റിയാദ്- കൊള്ളക്കാരുടെ വെടിവെപ്പിൽനിന്ന് മലയാളി അത്ഭുതകരമായി രക്ഷപ്പെട്ടു. റിയാദിന് സമീപം സുവൈരിയ എക്‌സിറ്റ് 25-ലാണ് സംഭവം. പത്തനംതിട്ട സ്വദേശി മനീഷ് കുമാറിന് നേരെയാണ് വെടിവെപ്പുണ്ടായത്. സെയിൽസ്മാനായ മനീഷ് കുമാർ കടയിൽ സാധനം ഇറക്കിയ ശേഷം തിരിച്ച് കാറിലെത്തി ഡോർ ലോക്ക് ചെയ്ത ഉടൻ അക്രമികൾ ഓടിയെത്തുകയായിരുന്നു. ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ കൊള്ളക്കാർ കാറിന്റെ മുന്നിലെത്തി ചില്ലിന് നേരെ നിറയൊഴിച്ചു. ആദ്യവട്ടം ചില്ല് വെടിവെപ്പിൽ തകർന്നില്ല. തുടർന്ന് ചില്ല് അടിച്ചുതകർക്കുകയായിരുന്നു. വീണ്ടും വെടിയുതിർത്തതോടെ മനീഷ് കുമാർ കാർ പിറകിലേക്കെടുത്ത് ഓടിച്ചുപോയി. കൊള്ളക്കാർ എക്‌സിറ്റ് 19 വരെ കാർ പിന്തുടർന്നു. മനീഷ് കുമാർ പോലീസിൽ പരാതി നൽകി.