ജിദ്ദ - പടിഞ്ഞാറൻ ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് നവജാത ശിശു നൂർ അൽഫാരിഇനെ തട്ടിക്കൊണ്ടുപോയ സൗദി വനിതയെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു. അമ്പതു വയസ് പ്രായമുള്ള വനിതയാണ് അറസ്റ്റിലായത്. ഇവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മക്ക പ്രവിശ്യ പോലീസ് വക്താവ് മേജർ മുഹമ്മദ് അൽഗാംദി പറഞ്ഞു.
പടിഞ്ഞാറൻ ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് വ്യാഴാഴ്ച രാത്രി പത്തരക്കാണ് ഒരു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ അജ്ഞാത സ്ത്രീ തട്ടിക്കൊണ്ടുപോയത്. ഡോക്ടർമാരും നഴ്‌സുമാരും അടക്കമുള്ള മെഡിക്കൽ ജീവനക്കാർ ധരിക്കുന്നതു പോലുള്ള ഓവർകോട്ട് ധരിച്ച് പ്രസവ വാർഡിൽ പ്രവേശിച്ച വനിത പരിശോധനക്കെന്ന വ്യാജേന മാതാവിന്റെ കൈയിൽനിന്ന് കുഞ്ഞിനെ എടുത്തുകൊണ്ടുപോവുകയായിരുന്നു. നവജാത ശിശുക്കളെ നീക്കം ചെയ്യുന്നതിനുള്ള പ്രത്യേക സ്‌ട്രെച്ചറിലാണ് ഇവർ കുഞ്ഞിനെ വാർഡിൽനിന്ന് പുറത്തുകടത്തിയത്. ഇതിനു ശേഷം സ്‌ട്രെച്ചർ ഉപേക്ഷിച്ച് കുഞ്ഞുമായി ആശുപത്രിയിൽനിന്ന് പുറത്തുകടന്നു. ആശുപത്രിക്ക് പുറത്ത് കാത്തുനിൽക്കുകയായിരുന്ന കാറിലുണ്ടായിരുന്നവർക്ക് കുഞ്ഞിനെ കൈമാറിയ പ്രതി പിന്നീട് നടന്ന് സ്ഥലം വിടുകയായിരുന്നു. ഈ ദൃശ്യങ്ങളെല്ലാം ആശുപത്രിയിലെ നിരീക്ഷണ ക്യാമറകൾ പകർത്തിയിരുന്നു.
പോലീസ് അന്വേഷണം ഊർജിതമാക്കിയതോടെ 36 മണിക്കൂറിനുശേഷം അൽനഹ്ദ ഡിസ്ട്രിക്ടിലെ ആശുപത്രിയിലെ റിസപ്ഷനിൽ കുഞ്ഞിനെ പ്രതി ഉപേക്ഷിക്കുകയായിരുന്നു. പിതാവിന്റെ മൊബൈൽ ഫോൺ നമ്പർ രേഖപ്പെടുത്തിയ കടലാസ് തുണ്ട് കുഞ്ഞിനൊപ്പം ഉപേക്ഷിച്ച് സ്ത്രീ ആശുപത്രിയിൽനിന്ന് സ്ഥലംവിടുകയായിരുന്നു. ഈ നമ്പറിൽ ബന്ധപ്പെടണമെന്ന അപേക്ഷയും കടലാസ് തുണ്ടിലുണ്ടായിരുന്നു. വ്യാഴാഴ്ച പുലർച്ചെ പ്രസവിച്ച കുഞ്ഞിനെ അതേ ദിവസം രാത്രി പത്തിനാണ് നഴ്‌സുമാരെ പോലെ വേഷം ധരിച്ചെത്തിയ വനിത തട്ടിക്കൊണ്ടുപോയത്.