തലശ്ശേരി- സി.പി.എം അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വടകരയിലെ സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി നസീറിനെ വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി ജയരാജൻ സന്ദർശിച്ചു. ഇന്നലെ ഉച്ചക്ക് 12 മണിയോടെയായിരുന്നു ജയരാജന്റെ അപ്രതീക്ഷിത സന്ദർശനം. ശനിയാഴ്ച രാത്രിയോടെ തലശ്ശേരി ബസ് സ്റ്റാന്റിന് സമീപം കായ്യത്ത് റോഡിൽ വെച്ചാണ് സി.ഒ.ടി നസീർ അക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് അക്രമിച്ചതെന്നും സി.പി.എം വിട്ട വൈരാഗ്യത്തിൽ തന്നെ അക്രമിക്കുകയായിരുന്നെന്നും നസീർ പോലീസിന് മൊഴി നൽകിയിരുന്നു. പ്രതികളെ കണ്ടാൽ തിരിച്ചറിയുമെന്നും സി.ഒ.ടി നസീർ പറഞ്ഞിരുന്നു. അക്രമത്തിന് പിന്നിൽ സി.പി.എമ്മാണെന്നും പി.ജയരാജൻ അറിയാതെ അക്രമം നടക്കില്ലെന്നും വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ തിരുവന്തപുരത്ത് വാർത്താ സമ്മേളനം നടത്തി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.നസീറിന് നേരെ നടന്ന അക്രമത്തിന് പിന്നിൽ സി.പി.എം ആണെന്ന് യൂ.ഡി.എഫും ആർ എം പി യും ആരോപിച്ചിരുന്നു. എന്നാൽ അക്രമത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും ആരെങ്കിലും കൊതുകിനെ കൊല്ലാൻ തോക്കെടുക്കുമോ എന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിരുന്നത.് സി.ഒ.ടി നസീറിനെ ആശുപത്രിയിൽ സന്ദർശിച്ച ജയരാജൻ 15 മിനിറ്റോളം ചെലവഴിച്ചാണ് മടങ്ങിയത.്