കാസർകോട് - ഇടതുകോട്ട തകർത്ത്, കാസർകോട് പിടിച്ചടക്കിയ രാജ്‌മോഹൻ ഉണ്ണിത്താൻ ആദ്യമായെത്തിയത് കല്യോട്ട് കൊല്ലപ്പെട്ടവരുടെ വീടുകളിലും ശവകുടീരത്തിലും. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്‌ലാലും അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ നിന്നാണ് ഉണ്ണിത്താൻ എം.പിയെന്ന നിലയിലുള്ള യാത്ര തുടങ്ങിയത്.
ഇന്നലെ രാവിലെ എട്ടരയോടെ കല്യോട്ടെത്തിയ ഉണ്ണിത്താൻ കൃപേഷിന്റെയും ശരത് ലാലിന്റെയും ശവകുടീരത്തിലെത്തി പുഷ്പാർച്ചന നടത്തിയതിന് ശേഷം അവിടെ കൂടി നിന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരോട് സംസാരിച്ചു. തൊണ്ടയിടറിയ ഉണ്ണിത്താന്റെ വാക്കുകൾ മുറിഞ്ഞു പോവുകയായിരുന്നു. കല്യോട്ടെ അമ്മമാർ ചില്ലിക്കാശുകൾ സ്വരുക്കൂട്ടിയാണ് എനിക്ക് കെട്ടിവെക്കാനുള്ള തുക ഉണ്ടാക്കിയത്. ആ കാശാണ് ഞാൻ ജില്ലാ കലക്ടറെ ഏൽപിച്ച് എണ്ണിയെടുക്കാനാവശ്യപ്പെട്ടത്. ഇപ്പോൾ ഞാൻ പാർലമെന്റിൽ അംഗമായിരിക്കുന്നു. എം.പിയെന്ന നിലയിൽ എന്റെ യാത്ര ഞാൻ ഇവിടെ നിന്നും ആരംഭിക്കുന്നു. ഈ രണ്ട് കുഞ്ഞുങ്ങളുടേയും ആത്മാവിന് നിത്യശാന്തി നേരുകയാണ്. ഞാൻ മരിക്കുന്നത് വരെ എന്റെ ഹൃദയത്തിന്റെ കാൻവാസിൽ ആ കുടുംബങ്ങൾ ഉണ്ടാകും. ഉണ്ണിത്താൻ കണ്ഠമിടറി പറഞ്ഞപ്പോൾ കോൺഗ്രസ് പ്രവർത്തകരുടെ വികാര നിർഭരമായ മുദ്രാവാക്യം ഉയർന്നു. കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകളിലേക്ക് പിരിയുന്ന റോഡിൽ രാവിലെ ഇറങ്ങിയ രാജ്‌മോഹൻ ഉണ്ണിത്താനെ കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ, ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ എന്നിവർ മധുരം നൽകി സ്വീകരിച്ചു. പിന്നീട് ഇരുവരേയും ചേർത്തുപിടിച്ചാണ് ശവകുടീരത്തിലേക്ക് പുഷ്പങ്ങൾ അർപ്പിക്കാൻ പോയത്. ഇരുവരുടേയും വീടുകളിലെത്തി കുടുംബങ്ങളെ കണ്ടു. ബോംബേറിൽ തകർന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ദീപുവിന്റെ വീടും സന്ദർശിച്ചു.
അതിനിടെ ഉണ്ണിത്താന് വേണ്ടി കല്യോട്ട് ക്ഷേത്രത്തിൽ തുലാഭാര പ്രാർത്ഥന പറഞ്ഞ ശരത്‌ലാലിന്റെ പിതൃസഹോദരി തമ്പായി ഇക്കാര്യം അദ്ദേഹത്തെ അറിയിച്ചു. ഈ മാസം 31 ന് നടക്കുന്ന തുലാഭാര ചടങ്ങിനെത്താൻ അവർ അഭ്യർത്ഥിച്ചു. എത്താമെന്ന ഉറപ്പും ഉണ്ണിത്താൻ നൽകി.
കെ.പി.സി.സി സെക്രട്ടറി ജി. രതികുമാർ, യു.ഡി.എഫ് കൺവീനർ എ. ഗോവിന്ദൻ നായർ, ഡി.സി.സി ഭാരവാഹികളായ പി.കെ. ഫൈസൽ, അഡ്വ. കെ.കെ. രാജേന്ദ്രൻ, വിനോദ് കുമാർ പള്ളയിൽ വീട്, പെരിയ ബാലകൃഷ്ണൻ, ധന്യാ സുരേഷ്, പി.വി സുരേഷ്, അഡ്വ. എ. ഗോവിന്ദൻ നായർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി. രാജൻ, ബി.പി. പ്രദീപ് കുമാർ, നോയൽ ടോമിൽ ജോസ്, ജമീല അഹമ്മദ്, സാജിദ് മൗവ്വൽ, അഡ്വ. എ.കെ. ബാബുരാജ് തുടങ്ങിയവരും ഉണ്ടായിരുന്നു.