റിയാദ്- നഗരങ്ങളും ജനവാസ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുന്ന ഹൂത്തി മിലീഷ്യകൾക്കെതിരെ അന്താരാഷ്ട്ര സമൂഹം കർക്കശ നിലപാട് സ്വീകരിക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. സായുധ സംഘർഷങ്ങളിൽ സാധാരണക്കാർക്ക് സംരക്ഷണം നൽകുന്നതിനെ കുറിച്ച് യു.എൻ രക്ഷാ സമിതിയിൽ നടന്ന ചർച്ചയിൽ യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി സംഘം ഡെപ്യൂട്ടി ചാർജ് ഡി അഫയേഴ്‌സ് ഖാലിദ് മിൻസലാവിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഹൂത്തി മിലീഷ്യകൾ ഭക്ഷ്യവസ്തുക്കൾ കവരുന്നത് സാധാരണക്കാരെ പട്ടിണിയിലാക്കുകയും അവരുടെ ജീവൻ അപകടത്തിലാക്കുകയുമാണ്. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചും സാധാരണക്കാരുടെ ജീവന് പുല്ലുവില കൽപിച്ചും, സൗദി അറേബ്യയിലെ നഗരങ്ങളും ജനവാസ കേന്ദ്രങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ പിന്തുണയുള്ള ഹൂത്തി ഭീകരർ ആക്രമണങ്ങൾ നടത്തുകയാണ്. ഹൂത്തി മിലീഷ്യകളെ നിലക്കുനിർത്തുന്നതിന് അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം വഹിക്കുകയും കർക്കശ നിലപാട് സ്വീകരിക്കുകയും വേണം.
സായുധ സംഘർഷങ്ങളിൽ നിന്ന് സാധാരണക്കാർക്ക് സംരക്ഷണം നൽകുന്നതിന് സമഗ്രമായ പൊതുനിലപാട് ലോക സമൂഹം സ്വീകരിക്കണം. ലോകത്ത് നടക്കുന്ന സംഘർഷങ്ങൾ സാധാരണക്കാരെയും നിരപരാധികളെയും ദുരിതങ്ങളിലേക്ക് തള്ളിവിടുകയാണ്. അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിലേക്ക് ഇത് നയിക്കുന്നു. സംഘർഷങ്ങൾ വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശം നിഷേധിക്കുന്നു. ഫലസ്തീനികളുടെ അടിസ്ഥാന അവകാശങ്ങൾ കവർന്നും സാധാരണക്കാരുടെ സംരക്ഷണം അവഗണിച്ചുമാണ് ഗാസക്കെതിരെ ഇസ്രായിൽ ഉപരോധം ബാധകമാക്കിയിരിക്കുന്നതെന്നും ഖാലിദ് മിൻസലാവി പറഞ്ഞു.