കൽപറ്റ- വയനാട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്കു അത്യുജ്വല വിജയം പ്രവചിക്കുന്ന എക്‌സിറ്റ് പോളുകൾ എൽ.ഡി.എഫ് കേന്ദ്രങ്ങളിൽ മ്ലാനതക്കിടയാക്കി. തെരഞ്ഞെടുപ്പുഫലം എക്‌സിറ്റ് പോൾ പ്രവചനത്തിനു അടുത്തുനിന്നാൽ മണ്ഡലത്തിൽ അരയും തലയും മുറുക്കി എൽ.ഡി.എഫ് നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണം വൃഥാവിലാവും. മണ്ഡലത്തിൽ മുന്നണി ഇത്രയേ ഉള്ളൂവെന്നു ലോകം അറിയും. ഇതാണ് ഇടതു ക്യാമ്പുകളിലെ ഖിന്നതയ്ക്കു കാരണം. രാഹുൽഗാന്ധി ജയിക്കുമെങ്കിലും ഭൂരിപക്ഷം ഭീമമാകില്ലെന്ന അനുമാനത്തിലായിരുന്നു മണ്ഡലത്തിലെ എൽ.ഡി.എഫ് നേതാക്കൾ. വോട്ടെടുപ്പിന്റെ രണ്ടാംപക്കം കൽപറ്റയിലെ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിൽ ഒത്തുകൂടിയ ഇടതു നേതാക്കളിൽ ചിലർ എൻ.ഡി.എ വോട്ടിൽ ചോർച്ചയുണ്ടായില്ലെങ്കിൽ രാഹുൽ ഗാന്ധി പരാജയപ്പെടുമെന്നുപോലും അഭിപ്രായപ്പെടുകയുണ്ടായി. എന്നിരിക്കെയാണ് പോൾ ചെയ്ത വോട്ടിൽ 52 ശതമാനം യു.ഡി.എഫ് നേടുമെന്ന എക്‌സിറ്റ് പോൾ പ്രവചനം.
2009ൽ മണ്ഡലം രൂപീകരണത്തിനുശേഷം നടന്ന പ്രഥമ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി എം.ഐ. ഷാനവാസിനു 49.86 ശതമാനം (4,10,703) വോട്ടാണ് ലഭിച്ചത്. എൽ.ഡി.എഫിലെ എം. റഹ്മത്തുല്ല 31.23 ശതമാനം (2,57,264) വോട്ട് നേടി. എൻ.സി.പി ടിക്കറ്റിൽ മത്സരിച്ച കെ. മുരളീധരൻ 12.1-ഉം(99663) ബി.ജെ.പി സ്ഥാനാർഥി സി.വാസുദേവൻ 3.85-ഉം(31,687) ശതമാനം വോട്ട് കരസ്ഥമാക്കി. 8,23,694 വോട്ടാണ് പോൾ ചെയ്തത്. 1,53,439 വോട്ടായിരുന്നു യു.ഡി.എഫ് ഭൂരിപക്ഷം.
2014ലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നില മെച്ചപ്പെടുത്തുന്നതാണ് കണ്ടത്. പോൾ ചെയ്ത 9,15,020 വോട്ടിൽ 41.20 ശതമാനമാണ്(3,77,035) യു.ഡി.എഫിലെ ഷാനവാസിനു ലഭിച്ചത്. എൽ.ഡി.എഫിലെ സത്യൻ മൊകേരി 39.92 ശതമാനം(3,56,165) വോട്ട് നേടി. 8.8 ശതമാനം(80,752) വോട്ടുനേടിയ ബി.ജെ.പിയിലെ പി.ആർ.രശ്മിൽനാഥായിരുന്നു മൂന്നാമത്. പശ്ചിമഘട്ട ജനസംരക്ഷണ സമിതി-മലബാർ വികസന മുന്നണി സംയുക്ത സ്ഥാനാർഥിയായിരുന്ന പി.വി. അൻവർ 4.05 ശതമാനം(37,123) വോട്ട് നേടി. 20,870 വോട്ടായിരുന്നു യു.ഡി.ഫ് ഭൂരിപക്ഷം. 9,15,020 വോട്ടാണ് പോൾ ചെയ്തത്.
2009ലെ തെരഞ്ഞെടുപ്പിൽ 18.63 ശതമാനമായിരുന്നു യു.ഡി.എഫ്-എൽ.ഡി.എഫ് വോട്ട് അന്തരം. യു.ഡി.എഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം എഴിൽ ഒന്നായി കുറഞ്ഞ 2014ൽ വോട്ട് വ്യത്യാസം 1.28 ശതമാനമായി താഴ്ന്നു. ആദ്യത്തേതിനെ അപേക്ഷിച്ചു രണ്ടാമത്തെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വോട്ടിൽ 8.66 ശതമാനം കുറവുണ്ടായപ്പോൾ എൽ.ഡി.എഫ് വോട്ടിൽ 7.69-ഉം ബി.ജെ.പി വോട്ടിൽ 4.97-ഉം ശതമാനം വർധനവാണ് ഉണ്ടായത്.
കാര്യമായ വോട്ടിടിച്ചിൽ ഒഴിവാക്കാനും മുന്നണിയുടെ കരുത്ത് വ്യക്തമാക്കുന്നതിനുള്ള പ്രവർത്തനമാണ് എൽ.ഡി.എഫ് ഇക്കുറി തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തു കാഴ്ചവച്ചത്. രാഹുൽ ഗാന്ധിയെ വ്യക്തമായ പാർട്ടി രാഷ്ട്രീയം ഇല്ലാത്ത വോട്ടർമാർ പൊതുസ്ഥാനാർഥിയായി കണ്ട സാഹചര്യത്തിൽ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതു തടയുന്നതിനുള്ള തന്ത്രങ്ങളാണ് എൽ.ഡി.എഫ് പയറ്റിയത്. കാർഷിക പ്രതിസന്ധി മുഖ്യ തെരഞ്ഞെടുപ്പുവിഷമാക്കിയ എൽ.ഡ.ിഎഫ് മണ്ഡലത്തിലെ മുഴുവൻ വീടുകളും ഒരേ ദിവസം കയറിയുള്ള സ്‌ക്വാഡ് പ്രവർത്തനം വരെ നടത്തി. സ്ഥാനാർഥി സി.പി.ഐക്കാരനാണെന്നതു മറന്നായിരുന്നു സി.പി.എം പ്രവർത്തകരുടെ പ്രചാരണവേലകൾ.
ഇത് ഒരളവോളം ഫലം ചെയ്തുവെന്ന വിശ്വാസത്തിലായിരുന്നു എൽ.ഡി.എഫ് നേതൃത്വം. എന്നിരിക്കെയാണ് കണക്കുകൂട്ടലിന്റെ ശോഭകെടുത്തി എക്‌സിറ്റ് പോൾ പ്രവചനങ്ങൾ. ഇത്തവണ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 13,25,788 പേർക്കായിരുന്നു വോട്ടവകാശം. ഇതിൽ 80.26 ശതമാനമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.