Sorry, you need to enable JavaScript to visit this website.

മലപ്പുറം കോഡൂരിൽ ഗെയിൽ സർവേ തടഞ്ഞു;  ഇരകളുമായി ഇന്നു ചർച്ച

മലപ്പുറത്തിനടുത്തു കോഡൂരിൽ ഗെയിൽ വാതക പൈപ്പ് ലൈൻ സർവേക്കെത്തിയ ഉദ്യോഗസ്ഥ സംഘത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജിയുടെ നേതൃത്വത്തിൽ തടയുന്നു.

മലപ്പുറം- നിർദിഷ്ട കൊച്ചി-മംഗലാപുരം ഗെയിൽ വാതക പൈപ്പ് ലൈൻ സർവേ മലപ്പുറത്തിടുത്തു കോഡൂരിൽ നാട്ടുകാർ തടഞ്ഞു.  ഗ്രാമപഞ്ചായത്തിലെ വലിയാട് പ്രദേശത്തു നിന്നു ഇന്നലെ രാവിലെ സർവേ ആരംഭിച്ച ഉടനെത്തന്നെ നാട്ടുകാർ സംഘം ചേർന്നു തടയുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജിയുൾപ്പെടെയുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് സർവേ തടഞ്ഞത്. 
ശക്തമായ പോലീസ് സാന്നിധ്യത്തിലായിരുന്നു സർവേ നടപടികൾ ആരംഭിച്ചത്. ശനിയാഴ്ച കോഡൂരിലെ വട്ടപ്പറമ്പ്, പാറമ്മൽ, ആൽപ്പറ്റക്കുളമ്പ് ഭാഗങ്ങളിൽ സർവേ പൂർത്തീകരിച്ചിരുന്നു. അന്ന് കാര്യമായ പ്രതിഷേധങ്ങളൊന്നുമില്ലാതെയാണ് ഉച്ചവരെ സർവേ നടന്നത്. ഇന്നലെ ജനവാസ പ്രദേശത്തിലൂടെയുള്ള സർവേയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി പറയാൻ ഉദ്യോഗസ്ഥർക്കു കഴിഞ്ഞില്ലെന്നു പ്രസിഡന്റ് ഷാജി പറയുന്നു. പലരും പല മറുപടിയാണ് പറഞ്ഞത്. 
പഴയ സർവേ പുനർരേഖപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും വീടുകളൊഴിവാക്കി അലൈമെന്റ് മാറ്റി സർവേ നടത്തുമെന്നു ഉദ്യോഗസ്ഥർ മാറിമാറി ഉത്തരം പറഞ്ഞത് നാട്ടുകാരെ കൂടുതൽ ആശങ്കയിലാക്കി. ഗെയിൽ വാതക പൈപ്പ്ലൈൻ നിർമാണ ചുമതലയുള്ള ചീഫ് മാനേജർ എൻ.സി. പ്രസാദ്, പെരിന്തൽമണ്ണ തഹസിൽദാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്. ഭൂവുടമകളുമായി ചർച്ച ചെയ്തു, അവരെകൂടി വിശ്വസത്തിലെടുത്ത് സർവേ തുടർന്നാൽ മതിയെന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജിയുടെ നിർദേശം അംഗീകരിച്ച്, സർവേ നിർത്തിവെച്ച് ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എം. സുബൈർ, എം.ടി. ബഷീർ, കെ. മുഹമ്മദലി, മുൻഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പാന്തൊടി ബാപ്പുട്ടി, മുൻ വൈസ് പ്രസിഡന്റ് കെ. പ്രഭാകരൻ തുടങ്ങിയവരും ഗെയിൽ വിരുദ്ധ ജനകീയ സമിതി ഭാരവാഹികളും പ്രസിഡന്റിന്റെ കൂടെയുണ്ടായിരുന്നു. 
ഇന്നു രാവിലെ ഒമ്പതിനു ചെമ്മങ്കടവ് മൈലാഞ്ചി ഓഡിറ്റോറിയത്തിലാണ് ഭൂവുടമകളുമായുള്ള ചർച്ച. കോഡൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ ഗെയിൽ പൈപ്പ് ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളുടെ ഉടമകൾ മാത്രമാണ് ചർച്ചയിൽ പങ്കെടുക്കുകയെന്ന് പ്രസിഡന്റ് സി.പി. ഷാജി അറിയിച്ചു.

 

Latest News