റിയാദ്- കാറുകൾക്ക് പിൻവശത്ത് സ്ഥാപിക്കുന്ന ലഗേജ് കാരിയർ കുട്ടകൾ വിലക്കാൻ സൗദി സ്റ്റാന്റേർഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓർഗനൈസേഷൻ തീരുമാനിച്ചു. അപകടങ്ങൾക്കും നിയമ ലംഘനങ്ങൾക്കും നിഷേധാത്മക ഫലങ്ങൾക്കും ലഗേജ് കാരിയറുകൾ ഇടയാക്കുന്ന കാര്യം കണക്കിലെടുത്താണിത്.
കാറുകൾക്കു മുകളിലെ ലഗേജ് കാരിയറുകളും സൗദി സ്റ്റാന്റേർഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓർഗനൈസേഷൻ അംഗീകരിച്ച സാങ്കേതിക മാനദണ്ഡങ്ങൾക്ക് അനുസരിച്ച ട്രെയിലറുകളും മാത്രം വാഹനങ്ങളിൽ ഉപയോഗിക്കുന്നതിന് അനുമതിയുണ്ടാകും.
കാറുകൾക്കു മുകളിലെ ലഗേജ് കാരിയറുകളും പിൻവശത്ത് ബന്ധിക്കുന്ന ട്രെയിലറുകളും കാറുകൾ നിർമിക്കുന്ന കമ്പനികളുടെ വ്യവസ്ഥകൾക്ക് നിരക്കുന്നവയായിരിക്കണമെന്നും തീരുമാനമുണ്ട്. കാറുകൾക്ക് പിന്നിൽ സ്ഥാപിക്കുന്ന ലഗേജ് കാരിയർ കുട്ടകൾ സൃഷ്ടിക്കുന്ന അപകട സാധ്യതകളിൽ നിന്ന് ഡ്രൈവർമാർക്ക് സംരക്ഷണം നൽകാൻ ലക്ഷ്യമിട്ടാണ് ഇത്തരം കുട്ടകൾക്ക് വിലക്കേർപ്പെടുത്തുന്നത്. കാറുകൾക്ക് പിന്നിൽ ലഗേജ് കാരിയർ കുട്ടകൾ സ്ഥാപിക്കുന്നവരെ പിടികൂടി ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും കുട്ട വിൽപന വിലക്കുന്നതിനും വാണിജ്യ, നിക്ഷേപ മന്ത്രാലയവും ട്രാഫിക് പോലീസും നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.