ഇടുക്കി- എസ്.എസ്.എൽ.സി പരീക്ഷക്ക് ഉന്നത വിജയം നേടിയ 15 കാരന് നാട്ടുകാർ നൽകിയ പണം അച്ഛന് മദ്യപിക്കാൻ നൽകാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ കുട്ടിക്ക് കുത്തേറ്റു. തിങ്കളാഴ്ച രാത്രി മുനിയറ ചുരുളിയിലാണ് സംഭവം.
കുട്ടിയുടെ പരാതിയെ തുടർന്ന് അച്ഛനെതിരെ ജെ.ജെ ആക്ട് 75 പ്രകാരം വെള്ളത്തൂവൽ പോലീസ് കേസെടുത്തു. പ്രതി ഒളിവിൽ പോയതായാണ് പോലീസ് നൽകുന്ന വിവരം. എസ്.എസ്.എൽ.സി പരീക്ഷയിൽ 8 എ പ്ലസ് നേടി വിജയിച്ച കുട്ടി സാമ്പത്തികമായി തീരെ മോശം കുടുംബത്തിൽ നിന്നുള്ളതാണ്. ഇത് മനസിലാക്കിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പിരിവെടുത്ത് കുട്ടിക്ക് തുടർ പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി പണം നൽകിയിരുന്നു. ഇത് ചോദിച്ച് അച്ഛൻ വീട്ടിൽ പതിവായി വഴക്കിട്ടിരുന്നു. തിങ്കളാഴ്ച രാവിലെ പണം ചോദിച്ച ശേഷം അച്ഛൻ പുറത്ത് പോയി. വൈകിട്ട് മദ്യപിച്ച് തിരിച്ചെത്തി വീണ്ടും പണം ആവശ്യപ്പെട്ടു. ഇത് നൽകാതെ വന്നതോടെ അടുക്കളയിൽ പോയി കത്തിയെടുത്തു കൊണ്ടുവന്ന് കുട്ടിയെ ആക്രമിക്കുകയായിരുന്നു. കുട്ടി കൈകൊണ്ട് തട്ടി മാറ്റിയതിനാൽ കത്തി മുഖത്താണ് കൊണ്ടത്. മുറിവേറ്റ് കുട്ടി കരഞ്ഞതോടെ അച്ഛൻ ഓടി രക്ഷപ്പെടുകയായിരുന്നു.