Sorry, you need to enable JavaScript to visit this website.

ഹജിന് ആരേയും വിലക്കില്ല; രാഷ്ട്രീയവല്‍ക്കരണം അനുവദിക്കില്ലെന്നും സൗദി

ജിദ്ദ - ഹജിനെ രാഷ്ട്രീയവൽക്കരിക്കുന്നത് സൗദി അറേബ്യ ഒരിക്കലും അംഗീകരിക്കില്ലെന്ന് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് മുശാത്ത് പറഞ്ഞു. ഹജ്, ഉംറ കർമങ്ങൾ നിർവഹിക്കുന്നതിൽ നിന്ന് സൗദി അറേബ്യ ആരെയും വിലക്കാറില്ല. ഇത്തരമൊരു നടപടി സൗദിയുടെ ഭാഗത്തു നിന്ന് മുമ്പ് ഒരു കാലത്തും ഉണ്ടായിട്ടില്ല. ഇനിയൊട്ട് ഉണ്ടാവുകയുമില്ല. 


ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഹജ്, ഉംറ തീർഥാടകരുടെ ഒഴുക്ക് എളുപ്പമാക്കുന്നതിനും തീർഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനും സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളാണ് ഹജിനെ രാഷ്ട്രീയവൽക്കരിക്കുന്നതിന് ആവശ്യപ്പെടുന്നവർക്കുള്ള ഏറ്റവും ശക്തമായ മറുപടി. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമെത്തുന്ന തീർഥാടകരെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നു. തീർഥാടകർക്ക് ആവശ്യമായ എല്ലാവിധ സേവനങ്ങളും രാജ്യം നൽകി വരുന്നു. ഖത്തരി തീർഥാടകരെ സ്വീകരിക്കുന്നതിന് ആവശ്യമായ എല്ലാവിധ ഇളവുകളും ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഖത്തർ തീർഥാടകർക്കു മുന്നിൽ സൗദി അറേബ്യ ഒരുവിധ പ്രതിബന്ധങ്ങളും ബാധകമാക്കിയിട്ടില്ല. 
സൗദി ഉംറ സർവീസ് കമ്പനികളുടെ വിദേശ ഏജൻസികൾക്കുള്ള ബാങ്ക് ഗാരണ്ടി വ്യവസ്ഥയിൽ ഹജ്, ഉംറ മന്ത്രാലയം അടുത്തിടെ ഭേദഗതികൾ വരുത്തിയിട്ടുണ്ട്. ധാരണാപ്രകാരമുള്ള മുഴുവൻ സേവനങ്ങളും തീർഥാടകർക്ക് ലഭിക്കുന്നത് ഉറപ്പു വരുത്തുന്നതിനും തീർഥാടകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് വിദേശ ഏജൻസികൾക്ക് ബാങ്ക് ഗാരണ്ടി ബാധകമാക്കിയിരുന്നത്. നിരവധി ഉംറ സർവീസ് കമ്പനികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിദേശ ഏജൻസികൾക്കുള്ള ബാങ്ക് ഗാരണ്ടിയിൽ ഭേദഗതികൾ വരുത്തിയത്. ഇതു പ്രകാരം വിദേശ ഏജൻസികൾ ബാങ്ക് ഗാരണ്ടി കെട്ടിവെക്കേണ്ടതില്ല. പകരം ബാങ്ക് ഗാരണ്ടി നൽകും എന്ന് ഉറപ്പു നൽകുന്ന പ്രത്യേക ഫോറം പൂരിപ്പിച്ചു നൽകിയാൽ മാത്രം മതി. 


