ലണ്ടന്‍- ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം ഒമാനി എഴുത്തുകാരി ജൂഖ അല്‍ ഹിരിസിക്ക്. സയ്യിദാത്തുല്‍ ഖമര്‍ എന്ന അറബി നോവിലിന്റെ ഇംഗ്ലീഷ് തര്‍ജമയായ സെലസ്റ്റിയല്‍ ബോഡീസിനാണ് പുരസ്‌കാരം. ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം നേടുന്ന ആദ്യ അറേബ്യന്‍ സാഹിത്യകാരിയായി മാറി ജൂഖ അല്‍ ഹാരിസി. ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്ന കൃതികള്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണ് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍. ഇംഗ്ലീഷില്‍ തന്നെ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ക്ക് ബുക്കര്‍ പുരസ്‌കാരവും ലഭിക്കുന്നു.
സമ്മാനത്തുകയായ 50,000 പൗണ്ട് നോവല്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ മെര്‍ലിന്‍ ബൂത്തുമായി പങ്കുവെക്കും. ആദ്യായാണ് ഒരു ഒമാനി എഴുത്തുകാരിയുടെ നോവല്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നതും. ഇതര ഭാഷകളിലെ നിരവധി പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങളെ പുറന്തള്ളിയാണ് മാന്‍ ബുക്കര്‍ പുരസ്‌കാരം അറബി സാഹിത്യകാരിയിലെത്തിയത്.
അധിനിവേശ കാലത്തിന് ശേഷമുള്ള ഒമാന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ മൂന്ന് ഒമാനി സഹോദരിമാരുടെ കഥ പറയുന്ന നോവലാണ് സെലസ്റ്റിയല്‍ ബോഡീസ്. മായ, അസ്മ, ഖൗല എന്നിവരാണ് നോവലിലെ പ്രധാനകഥാപാത്രങ്ങള്‍. 1970 ല്‍ ഒമാനില്‍ നിരോധിക്കപ്പെട്ട അടിമത്തം നോവലില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ചരിത്രത്തോടൊപ്പം സൂക്ഷ്മമായ കലാചാതുരി പ്രകടമായ നോവലാണ് സെലസ്റ്റിയല്‍ ബോഡീസെന്നും ബുദ്ധിയെയും ഹൃദയത്തെയും നോവല്‍ ഒരു പോലെ ആകര്‍ഷിക്കുന്നുവെന്നും പുരസ്‌കാര നിര്‍ണയ സമിതി അധ്യക്ഷ ബെറ്റനി ഹ്യൂസ് അഭിപ്രായപ്പെട്ടു.
സെലസ്റ്റിയല്‍ ബോഡീസ് അടക്കം പത്ത് കൃതികളുടെ കര്‍ത്താവ് ജൂഖ അല്‍ ഹാരിസി. 2001 ലാണ് ആദ്യ കഥാസമാഹാരം പുറത്തിറങ്ങിയത്.
പുരസ്‌കാരത്തിലൂടെ ലോകത്തിനു മുന്നില്‍ അറബ് സാഹിത്യത്തിന്റെ വാതില്‍ തുറന്നതായി ജൂഖ പറഞ്ഞു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് അടക്കമുള്ളവര്‍ ജൂഖയെ അഭിനന്ദിച്ചു.