Sorry, you need to enable JavaScript to visit this website.

ഗള്‍ഫില്‍ സംഘര്‍ഷം അയഞ്ഞു; യുദ്ധ സന്നാഹം ഇറാനെ പിന്തിരിപ്പിച്ചു

ഗള്‍ഫ് തീരത്തെത്തിയ അമേരിക്കന്‍ വിമാന വഹിനി യു.എസ്.എസ് എബ്രഹാം ലിങ്കണില്‍ പോര്‍വിമാനം 18 ഇ സൂപ്പര്‍ ഹോണെറ്റ് ലാന്‍ഡ് ചെയ്യുന്നു.

വാഷിംഗ്ടണ്‍- മിഡില്‍ ഈസ്റ്റില്‍ ഉരുണ്ടുകൂടിയ യുദ്ധ സാധ്യതക്ക് അയവുവരുത്തി അമേരിക്കയുടെ പ്രസ്താവന. ഇറാന്റെ ഭാഗത്തുനിന്ന് ഉയര്‍ന്നിരുന്ന ആക്രമണ ഭീഷണി കുറഞ്ഞതായി യു.എസ് പ്രതിരോധ ആക്ടിംഗ് സെക്രട്ടറി പാട്രിക് ഷനഹാന്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റില്‍ അമേരിക്ക നടത്തിയ  പടയൊരുക്കവും ശക്തിപ്രകടനവുമാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണിയുടെ തോത് കുറച്ചത്.

മേഖലയില്‍ അമേരിക്കക്കാര്‍ ആക്രമിക്കപ്പെടാനുള്ള സാധ്യത കുറഞ്ഞുവെന്ന് പാട്രിക് ഷനഹാന്‍ പറഞ്ഞു. ഗള്‍ഫിലെ സ്ഥിതിഗതികളെ കുറിച്ചും സൈനിക സന്നാഹത്തെ കുറിച്ചും കോണ്‍ഗ്രസ് മുമ്പാകെ വിശദീകരിക്കുന്നതിനു മുമ്പാണ് അദ്ദേഹം വാര്‍ത്താലേഖകരോട് ഇക്കാര്യം പറഞ്ഞത്.

ഇറാന്റെ ഭാഗത്തുനിന്ന് ഉടന്‍ ആക്രമണം പ്രതീക്ഷിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മിഡില്‍ ഈസ്റ്റില്‍ യു.എസ് സൈനിക സന്നാഹം ശക്തമാക്കിയിരുന്നത്. വിമാന വാഹിനികളും പോര്‍വിമാനങ്ങളും ഗള്‍ഫിലെത്തിച്ച അമേരിക്ക ഇറാന്റെ ഭീഷണി തടയാന്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ സൈന്യത്തെ വിന്യസിക്കുമെന്നും അറിയിച്ചിരുന്നു. വിമാന വാഹിനികളുടേയും അകമ്പടി കപ്പലുകളുടേയും നീക്കത്തിനു പുറമെ, ബി-52 പോര്‍വിമാനങ്ങള്‍ ഖത്തറില്‍ എത്തിച്ചിരുന്നു.

ഇറാന്‍ സാഹസത്തിനു മുതിര്‍ന്നാല്‍ അത് അവരുടെ ഔപചാരിക അന്ത്യമായിരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഞായറാഴ്ച ട്വീറ്റ് ചെയ്തത്  മേഖലയില്‍ യുദ്ധ ഭീതി പാരമ്യതയില്‍ എത്തിച്ചിരുന്നു.

സംഘര്‍ഷത്തില്‍ അയവുവരുന്നതിന്റെ സൂചനയാണ് ഷനഹാന്റെ പ്രസ്താവന. തല്‍ക്കാലം ഇറാന്റെ ഭാഗത്തുനിന്ന് അമേരിക്കക്കാര്‍ക്ക് ഭീഷണിയില്ലെന്നും എന്നാല്‍ നേരത്തെ അമേരിക്ക കണ്ടെത്തിയ ഭീഷണി പൂര്‍ണമായും നീങ്ങിയെന്നല്ല ഇതിന് അര്‍ഥമെന്നും ഷനഹാന്‍ വിശദീകരിച്ചു. അമേരിക്കയുടെ സത്വര പ്രതികരണമാണ് ഇറാനികളെ മാറ്റി കണക്കുകൂട്ടാന്‍ പ്രേരിപ്പിച്ചത്. മേഖലയിലെ യു.എസ് പൗരന്മാരേയും താല്‍പര്യങ്ങളേയും സംരക്ഷിക്കുമെന്ന സന്ദേശം നല്‍കാനായിരുന്നു അമേരിക്കയുടെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.

മിഡില്‍ ഈസ്റ്റില്‍ അമേരിക്കക്ക് ഇറാന്റെ ഭാഗത്തുനിന്ന് ഉടന്‍ ഭീഷണിയുണ്ടെന്ന് പറഞ്ഞതല്ലാതെ ഏതു തരത്തിലുള്ള ഭീഷണിയെ കുറിച്ചുള്ള ഇന്റലിജന്‍സ് വിവരമാണ് ലഭിച്ചതെന്ന് വ്യക്തമാക്കാന്‍ ട്രംപ് ഭരണകൂടം തയാറായിരുന്നില്ല. എന്നാല്‍ ഇറാന്‍ തീരത്ത് രണ്ട് അറബി പായ്ക്കപ്പലുകളില്‍ മിസൈലുകള്‍ നിറക്കുന്ന ചിത്രങ്ങള്‍ കാണിച്ച യു.എസ് ഉദ്യോഗസ്ഥര്‍ ഇറാഖിലെ സൈനികര്‍ക്കാണ് ഭീഷണിയെന്ന് സൂചന നല്‍കിയിരുന്നു. ബഗ്ദാദിലെ യു.എസ് എംബസിയില്‍നിന്നും എര്‍ബിലിലെ കോണ്‍സുലേറ്റില്‍നിന്നും അത്യാവശ്യമില്ലാത്ത ജീവനക്കാരെ പിന്‍വലിക്കുകയും ചെയ്തിരുന്നു.

പായ്ക്കപ്പളുകളില്‍ മിസൈല്‍ നറിച്ചതിലുടെ ഇറാന്റെ ലക്ഷ്യമെന്താണെന്ന് വ്യക്തമായിട്ടില്ല. ചെറിയ ബോട്ടുകളില്‍നിന്ന് മിസൈല്‍ വിക്ഷേപിക്കാന്‍ സാധ്യമല്ലെന്ന് വിദഗ്ധര്‍ പറയുന്നു. യെമനിലെ ഹൂത്തി പടയാളികള്‍ക്ക് എത്തിക്കാനോ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനോ ഉള്ള ശ്രമമാണ് നടന്നതെന്ന് കരുതുന്നു.

 

 

Latest News