ദമാം - ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര എയർപോർട്ടിൽ വിമാനത്തിൽ കയറ്റുന്നതിന് കൊണ്ടുവന്ന ബാറ്ററി ശേഖരം പൊട്ടിത്തെറിച്ചു. വിമാനത്തിൽ കയറ്റുന്നതിന് തൊട്ടുമുമ്പാണ് 19 ടൺ ബാറ്ററി പൊട്ടിത്തെറിച്ചത്. തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്. ഡെച്ച് വിമാന കമ്പനിയായ കെ.എൽ.എം വിമാനത്തിൽ ആംസ്റ്റർഡാം വഴി ഫ്രാങ്ക്ഫർട്ടിലേക്ക് അയക്കുന്നതിന് ദമാം എയർപോർട്ടിലെത്തിച്ച ബാറ്ററി ശേഖരമാണ് പൊട്ടിത്തെറിച്ചത്.
യാത്രാ വിമാനത്തിൽ അയക്കുന്നതിന് എത്തിച്ച ബാറ്ററി ശേഖരം വിമാനത്തിൽ കയറ്റാനിരിക്കെ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. കിംഗ് ഫഹദ് എയർപോർട്ടിലെ അഗ്നിശമന വിഭാഗം തീയണക്കുകയും രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. സംഭവത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ വിശദമായ അന്വേഷണം ആരംഭിച്ചു.