ജിദ്ദ- ഷിഫ ജിദ്ദ പോളിക്ലിനിക് മെഡിക്കൽ ഡയറക്ടർ ഡോ. ഷെയ്ഖ് അനീസുൽ ഹഖ് (45) ഷറഫിയ ജവാസാത്ത് ഓഫീസിനു സമീപം മദാരിസ് സ്ട്രീറ്റിൽ കാർ അപകടത്തിൽ മരിച്ചു. 13 വർഷമായി ഷിഫ ജിദ്ദ പോളിക്ലിനിക് ജനറൽ വിഭാഗത്തിൽ സീനിയർ ഡോക്ടറായി പ്രവർത്തിച്ചിരുന്ന ഇദ്ദേഹം മലയാളികളുമായി ഏറെ അടുപ്പം പുലർത്തിയിരുന്നു. ഇന്നലെ ഉച്ചക്ക് മക്കളെ സ്‌കൂളിൽനിന്നു വിളിക്കാൻ കാറിൽ പോകുമ്പോൾ മറ്റൊരു വാഹനവുമായി ഇടിച്ചാണ് അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൈദരാബാദ് സ്വദേശിയായയ ഡോക്ടർ കുടുംബ സമേതം ഷറഫിയയിലാണ് താമസിച്ചിരുന്നത്. ഭാര്യ: നാസിയ ബാനു. മക്കൾ: അനിഖ് അനീസ്, അനസ് അനീസ്, ഇഖ്‌റ അനീസ്, അഫ്ര അനീസ്. സഹോദരങ്ങൾ: ഷെയ്ഖ് അൻവാറുൽ ഹഖ് (ജിദ്ദ), ഷെയ്ഖ് ഇഖ്‌റാമുൽ ഹഖ് (ദമാം).