പയ്യന്നൂർ - കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ റീ പോളിംഗുമായി ബന്ധപ്പെട്ട പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താനെ പിലാത്തറയിൽ കൈയ്യേറ്റം ചെയ്ത കേസിൽ മൂന്നു സി.പി.എം പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു.
സജീവ സി.പി.എം പ്രവർത്തകരായ കുളപ്പുറം സ്വദേശി ടി.വി.അനീഷ്, ഏഴിലോട് സ്വദേശി പി.അശോകൻ, പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാരനും മണ്ടൂർ സ്വദേശിയുമായ കല്ലത്ത് ജയേഷ് എന്നിവരെയാണ് പരിയാരം മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റു ചെയ്തത്. രാജ്‌മോഹൻ ഉണ്ണിത്താനെ കൈയ്യേറ്റം ചെയ്തതിനു പുറമെ, ഈ രംഗം ചിത്രീകരിച്ച ഏഷ്യാനെറ്റ് സംഘത്തെ ആക്രമിക്കുകയും ക്യാമറ തകർക്കുകയും ഐ ഫോൺ പിടിച്ചെടുക്കുകയും ചെയ്ത സംഭവത്തിൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരടക്കം 11 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
പിലാത്തറ യു.പി.സ്‌കൂളിൽ 19 ാം ബൂത്തിൽ സി.പി.എം ഗ്രാമപഞ്ചായത്തംഗവും മുൻ ഗ്രാമപഞ്ചായത്ത് അംഗവും ജനാധിപത്യ മഹിളാ ആസോസിയേഷൻ നേതാവും കള്ളവോട്ടു ചെയ്തുവെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ഇവിടെ റീപോളിംഗിനു ഉത്തരവിട്ടത്. ഇവിടെ പ്രചാരണത്തിനെത്തിയപ്പോഴാണ് ഉണ്ണിത്താനെതിരെ കൈയ്യേറ്റം നടന്നത്. ഈ രംഗം ചിത്രീകരിക്കുകയായിരുന്ന മാധ്യമ പ്രവർത്തകർക്കു നേരെയും അക്രമം നടന്നു.
വോട്ടെടുപ്പിനു പിന്നാലെ ബൂത്ത് ഏജന്റായിരുന്ന കോൺഗ്രസ് പ്രവർത്തകൻ പിലാത്തറ പുത്തൂരിലെ വി.ടി.വി പത്മനാഭന്റെയും, നേരത്തെ വോട്ട് ചെയ്യാനാവാതെ മടങ്ങിയ സി.എം നഗറിലെ ഷാർലറ്റിന്റെയും വീടുകൾക്കു നേരെ ബോംബേറുണ്ടായ സംഭവത്തിൽ ഇതുവരെ പ്രതികളെ കണ്ടെത്താനായില്ല. ഈ സംഭവത്തിൽ രണ്ട് സി.പി.എം പ്രവർത്തകരെ പരിയാരം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും ഇവരെ പിന്നീട് വിട്ടയക്കുകയായിരുന്നു. ഷാർലറ്റിന്റെ വോട്ട് സി.പി.എം പ്രാദേശിക നേതാക്കൾ ഇടപെട്ടാണ് നേരത്തെ ചെയ്തത്. റീപോളിംഗിൽ വോട്ടു ചെയ്യാനെത്തി ക്യൂവിൽ നിന്ന ഷാർലറ്റ് ഈ സമയത്ത് അവിടെയത്തിയ യു.ഡി.എഫ് സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താനുമായി സംസാരിച്ചതും കൈകൊടുത്തതുമാണ് ആക്രമണത്തിനു കാരണമായത്. വോട്ടു ചെയ്തു പുറത്തിറങ്ങിയ ഉടൻ സി.പി.എം പ്രാദേശിക നേതാക്കൾ ഷാർലറ്റിനു നേരെ അസഭ്യവർഷം നടത്തിയിരുന്നു. പോലീസ് സംരക്ഷണത്തിലാണ് ഇവർ ബൂത്തിൽനിന്നും പുറത്തിറങ്ങിയതും വീട്ടിലെത്തിയതും. ആക്രമണത്തിനു സാധ്യതയുണ്ടെന്നു പോലീസ് ഉദ്യോഗസ്ഥർ സൂചന നൽകിയെങ്കിലും പോലീസ് സംരക്ഷണം വേണ്ടെന്ന് ഇവർ അറിയിക്കുകയായിരുന്നു. ---