പോലും നേടാനായിട്ടില്ല. ഇതെങ്ങനെ സംഭവിച്ചുവെന്നാണ് എല്ലാവരും ചികയുന്നത്. 

സമീറയെ തുണച്ചത് ചിഹ്നമാണെന്ന ഊഹം ശക്തമായിരിക്കുകയാണിപ്പോള്‍. കട്ടിങ് പ്ലയര്‍ ആയിരുന്നു സമീറയുടെ ചിഹ്നം. ഇടതു പക്ഷ സ്ഥാനാര്‍ത്ഥി പി.വി അന്‍വറിന്റേത് കത്രികയും. ചിത്രത്തില്‍ രണ്ടു ചിഹ്നങ്ങളും തെറ്റിദ്ധരിക്കപ്പെടുംവിധം സമാനതകളേറെയുണ്ട്. കത്രികയ്ക്കു ലഭിക്കേണ്ട വോട്ടുകളാണ് വഴിമാറി കട്ടിങ് പ്ലയറിനു ലഭിച്ചതെന്നാണ് സംശയം.

പൊന്നാനിയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളില്‍ സമീറ 1500-നു മുകളില്‍ വോട്ടു പിടിച്ചിട്ടുണ്ട്. തിരൂരങ്ങാടി-1673, താനൂര്‍-1664, തിരൂര്‍-2255, കോട്ടക്കല്‍-2242, തവനൂര്‍-2450, പൊന്നാനി-2815, തൃത്താല-3189 എന്നിങ്ങനെയാണ് സമീറ സ്വന്തമാക്കിയ വോട്ടുകള്‍.

പൊന്നാനിയില്‍ നേരത്തെ നല്ല വോട്ട് പിടിച്ചിരുന്ന പിഡിപിക്കു പോലും ഇത്തവണ ആകെ ലഭിച്ചത് 6,122 വോട്ടുകളാണ്. അതിലേറെ വോട്ടുകള്‍ നോട്ടയ്ക്കുണ്ട് (6231).
 

Latest News