ന്യൂദല്‍ഹി- നാല് ജഡ്ജിമാരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്താനുള്ള സുപ്രീംകോടതി കൊളീജിയം ശുപാര്‍ശക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസ്, ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ, ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണ ഗവായ്, ഹിമാചല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് എന്നിവരെയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചത്. നിയമനത്തിന് രാഷ്ട്രപതി അംഗീകാരം നല്‍കി.
ഇതോടെ സുപ്രീം കോടതിയുടെ ചരിത്രത്തിലെ രണ്ടാമത്തെ ദലിത് ചീഫ് ജസ്റ്റിസാകാനുള്ള നിയോഗമാണ് ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണ ഗവായയെ തേടിയെത്തുക. മലയാളിയായ ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനായിരുന്നു ആദ്യത്തെ ദലിത് ചീഫ് ജസ്റ്റിസ്. ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് ശേഷം 2025ല്‍ ആയിരിക്കും ഗവായി ചീഫ് ജസ്റ്റിസ് ആകുക.
നേരത്തെ അനിരുദ്ധ ബോസ്, എ.എസ് ബൊപ്പണ്ണ എന്നിവരെ ചീഫ് ജസ്റ്റിസുമാരായി നിയമിക്കാനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മേഖലാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കൊളീജിയത്തിന് തിരിച്ചയച്ചിരുന്നു. ജഡ്ജിമാരുടെ സീനിയോറിറ്റിയാണ് പ്രധാനമെന്ന് ചൂണ്ടിക്കാട്ടി കൊളീജിയം വീണ്ടും ശൂപാര്‍ശ കേന്ദ്രത്തിന് നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രം നിയമനത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്.
അഖിലേന്ത്യാ തലത്തില്‍ ഹൈക്കോടതി ജഡ്ജിമാരുടെ സീനിയോറിറ്റിയില്‍ 12ാമതാണ് അനിരുദ്ധ ബോസിന്റെ സ്ഥാനം. ബൊപ്പണ്ണയുടെ സ്ഥാനം 36ാമതാണ്. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിലവിലുള്ള 27ല്‍ നിന്ന് 31 ആയി ഉയര്‍ന്നു. പുതിയ ജഡ്ജിമാര്‍ ഈയാഴ്ച സത്യപ്രതിജ്ഞ ചെയ്യും.