തലശ്ശേരി- ഇരിട്ടി കീഴൂരിലെ സി.പി.എം പ്രവർത്തകൻ കോട്ടത്തിക്കുന്ന് കാണിക്കൽ വളപ്പിൽ യാക്കൂബിനെ (24) ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ച് ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരെ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്ജ് ആർ.എൽ ബൈജു ജീവപര്യന്തം കഠിന തടവിനും പിഴയടക്കാനും ശിക്ഷിച്ചു. കേസിൽ പ്രതിയായിരുന്ന ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി ഉൾപ്പെടെ കേസിൽ പ്രതികളായിരുന്ന 11 പേരെ കോടതി കുറ്റ വിമുക്തരാക്കി. പന്ത്രണ്ട് വർഷത്തിന് ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത്. ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി കേസിലെ 12-ാം പ്രതിയായിരുന്നു. ഗുഢാലോചന കുറ്റമാണ് ചുമത്തിയിരുന്നത്.
കേസിലെ ഒന്നു മുതൽ അഞ്ച് വരെ പ്രതികളായിരുന്ന ഇരിട്ടി കീഴൂർ മീത്തലെ പുന്നാട്ടെ ദീപം ഹൗസിൽ വിലങ്ങേരി ശങ്കരൻ മാസ്റ്റർ(48) അനുജൻ വിലങ്ങേരി മനോഹരൻ എന്ന മനോജ് (42) തില്ലങ്കേരി ഊർപ്പള്ളിയിലെ പുതിയ വീട്ടിൽ ടി.വി വിജേഷ് (38) കീഴൂർ കോട്ടത്തെകുന്നിലെ കൊടേരി പ്രകാശൻ എന്ന ജോക്കർ പ്രകാശൻ(48) കീഴൂർ പുന്നാട് കാറാട്ട് ഹൗസിൽ പി.കാവ്യേഷ് എന്ന കാവ്യേഷ് പുന്നാട്(40) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമം 302- ാം വകുപ്പായ കൊലപാതക കുറ്റത്തിന് അഞ്ച് പ്രതികളും ജീവപര്യന്തം കഠിന തടവും 50,000 രൂപ വീതം പിഴയുമടക്കണം. പിഴയടച്ചില്ലെങ്കിൽ പ്രതികൾ ഒരു വർഷം അധിക തടവ് അനുഭവിക്കണം. പിഴസംഖ്യ പ്രതികൾ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയിൽ അടക്കണം. കൊല്ലപ്പെട്ട യാക്കൂബിന്റെ ആശ്രിതർക്ക് നിയമനടപടി പ്രകാരം പിഴ സംഖ്യ അവർക്ക് നൽകാമെന്നും വിധിന്യായത്തിൽ പറയുന്നു. കേസിലെ മുഴുവൻ പ്രതികളും ഇന്ത്യൻ ശിക്ഷാ നിയമം 143 പ്രകാരം ആറ് മാസവും 147 പ്രകാരം രണ്ട് വർഷവും 447 പ്രകാരം മൂന്ന് മാസവും തടവ് അനുഭവിക്കണം. ഇന്ത്യൻ ശിക്ഷാ നിയമം 324 പ്രകാരം മുഴുവൻ പ്രതികളും രണ്ട് വർഷം തടവ് ശിക്ഷ അനുഭവിക്കണം. കേസിലെ നാലാം പ്രതി പ്രകാശൻ ഒഴികെയുള്ള നാല് പ്രതികളും ഇന്ത്യൻ ശിക്ഷാ നിയമം 148 പ്രകാരം മൂന്ന് വർഷം കഠിന തടവ് അനുഭവിക്കണം. കേസിലെ ഒന്ന്, അഞ്ച് പ്രതികളായ ശങ്കരൻ മാസ്റ്റർ, കാവ്യേഷ് പുന്നാട് എന്നിവരെ എക്‌സ്‌പ്ലോസീവ് ആക്ട് 3,5 പ്രകാരം 10 വർഷം കഠിന തടവിനും 10,000 രൂപ പിഴയുമടക്കാനും കോടതി ഉത്തരവിട്ടു. പ്രതികൾ പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി അധിക തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. ബുധനാഴ്ച കാലത്ത് അഞ്ച് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി പ്രതികൾക്കുള്ള ശിക്ഷ വൈകിട്ട് നാല് മണിക്കാണ് പ്രഖ്യാപിച്ചത്.
ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി ഉൾപ്പെടെ 16 പേരാണ് കേസിലെ പ്രതികളായുണ്ടായിരുന്നത.് 2006 ജൂൺ 13ന് രാത്രി 9.15നാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കൾക്കൊപ്പം പുതിയ പുരയിൽ ജമീലയുടെ വീട്ടു വരാന്തയിൽ ഇരിക്കുന്ന സമയത്താണ് പ്രതികൾ ആയുധങ്ങളുമായെത്തി അക്രമം നടത്തിയത്. ഇരുമ്പുവടി, വടിവാൾ തുടങ്ങിയ ആയുധങ്ങളും ബോംബുമായെത്തിയ സംഘം നടത്തിയ അക്രമത്തിൽ കല്ലിക്കണ്ടി ബാബുവിനും സഹോദരൻ കല്ലിക്കണ്ടി സുഭാഷിനും പരിക്കേറ്റിരുന്നു. അക്രമി സംഘം എറിഞ്ഞ ബോംബ് യാക്കൂബിന്റെ തലയിൽ പതിക്കുകയും യാക്കൂബ് തലശ്ശേരി ജനറലാശുപത്രിയിലേക്കുള്ള വഴി മധ്യേ മരിക്കുകയുമായിരുന്നു. സംഭവത്തിനിടെ രണ്ട് സി.പി.എം പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.
കേസിലെ ആറ് മുതൽ 16 വരെ പ്രതികളായിരുന്ന മീത്തലെ പുന്നാടെ മായ നിവാസിൽ പന്നിയോടൻ ജയകൃഷ്ണൻ(39), പുന്നാട് ,കുറ്റിയാടൻ ഹൗസിൽ ദിവാകരൻ(59) കോട്ടത്തെകുന്നിൽ സിന്ധു നിലയത്തിൽ എസ്.ടി സുരേഷ് (48)്,അനുജൻ എസ്.ടി സജീഷ്(37) കീഴൂർ പാറേങ്ങാട്ടെ പള്ളി ആശാരി വീട്ടിൽ പി.കെ പവിത്രൻ എന്ന ആശാരി പവി(48) തില്ലങ്കേരി കാരക്കുന്നുമ്മൽ വീട്ടിൽ കെ.കെ പപ്പൻ എന്ന പത്മനാഭൻ(പത്മജൻ-36) ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയെന്ന പടയൻകുടി വത്സൻ(52) കീഴൂർ ഇല്ലത്ത്മൂലയിലെ പുത്തൻ വീട്ടിൽ മാവില ഹരീന്ദ്രൻ(56) കല്ലങ്ങോട്ടെ ചാത്തോത്ത് വീട്ടിൽ കൊഴുക്കുന്നോൻ സജീഷ്( 36) പാറങ്ങാട്ടെ അജിഷ നിവാസിൽ വള്ളി കുഞ്ഞിരാമൻ(57) കീഴൂരിലെ കിഴക്കെ വീട്ടിൽ ബാബു എന്ന തുഫാൻ ബാബു (കെ.വി ബാബു-38) എന്നിവരെയാണ് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത് .
പ്രൊസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ.പ്ലീഡർ കെ.പി ബിനീഷയാണ് ഹാജരായത് പ്രതിഭാഗത്തിന് വേണ്ടി അഡ്വ.എൻ.ഭാസക്കരൻ നായർ, അഡ്വ.ജോസഫ് തോമസ്, അഡ്വ.ടി.സുനിൽകുമാർ, അഡ്വ.പി പ്രേമരാജൻ എന്നിവരാണ് ഹാജാരായിരുന്നത്.
യാക്കൂബ് കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം തില്ലങ്കേരി കാർക്കോട്ടെ അമ്മു അമ്മ സ്മാരക മന്ദിരത്തിൽ വെച്ച് വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ ഗുഢാലോചന നടത്തിയെന്നായിരുന്നു വത്സൻ തില്ലങ്കേരിക്കെതിരെയുള്ള പരാതി. യാക്കൂബിനെ കൊലപ്പെടുത്താനുള്ള ഗുഢാലോചന അവിടെ വെച്ച് നടന്നെന്ന പരാതിയെ തുടർന്നാണ് വത്സൻ തില്ലങ്കേരിയെ പ്രതി ചേർത്തിരുന്നത്. കേസിന്റെ വിധി പ്രഖ്യാപനത്തെ തുടർന്ന് കോടതിയിൽ കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. വിധി പ്രഖ്യാപനം കേൾക്കാൻ കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് നിരവധി ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരും നേതാക്കളും കോടതിയിലെത്തിയിരുന്നു.