ആലപ്പുഴ- സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയെന്ന സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏല്‍പിച്ച ആഘാതത്തിലാണ് കെ.സി വേണുഗോപാല്‍. ആലപ്പുഴ കൈവിട്ടു പോയതിന് പ്രധാന കാരണക്കാരന്‍ വേണുഗോപാലാണെന്ന് സംഘടനക്കുള്ളില്‍ ആരോപണമുയര്‍ന്നു.
ഇതിനു പുറമെ വേണുഗോപാലിന് സംഘടനാ ചുമതലയുള്ള കര്‍ണാടകയില്‍ കോണ്‍ഗ്രസിന് കനത്ത ആഘാതമാണേറ്റിരിക്കുന്നത്. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ അനായാസ വിജയം ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ മൂന്ന് സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന വയനാട്ടില്‍ മല്‍സരിപ്പിച്ചത്. ഇതില്‍ കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫും തമിഴ്‌നാട്ടില്‍ യു.പി.എ സഖ്യവും മിന്നുന്ന വിജയം കരസ്ഥമാക്കിയപ്പോള്‍ വേണുഗോപാലിന് ചുമതലയുള്ള കര്‍ണാടകത്തില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. എ.ഐ.സി.സി ചുമതലയുടെ പേരില്‍ ആലപ്പുഴയില്‍ കാര്യമായ പ്രചാരണത്തിനു പോലും വേണുഗോപാല്‍ എത്തിയില്ല.
ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനുമായുള്ള അസ്വാരസ്യങ്ങളാണ് കെ.സി പ്രചാരണത്തിന് എത്താത്തതെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. ഇത് ശക്തമായപ്പോഴാണ് ഒരു ദിവസം റോഡ് ഷോയുമായി വേണുഗോപാല്‍ കളത്തിലിറങ്ങിയത്. ന്യൂനപക്ഷ വോട്ടുകള്‍ ഏറെയുള്ള തീരമേഖലയാണ് റോഡ്‌ഷോയ്ക്ക് വേണുഗോപാല്‍ തെരഞ്ഞെടുത്തതും. എന്നാല്‍ വേണുഗോപാലിന്റെ സാന്നിധ്യം ആവശ്യമായിരുന്നത് നായര്‍-ഈഴവ ബെല്‍റ്റുകളിലായിരുന്നു. ഇവിടെ ഉപയോഗിക്കാവുന്ന സ്വാധീനമൊന്നും വേണുഗോപാല്‍ ഉപയോഗിച്ചില്ലെന്ന് ആക്ഷേപമുണ്ട്. വരുംദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ആരോപണ-പ്രത്യാരോപണങ്ങള്‍ ഉയരുമ്പോള്‍ വേണുഗോപാല്‍ പ്രതിക്കൂട്ടിലാകുമെന്നതില്‍ സംശയമില്ല. സ്ഥാനാര്‍ഥി നിര്‍ണയ ഘട്ടത്തില്‍പ്പോലും തനിക്ക് ഉയര്‍ന്ന പദവി ലഭിച്ചതിനാല്‍ മല്‍സര രംഗത്തുണ്ടാകില്ലെന്ന് പ്രഖ്യാപിക്കാതെ അവസാന നിമിഷം വരെ ആശങ്ക സൃഷ്ടിക്കാന്‍ കെ.സി ശ്രമിച്ചുവെന്നും ആക്ഷേപമുയരാനിടയുണ്ട്.
യു.ഡി.എഫില്‍ ഇത്തരം ചര്‍ച്ചകള്‍ ശക്തിപ്പെട്ടു തുടങ്ങിയിട്ടുമുണ്ട്. തുടക്കത്തില്‍ താനാണ് മത്സരിക്കുന്നതെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ ചുവരെഴുത്തും പോസ്റ്ററുകളും പതിച്ച വേണുഗോപാല്‍ മറ്റൊരാള്‍ക്കുള്ള സാധ്യത പോലും തല്ലിക്കെടുത്തി. വേണുഗോപാലിന്റെ സാന്നിധ്യമുണ്ടെന്ന് മനസ്സിലാക്കിയാണ് പി.സി വിഷ്ണുനാഥ് പോലും ആലപ്പുഴയില്‍ കണ്ണ് വെക്കാതെ മാറി നിന്നത്. അവസാനം വരെ വയനാട് സീറ്റില്‍ നോട്ടമിട്ടിരുന്ന ഷാനിമോളെ ആലപ്പുഴയിലേക്ക് നിശ്ചയിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടു തവണ ആലപ്പുഴ എം.പിയായ കെ.സി വേണുഗോപാലിന് മണ്ഡലത്തില്‍ കാര്യമായ ഒരു വികസനവും കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്നതും ഷാനിമോള്‍ക്ക് പ്രഹരമായി. 35 വര്‍ഷമായി കുരുക്കില്‍ കിടക്കുന്ന ബൈപാസ് പോലും പൂര്‍ത്തിയാക്കാന്‍ വേണുഗോപാലിന് കഴിയാത്തതില്‍ ജില്ലയിലെ യു.ഡി.എഫ് നേതൃത്വം നേരത്തെ തന്നെ അതൃപ്തിയിലാണ്. കെ.സി വേണുഗോപാലായിരിക്കും യു.ഡി.എഫ് സ്ഥാനാര്‍ഥി എന്ന് കണ്ടാണ് സി.പി.എം അരൂരില്‍ എം.എല്‍.എ ആയ ആരിഫിനെ രംഗത്തിറക്കിയത്. ആരിഫ് വന്നിട്ടും കെ.സി മല്‍സരിക്കാതെ മാറിനിന്നത് മണ്ഡലം കൈവിടുന്നതിന് കാരണമായി. കെ.സിയുടെ നിലപാട് വരും ദിവസങ്ങളില്‍ കെ.പി.സി.സിയിലും ചര്‍ച്ചയാകും.