റിയാദ്- മുസാഹ്മിയയിൽ വാഹനാപകടത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചു. കന്യാകുമാരി സൗത്ത് കുണ്ടൽ സ്വദേശി മുരുഗൻ (48), കൊൽക്കത്ത സ്വദേശി നജീം ശൈഖ് (50) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയാണ് സംഭവം.
സ്‌പോൺസറോടൊപ്പം അദ്ദേഹത്തിന്റെ കാറിൽ അൽഖുവയ്യയിൽ നിന്ന് മുസാഹ്മിയയിലേക്ക് വരികയായിരുന്നു ഇവർ. സ്‌പോൺസറായിരുന്നു കാറോടിച്ചിരുന്നത്. മുസാഹ്മിയക്കടുത്ത് വെച്ച് ഇവരുടെ കാർ ട്രൈയിലറിടിക്കുകയായിരുന്നു. മുരുഗൻ സംഭവ സ്ഥലത്ത് വെച്ചും നജീം മുസാഹ്മിയ ജനറൽ ആശുപത്രിയിൽ വെച്ചും മരിച്ചു. നജീമിന്റെ മൃതദേഹം മുസാഹ്മിയയിൽ ഖബറടക്കി.
10 വർഷമായി ഇതേ സ്‌പോൺസറോടൊപ്പമാണ് മുരുഗൻ ജോലി ചെയ്യുന്നത്. ശുമൈസി മോർച്ചറിയിലുള്ള മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് സംസ്‌കരിക്കും. റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി വെൽഫയർ വിംഗ് നേതാക്കളായ സിദ്ദീഖ് തുവ്വൂർ, റഫീഖ് മഞ്ചേരി എന്നിവരാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.