റിയാദ് - സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട് അടച്ചുപൂട്ടിയ സൗദി ഓജർ കമ്പനിക്ക് 2,160 കോടി റിയാലിന്റെ കടങ്ങളുള്ളതായി റിയാദ് എൻഫോഴ്‌സ്‌മെന്റ് കോടതി കണ്ടെത്തി. കമ്പനിയിൽനിന്ന് വീണ്ടെടുക്കുന്ന പണം സൂക്ഷിക്കുന്നതിനുള്ള കോടതി അക്കൗണ്ടിൽ ആകെ 8.37 കോടി റിയാൽ മാത്രമാണുള്ളത്. കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകളിൽ 1,71,320 റിയാലുമുണ്ട്.
കമ്പനിയുടെ ആസ്തികൾ വിൽപന നടത്തുന്നതിന് കോടതി പുതിയ ഉത്തരവുകൾ പുറപ്പെടുവിച്ചു. സൗദി ഓജർ കമ്പനിക്കെതിരായ വിധികൾ നടപ്പാക്കികിട്ടുന്നതിന് ആറായിരം അപേക്ഷകൾ റിയാദ് എൻഫോഴ്‌സ്‌മെന്റ് കോടതിക്ക് ലഭിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളും സ്ഥാപനങ്ങളും ബാങ്കുകളും നൽകിയ അപേക്ഷകൾ ഇവക്കു പുറമെയാണ്.
സൗദി ഓജർ കമ്പനിയുമായുള്ള സാമ്പത്തിക തർക്കങ്ങൾ രമ്യമായി പരിഹരിക്കുന്ന കാര്യത്തിൽ ധാരണയിലെത്തുന്നതിന് കടങ്ങൾ നൽകിയവർക്ക് സാധിച്ചിട്ടില്ല. ഇതേ തുടർന്ന് കടക്കാരുടെയും കമ്പനിയിൽനിന്ന് വേതനവും സർവീസ് ആനുകൂല്യങ്ങളുമടക്കം പണം ലഭിക്കാനുള്ള ജീവനക്കാരുടെയും ബാധ്യതകൾ വീട്ടുന്നതിന് സെറ്റിൽമെന്റ് വിദഗ്ധനെ കോടതി നിയമിച്ചിട്ടുണ്ട്. കമ്പനിയുടെ ആസ്തികളെക്കാൾ ഏറെ കൂടുതലാണ് കടങ്ങൾ.
ബാങ്കുകളിലുള്ള കമ്പനി അക്കൗണ്ടുകളിൽ എത്ര പണമുണ്ടെന്ന് അറിയുന്നതിന് കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റിക്ക് കോടതി കത്തയച്ചിരുന്നു. കമ്പനി അക്കൗണ്ടുകളിൽ ആകെ 1,71,320 റിയാൽ മാത്രമാണുള്ളതെന്ന് കേന്ദ്ര ബാങ്ക് അറിയിച്ചു. അഞ്ചു വസ്തുക്കളുടെ പ്രമാണങ്ങൾ കമ്പനി ധനമന്ത്രാലയത്തിൽ പണയം വെച്ചതായും കണ്ടെത്തിയിട്ടുണ്ട്.