Sorry, you need to enable JavaScript to visit this website.

കോഴിക്കോട് സി.പി.എം നേരിടുന്നത് കനത്ത വെല്ലുവിളി

കോഴിക്കോട് - കോഴിക്കോട് എം.കെ രാഘവൻ വൻ ഭൂരിപക്ഷത്തോടെ ഹാട്രിക് വിജയം കൊയ്യുകയും വടകരയിൽ പി.ജയരാജൻ പരാജയപ്പെടുകയും ചെയ്യുമ്പോൾ ജില്ലയിൽ സി.പി.എം നേരിടുന്നത് കനത്ത തിരിച്ചടി. സഖ്യകക്ഷിയായിരുന്ന ജനതാദൾ മുന്നണി വിട്ടതും ഒഞ്ചിയത്ത് ടി.പി ചന്ദ്രശേഖരന്റെ വധവുമാണു സി.പി.എമ്മിന്റെ മണ്ഡലമായ കോഴിക്കോടും വടകരയും കൈവിടുന്നതിലേക്കു കാര്യങ്ങൾ എത്തിച്ചത്. മുൻ ജനതാദൾ ആയ എൽ ജെ ഡി മുന്നണിയിൽ തിരിച്ചെത്തിയിട്ടും കൈവിട്ട മണ്ഡലങ്ങൾ തിരിച്ചു പിടിക്കാൻ കഴിഞ്ഞില്ലെന്നത് സി.പി.എമ്മിന്റെ ജില്ലയിലെ സ്വാധീന ശക്തിയെ ചോദ്യം ചെയ്യുന്നതാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ജില്ലയിൽ 13 അസംബ്ലി മണ്ഡലങ്ങളിൽ രണ്ടു മണ്ഡലങ്ങൾ മാത്രമാണു യു.ഡി.എഫിനു ലഭിച്ചത്. കോഴിക്കോട് സൗത്തും കുറ്റിയാടിയും മാത്രം. നിയമസഭയിൽ ഇടതുപക്ഷത്തിനു മികച്ച വിജയം സമ്മാനിച്ച വടകര, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് നോർത്ത്, ബേപ്പൂർ, കുന്ദമംഗലം, കൊടുവള്ളി, തിരുവനമ്പാടി എന്നിവയെല്ലാം പാർലിമെന്റു തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ കൈവെടിഞ്ഞു. മുന്നണിവിട്ട വീരേന്ദ്രകുമാറിന്റെ എൽ.ജെ.ഡി തിരിച്ചെത്തിയതോടെ പാർലിമെന്റിൽ ഭൂരിപക്ഷം കരസ്ഥമാക്കാമെന്ന പ്രതീക്ഷയാണ് ഇപ്പോൾ കൈവിട്ടു പോയിരിക്കുന്നത്. 
തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പു കാസർക്കോട് രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതോടെ സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയർന്നു നിൽക്കുകയായിരുന്നു. ഈ ഘട്ടത്തിൽ ജനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ വടകരയിൽ മൽസരിപ്പിക്കാൻ കൊണ്ടുവന്നത്. പാർട്ടി അനുഭാവികൾ പോലും ചോദ്യം ചെയ്ത സംഗതിയായി ഇതുമാറി.
ടി.പി.ചന്ദ്രശേഖരന്റെ വികാരം ഉൾക്കൊള്ളുന്ന വടകരയിൽ ഇത്തരമൊരാൾ മൽസരിക്കാനെത്തുന്ന സാഹചര്യത്തിൽ ആർ.എം.പി ഐ പരസ്യമായി യു.ഡി.എഫിനു പിൻതുണ നൽകുന്ന അവസ്ഥയുണ്ടായി. മാത്രമല്ല, കൊലപാതക രാഷ്ട്രീയം സംസ്ഥാന വ്യാപകമായി ചർച്ച ചെയ്യുന്ന തരത്തിലേക്ക് ഈസ്ഥാനാർഥിത്വം വഴിയൊരുക്കി. കൊലപാതക രാഷ്ട്രീയത്തിന്റെ പേരിൽ സിപിഎമ്മിനെതിരെ ഉയർന്നു വരുന്ന ആരോപണങ്ങൾ തള്ളിക്കളയാൻ ജയരാജന്റെ വിജയം വഴിയൊരുക്കുമെന്ന സി.പി.എം കണക്കുകൂട്ടലിനു കിട്ടിയ തിരിച്ചടിയാണ് ജയരാജന്റെ പരാജയം. ജയരാജനെ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു നാടുകടത്താനുള്ള ആസൂത്രണായിരുന്നു വടകരയിലെ സ്ഥാനാർഥിത്വം എന്ന ആരോപണവും തിരഞ്ഞെടുപ്പു രംഗത്തു മുഴച്ചു നിന്നു.
കെ മുരളീധരൻ മൽസരിക്കാനെത്തിയതോടെ കനത്ത പോരാട്ടത്തിനു വഴിയൊരുങ്ങിയപ്പോൾ തന്നെ ജയരാജന്റെ പരാജയം ഏതാണ്ട് ഉറപ്പായിരുന്നു. കോഴിക്കോട് ജനകീയനായ സിറ്റിങ്ങ് എം.പി രാഘവനെ നേരിടാൻ വ്യക്തിഹത്യയെ കൂട്ടുപിടിച്ചത് അദ്ദേഹത്തിനു ജനങ്ങളുടെ സഹതാപം ലഭിക്കാൻ ഇടയാക്കി. 
കൈവിട്ടു പോയ മണ്ഡലം തിരിച്ചു പിടിക്കാൻ കോഴിക്കോട്ടെ ജനപ്രിയ എം.എൽ.എ എ. പ്രദീപ്കുമാറിനെ രംഗത്തിറക്കിയിട്ടും സാധിക്കാതെ പോകുമ്പോൾ കോഴിക്കോട്, വടകര മണ്ഡലങ്ങൾ ഇടതുമുന്നണിയുടെ കൈയിൽ നിന്നും സി പി എമ്മിൽ നിന്നും കൂടുതൽ അകലേക്ക് പോകുകയാണ് ഉണ്ടായത്.

Latest News