തബൂക്ക് - ഈജിപ്തുകാരന്റെ ധീരത തബൂക്കിലെ ജനവാസ കേന്ദ്രത്തെ വൻ ദുരന്തത്തിൽ നിന്ന് രക്ഷിച്ചു. ഷെവൽ ഡ്രൈവറായി ജോലി ചെയ്യുന്ന ജമാൽ മുഹമ്മദ് ബയൂമി ആണ് ഒരു പ്രദേശത്തെ മുഴുവൻ വൻ ദുരന്തത്തിൽ നിന്ന് രക്ഷിച്ചത്. പെട്രോൾ ബങ്കിനകത്തു വെച്ച് തീ പടർന്നുപിടിച്ച കാർ താൻ ഓടിച്ച ഷെവൽ ഉപയോഗിച്ച് ഈജിപ്തുകാരൻ ദൂരേക്ക് തള്ളിനീക്കുകയായിരുന്നു.
അഗ്നിശമന സിലിണ്ടറുകൾ ഉപയോഗിച്ച് കാറിലെ തീയണക്കുന്നതിന് മറ്റുള്ളവർ നടത്തിയ ശ്രമം വിജയിച്ചിരുന്നില്ല. ഈ സമയത്താണ് പ്രദേശത്തു കൂടി ഷെവലുമായി ഈജിപ്തുകാരൻ എത്തിയത്. ബങ്കിനകത്തു വെച്ച് കാറിൽ തീ ആളിപ്പടരുന്നത് കണ്ട ഈജിപ്തുകാരൻ മറ്റൊന്നും ആലോചിക്കാതെ ഷെവലുമായി കുതിച്ചെത്തി തീ ആളിപ്പടർന്ന കാർ ബങ്കിൽനിന്ന് പുറത്തേക്ക് തള്ളിനീക്കി. ബങ്കിന് പുറത്തെത്തിച്ച കാർ ഈജിപ്തുകാരൻ പിന്നീട് അൽപമകലെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് തീയണക്കുന്നതിന് കാർ മണ്ണിട്ട് മൂടുകയായിരുന്നു. ഈജിപ്തുകാരന്റെ ധീരതയെ പ്രശംസിച്ച് സിവിൽ ഡിഫൻസ് ട്വിറ്ററിൽ സന്ദേശം പോസ്റ്റ് ചെയ്തു. ഈജിപ്തുകാരനുമായി ഫോണിൽ ബന്ധപ്പെട്ടും സിവിൽ ഡിഫൻസ് നന്ദിയും കൃതജ്ഞതയും അറിയിച്ചു. വൈകാതെ ഈജിപ്തുകാരനെ സിവിൽ ഡിഫൻസ് പ്രത്യേകം ആദരിക്കുമെന്നാണ് കരുതുന്നത്.