കണ്ണൂർ- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ച് ആറുമാസം പിന്നിടുന്ന വേളയിൽ കൂടുതൽ ആഭ്യന്തര - വിദേശ സർവീസുകൾ. ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കാണ് വിദേശ സർവീസുകൾ. കൊൽക്കൊത്ത, അഹമ്മദാബാദ് എന്നിവിടങ്ങളലേക്കാണ് ആഭ്യന്തര സർവീസുകൾ ആരംഭിക്കുകയെന്ന് കിയാൽ അധികൃതർ അറിയിച്ചു.
ഈ സർവീസുകൾ കൂടി തുടങ്ങുന്നതോടെ ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും കണ്ണൂരിൽനിന്നും സർവീസുകളാവും. ജിദ്ദ, ദമാം എന്നവിടങ്ങളിലേക്കു സർവീസുകൾ ആരംഭിക്കുന്നതിനു ഗോ എയർ വിമാന കമ്പനിയാണ് അനുമതി തേടിയിരിക്കുന്നത്. കണ്ണൂരിൽ നിന്നുള്ള സമ്മർ ഷെഡ്യൂൾ കഴിയുന്നതോടെ എയർ ഇന്ത്യാ എക്‌സ്പ്രസ്, വിദേശ റൂട്ടുകളിൽ കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മൺസൂൺ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാവും ജിദ്ദ, ദമാം സർവീസുകൾ ഗോ എയർ ആരംഭിക്കുക. ഇതിനു പിന്നാലെ കൂടുതൽ സർവീസുകൾ തുടങ്ങും. കണ്ണൂരിൽനിന്നും വിദേശ - ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് കൂടി കണ്ടാണ് വിമാനകമ്പനികൾ കൂടുതൽ സർവീസുകൾ ആരംഭിക്കാൻ സന്നദ്ധമായി മുന്നോട്ടു വന്നിരിക്കുന്നത്.
അതിനിടെ കണ്ണൂർ വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്‌സിന്റെ ആദ്യഘട്ടം അടുത്ത മാസത്തോടെ പ്രവർത്തനക്ഷമമാവും. 1200 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് കോംപ്ലക്‌സ് തയ്യാറാവുന്നത്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി, എയർപോർട്ട് എക്കണോമിക് റഗുലേറ്ററി അതോറിറ്റി, കസ്റ്റംസ് വിഭാഗങ്ങളുടെ പരിശോധനകൾ കൂടി പൂർത്തിയായ ശേഷമാവും കോംപ്ലക്‌സ് പ്രവർത്തനമാരഭിക്കുക. ആദ്യ ഘട്ടത്തിൽ തന്നെ ആഭ്യന്തര - രാജ്യാന്തര ചരക്കുകൾ ഇവിടെ രണ്ട് വിഭാഗങ്ങളിലായി കൈകാര്യം ചെയ്യാനാവും. 7000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള അത്യന്താധുനിക കാർഗോ കോംപ്ലക്‌സിന്റെ നിർമ്മാണം ഡിസംബറോടെ പൂർത്തിയാക്കാനാവുമെന്നാണ് കരുതുന്നത്.
സാധാരണ ചരക്കുകൾ കൈകാര്യം ചെയ്യുന്നതിനു പുറമെ, പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം, പൂക്കൾ തുടങ്ങിയവ കേടുകൂടാതെ സൂക്ഷിക്കാനും കയറ്റി അയക്കാനുമുള്ള സൗകര്യം ഇവിടെയുണ്ടാവും. മലബാറിലെ എയർ കാർഗോ ഹബ്ബ് എന്ന നിലയിൽ കണ്ണൂരിനെ വികസിപ്പിക്കാനുള്ള സാധ്യതകൾക്കാണ് ഈ കോംപ്ലക്‌സ് വാതിൽ തുറക്കുന്നത്.