തലശ്ശേരി- കെ.എം.സി.സി നേതാവിന്റെ വീടിന് നേരെ തലശേരിയിൽ അക്രമം. മജീദ് പാത്തിപ്പാലത്തിന്റെ വീടിന് നേരെയാ ണ് വ്യാഴാഴ്ച രാത്രിയിൽ അക്രമമുണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ സംഘം വീട്ടിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചെങ്കിലും അക്രമികളെ കണ്ട ഉടൻ വീട്ടുകാർ വാതിൽ അടച്ചതിനാൽ സാധിച്ചിട്ടില്ല. വീട്ട് മുറ്റത്ത് നിർത്തിയിട്ട കാറിന്റെ ചില്ല് തകർത്താണ് അക്രമിസംഘം പിന്തിരിഞ്ഞത്. പ്രവാസി നേതാവിന്റെ വീടിന് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധം ശക്തമായി. ദുബായ് കെ.എം സി.സി. നോർക്ക വഴിയും അധികൃതർക്ക് പരാതി നൽകി. പാനൂർ സി.ഐ.പി.പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. യു.ഡി.എഫ്. നേതാക്കളായ പൊട്ടങ്കണ്ടി അബ്ദുള്ള വി.സുരേന്ദ്രൻ മാസ്റ്റർ, പി.പി.എ സലാം, പി.കെ.ഷാഹുൽ ഹമീദ്,കെ.പി.സാജു, കെ.പി.ഹാഷിം, കെ.എം.സി.സി. സ്‌റ്റേറ്റ് പ്രസിഡൻറ് ഇബ്രാഹിം എളേറ്റിൽ, ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങര, സ്‌റ്റേറ്റ് ട്രഷറർ പി.കെ. ഇസ്മയിൽ, ജില്ലാ ട്രഷറർ കെ.വി.ഇസ്മയിൽ, കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് പി.വി.ഇസ്മയിൽ, ജനറൽ സിക്രട്ടറി സിദ്ദിഖ് മരുന്നൻ ട്രഷറർ പി.വി.റയീസ്, പ്രവാസി ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് കെ.സി കുഞ്ഞബ്ദുള്ള ഹാജി തുടങ്ങിയവർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.