ആലപ്പുഴ- സംഘടനാകാര്യ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി എന്ന സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടങ്കിലും സിറ്റിംഗ് സീറ്റ് പോലും നിലനിർത്താനാകാത്ത കെ.സി വേണുഗോപാലിന് തെരഞ്ഞെടുപ്പിൽ തിരിച്ചടി. ആലപ്പുഴ കൈവിട്ടു പോകുന്നതിന് പ്രധാന കാരണക്കാരൻ വേണുഗോപാലാണെന്ന് പാർട്ടിക്കുള്ളിൽ സംസാരമുണ്ട്.
ഇതിനു പുറമെ വേണുഗോപാലിന് ചുമതലയുള്ള കർണാടകത്തിൽ കനത്ത ആഘാതമാണ് കോൺഗ്രസിന് ഏറ്റിരിക്കുന്നത്. കേരളം, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ അനായാസ വിജയം ലക്ഷ്യമിട്ടാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ മൂന്ന് സംസ്ഥാനങ്ങളുടെ അതിർത്തി പങ്കിടുന്ന വയനാട്ടിൽ മൽസരിപ്പിച്ചത്. ഇതിൽ കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫും തമിഴ്‌നാട്ടിൽ യു.പി.എ സഖ്യവും മിന്നുന്ന വിജയം കരസ്ഥമാക്കിയപ്പോൾ വേണുഗോപാലിന് ചുമതലയുള്ള കർണാടകത്തിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്. എ.ഐ.സി.സി ചുമതലയുടെ പേരിൽ ആലപ്പുഴയിൽ കാര്യമായ പ്രചാരണത്തിനു പോലും വേണുഗോപാൽ എത്തിയില്ല.
ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനുമായുള്ള അസ്വാരസ്യങ്ങളാണ് കെ.സി പ്രചാരണത്തിന് എത്താത്തതെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. ഇത് ശക്തമായപ്പോഴാണ് ഒരു ദിവസം റോഡ് ഷോയുമായി വേണുഗോപാൽ കളത്തിലിറങ്ങിയത്.
ന്യൂനപക്ഷ വോട്ടുകൾ ഏറെയുള്ള തീരമേഖലയാണ് റോഡ് ഷോക്ക് വേണുഗോപാൽ തെരഞ്ഞെടുത്തതും. എന്നാൽ വേണുഗോപാലിന്റെ സാന്നിധ്യം ആവശ്യമായിരുന്നത് നായർ-ഈഴവ ബെൽറ്റുകളിലായിരുന്നു. ഇവിടെ ഉപയോഗിക്കാവുന്ന സ്വാധീനമൊന്നും വേണുഗോപാൽ ഉപയോഗിച്ചില്ലെന്ന് ആക്ഷേപമുണ്ട്. വരുംദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ആരോപണ-പ്രത്യാരോപണങ്ങൾ ഉയരുമ്പോൾ വേണുഗോപാൽ പ്രതിക്കൂട്ടിലാകുമെന്നതിൽ സംശയമില്ല. സ്ഥാനാർഥി നിർണയ ഘട്ടത്തിൽ പോലും തനിക്ക് ഉയർന്ന പദവി ലഭിച്ചതിനാൽ മൽസര രംഗത്തുണ്ടാകില്ലെന്ന് പ്രഖ്യാപിക്കാതെ അവസാന നിമിഷം വരെ ആശങ്ക സൃഷ്ടിക്കാൻ കെ.സി ശ്രമിച്ചുവെന്നും ആക്ഷേപമുയരാനിടയുണ്ട്.
യു.ഡി.എഫിൽ ഇത്തരത്തിലുള്ള ചർച്ചകൾക്ക് ശക്തി വന്നു തുടങ്ങിയിട്ടുമുണ്ട്. തുടക്കത്തിൽ താനാണ് മൽസരിക്കുന്നതെന്ന് സൂചിപ്പിക്കുന്ന തരത്തിൽ ചുവരെഴുത്തും പോസ്റ്ററുകളും പതിച്ച വേണുഗോപാൽ മറ്റൊരാൾക്കുള്ള സാധ്യത പോലും തല്ലിക്കെടുത്തി. വേണുഗോപാലിന്റെ സാന്നിധ്യമുണ്ടെന്ന് മനസിലാക്കിയാണ് പി.സി വിഷ്ണുനാഥ് പോലും ആലപ്പുഴ കണ്ണ് വയ്ക്കാതെ മാറി നിന്നത്. അവസാനം വരെ വയനാട് സീറ്റിൽ നോട്ടമിട്ടിരുന്ന ഷാനിമോളെ ആലപ്പുഴയിലേക്ക് നിശ്ചയിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടു തവണ ആലപ്പുഴ എം.പിയായ കെ.സി വേണുഗോപാലിന് മണ്ഡലത്തിലേക്ക് വേണ്ടി കാര്യമായ ഒരു വികസനവും കൊണ്ടുവരാൻ കഴിഞ്ഞില്ലെന്നതും ഇത്തവണ ഷാനിമോൾക്ക് പ്രഹരമായി. 35 വർഷമായി കുരുക്കിൽ കിടക്കുന്ന ബൈപാസ് പോലും പൂർത്തിയാക്കാൻ വേണുഗോപാലിന് കഴിയാത്തതിൽ ജില്ലയിലെ യു.ഡി.എഫ് നേതൃത്വം നേരത്തെ തന്നെ അതൃപ്തിയിലാണ്. കെ.സി വേണുഗോപാലായിരിക്കും യു.ഡി.എഫ് സ്ഥാനാർഥി എന്ന് കണ്ടാണ് സി.പി.എം അരൂരിൽ എം.എൽ.എ ആയ ആരിഫിനെ രംഗത്തിറക്കിയത്. ആരിഫ് വന്നിട്ടും കെ.സി മൽസരിക്കാതെ മാറി നിന്നത് മണ്ഡലം കൈവിടുന്നതിന് കാരണമായി. കെ.സിയുടെ നിലപാട് വരും ദിവസങ്ങളിൽ കെ.പി.സി.സിയിലും ചർച്ചയാകും. 20 ട്വന്റി എന്ന റെക്കോർഡ് തകർത്തത് കെ.സിയാണെന്ന് ആക്ഷേപമുയർന്നു തുടങ്ങിയിട്ടുണ്ട്.