സൗദി ഉംറ സർവീസ് കമ്പനികൾ ആവശ്യപ്പെടുന്ന പക്ഷം മാത്രമാണ് ആ കമ്പനികളുടെ വിദേശ ഏജൻസികളെ ബാങ്ക് ഗാരണ്ടി വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ഉംറ തീർഥാടകർ രാജ്യത്തെത്തി തിരിച്ചുപോകുന്നതു വരെയുള്ള കാലത്ത് അവർക്ക് സേവനങ്ങൾ നൽകുന്നതിന്റെ പൂർണ ഉത്തരവാദിത്തം സൗദി സർവീസ് കമ്പനികൾക്കാകും. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ വിദേശ ഏജൻസികൾക്കുള്ള സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനും സാധ്യമായത്ര തീർഥാടകർക്ക് ഉംറ കർമം നിർവഹിക്കുന്നതിന് അവസരമൊരുക്കുന്നതിനും ലക്ഷ്യമിട്ടാണ് വിദേശ ഏജൻസികൾക്കുള്ള ബാങ്ക് ഗാരണ്ടി വ്യവസ്ഥയിൽ ഭേദഗതികൾ വരുത്തിയത്. 
പുണ്യസ്ഥലങ്ങളുടെ വികസനത്തിന് മശാഇർ അൽമുഖദ്ദസ ഡെവലപ്‌മെന്റ് കമ്പനി എന്ന പേരിൽ പുതിയ കമ്പനി സ്ഥാപിക്കുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. സൗദി ഉംറ സർവീസ് കമ്പനികൾക്ക് വിദേശ ഏജൻസികളില്ലാത്ത രാജ്യങ്ങളിലെ തീർഥാടകർക്കു വേണ്ടി മഖാം പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. പോർട്ടൽ വഴി സൗദി ഉംറ കമ്പനികളുടെ പാക്കേജുകൾ തെരഞ്ഞെടുത്ത് പണമടച്ച് സൗദിയിലേക്ക് വരുന്നതിനും ഉംറ നിർവഹിക്കുന്നതിനും വിദേശികൾക്ക് സാധിക്കും. ഗ്ലോബൽ സ്റ്റാന്റേർഡ് ബുക്കിംഗ് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതിനും ഹജ്, ഉംറ മന്ത്രാലയത്തിന് പദ്ധതിയുണ്ട്. ഈ പ്ലാറ്റ്‌ഫോം വഴി അനുയോജ്യമായ നിരക്കുകളിലുള്ള പാക്കേജുകൾ തെരഞ്ഞെടുക്കുന്നതിനും വിദേശ ഏജൻസികളെ സമീപിക്കാതെ ഓൺലൈൻ വഴി ഉംറ വിസ നേടുന്നതിനും തീർഥാടകർക്ക് സാധിക്കും. സൗദി ഉംറ സർവീസ് കമ്പനികൾ മുഴുവൻ പാക്കേജുകളും ഗ്ലോബൽ സ്റ്റാന്റേർഡ് ബുക്കിംഗ് പ്ലാറ്റ്‌ഫോമിൽ പരസ്യപ്പെടുത്തും. 
ആഭ്യന്തര ഹജ് തീർഥാടകർക്കുള്ള ഇ-ട്രാക്ക് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഈ വർഷം സൗദി അറേബ്യക്കകത്തു നിന്ന് 2,27,000 പേർക്കാണ് ഹജിന് അവസരം ലഭിക്കുക. 190 ഹജ് സർവീസ് കമ്പനികൾ വഴിയാണ് ഇവർക്ക് സേവനങ്ങൾ നൽകുക. ഹജ് സർവീസ് കമ്പനികൾ നൽകുന്ന സേവനങ്ങളും വ്യത്യസ്ത പാക്കേജുകളും നിരക്കുകളും പരിശോധിക്കുന്നതിനും അറിയുന്നതിനുമുള്ള അവസരമാണ് നിലവിൽ ഇ-ട്രാക്കിലുള്ളത്. 
ദുൽഖഅ്ദ ഒന്നിന് ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ ഹജ് ബുക്കിംഗ് ആരംഭിക്കുകയും ഹജ് അനുമതി പത്രം അനുവദിക്കുകയും ചെയ്യുമെന്ന് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മുശാത്ത് പറഞ്ഞു.
 

Latest News