തൃശൂർ - കൃഷിമന്ത്രിയുടെ മണ്ഡലത്തിൽ മൂന്നാമതായതിന്റെ ഷോക്കിലാണ് സി.പി.ഐ. തൃശൂർ ലോക്‌സഭ മണ്ഡലത്തിലെ തൃശൂർ നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി എൻ.ഡി.എയുടെ സുരേഷ്‌ഗോപി രണ്ടാമനായത് എൽ.ഡി.എഫ് നേതൃത്വത്തേയും സി.പി.ഐയേയും അമ്പരപ്പിച്ചിരിക്കുകയാണ്.
വോട്ടെണ്ണലിന്റെ പല ഘട്ടങ്ങളിലും ബി.ജെ.പി തൃശൂർ ലോക്‌സഭ മണ്ഡലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ കയറിയിറങ്ങിയൊടുവിലാണ് രണ്ടാം സ്ഥാനം ബി.ജെ.പി ഉറപ്പിച്ചത്. വോട്ടെണ്ണലിന്റെ നിർണായക ഘട്ടത്തിൽ തൃശൂർ നിയോജകമണ്ഡലത്തിൽ ബി.ജെ.പി ഒന്നാമതെത്തി. പതിനൊന്നരയോടെയാണ് ബി.ജെ.പി തൃശൂർ നിയമസഭ മണ്ഡലത്തിൽ ഒന്നാം സ്ഥാനത്തെത്തിയത്. 17,520 വോട്ട് നേടി മുന്നിലെത്തിയ സുരേഷ്‌ഗോപിക്ക് പിന്നിൽ 15,873 വോട്ടുമായി ടി.എൻ.പ്രതാപനു തൊട്ടുപിന്നിൽ 11,077 വോട്ടുമായി രാജാജിയുമുണ്ടായിരുന്നു.
രണ്ടായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് സുരേഷ്‌ഗോപി ഈ സമയത്ത് തൃശൂർ നിയോജകമണ്ഡലത്തിൽ നേടിയത്. എന്നാൽ പതിനൊന്നേ മുക്കാലോടെ ഈ ഭൂരിപക്ഷം വെറും പത്തു വോട്ടിന്റേതായി. തുടർന്ന് വോട്ടെണ്ണൽ മുന്നേറിയതോടെ പ്രതാപൻ സുരേഷ്‌ഗോപിയെ മറികടന്ന് ഒന്നാമതായി. എന്നാൽ മൂന്നാംസ്ഥാനത്തു നിന്ന് രാജാജിക്ക് രണ്ടാം സ്ഥാനത്തേക്ക് കയറിവരാൻ സാധിച്ചതുമില്ല. ഒന്നരയോടെ സ്ഥിതി വീണ്ടും മാറി. സുരേഷ്‌ഗോപിയെ മൂന്നാമനാക്കി രാജാജി രണ്ടാം സ്ഥാനത്തേക്ക് കയറി. എന്നാൽ അവസാന മണിക്കൂറുകളിൽ ലീഡുയർത്തി സുരേഷ്‌ഗോപി തൃശൂർ നിയമസഭ മണ്ഡലത്തിൽ രാജാജി മാത്യുതോമസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാമനായി.
സി.പി.ഐയുടെ മന്ത്രി കൂടിയായ അഡ്വ.വി.എസ്.സുനിൽകുമാറിന്റെ നിയമസഭ മണ്ഡലം കൂടിയാണ് തൃശൂരെന്നത് രാജാജി മൂന്നാമതായ സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്.