കണ്ണൂർ -ഔദ്യോഗിക പരിപാടിക്കെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ 87 പ്രതികൾ കോടതിയിൽ ഹാജരായി. കേസ് ഡിസംബർ 20 ലേക്കു മാറ്റി. കേസിൽ 114 പ്രതികളാണുള്ളത്. മുഴുവൻ പ്രതികളും ഹാജരാവണമെന്ന് കണ്ണൂർ അഡീഷണൽ സബ് കോടതി നിർദ്ദേശിച്ചിരുന്നു.
2013 ഒക്‌ടോബർ 27 നു പോലീസ് അസോസിയേഷൻ സംസ്ഥാന കായികമേളയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കു നേരെ ആക്രമണം നടന്നത്. കരിങ്കൊടി കാട്ടിയെത്തിയ സി.പി.എം പ്രവർത്തകർ മുഖ്യമന്ത്രിയുടെ കാറിനു നേരെ കല്ലെറിയുകയും അദ്ദേഹത്തെ പരിക്കേൽപിക്കുകയുമായിരുന്നു. കല്ലേറിൽ പരിക്കേറ്റ ഉമ്മൻ ചാണ്ടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സ തേടുകയും ചെയ്തിരുന്നു. ഉമ്മൻ ചാണ്ടിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന കെ.സി.ജോസഫ്, ടി.സിദ്ദിഖ് എന്നിവർക്കും പരിക്കേറ്റിരുന്നു.
ഈ കേസിൽ രണ്ട് എം.എൽ.എമാർ ഉൾപ്പെടെ നൂറിലധികം പേർക്കെതിരെയാണ് ടൗൺ പോലീസ് കേസെടുത്തിരുന്നത്. ഇവരിൽ ചിലരെ അറസ്റ്റു ചെയ്യുകയും മറ്റു ചിലർ പോലീസിൽ കീഴടങ്ങുകയും ചെയ്തു. പ്രതികളെല്ലാവരും ജാമ്യത്തിലിറങ്ങിയിരിക്കയാണ്. ആക്രമണവുമായി ബന്ധപ്പെട്ട് ആറു പ്രതികൾക്കെതിരെയാണ് വധശ്രമത്തിനു കേസെടുത്തിട്ടുള്ളത്. മറ്റു പ്രതികൾക്കെതിരെ അന്യായമായി സംഘം ചേരൽ, ഗതാഗതം തടസ്സപ്പെടുത്തൽ, പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്.
കേസിലെ ഒന്നും രണ്ടും പ്രതികളായിരുന്ന പയ്യന്നൂർ എം.എൽ.എ സി.കൃഷ്ണൻ, മുൻ എം.എൽ.എ കെ.കെ.നാരായണൻ എന്നിവർ ഇന്നലെ കോടതിയിൽ ഹാജരായില്ല. ഇവർക്കെതിരെ അന്യായമായി സംഘം ചേരലിനാണ് കേസെടുത്തത്. കോടതിയിൽ ഹാജരായ പ്രതികളെ ഓരോരുത്തരെയും പേരു വിളിച്ചാണ് കേസ് പരിഗണിച്ചത്. 114 പ്രതികളിൽ ഒരാൾ ഇതിനകം മരണപ്പെട്ടിരുന്നു. ഇടതു നേതാക്കളായ പി.കെ.ശബരീഷ്, ഹമീദ് ഇരിണാവ്, അഡ്വ.നിസാർ അഹമ്മദ് തുടങ്ങിയവർ കേസിൽ പ്രതികളാണ്. കേസ് പരിഗണിക്കുന്ന സാഹചര്യത്തിൽ പ്രതികൾക്കു പുറമെ, നിരവധി സി.പി.എം പ്രവർത്തകരും കോടതി പരിസരത്തെത്തിയിരുന്നു.