റിയാദ്- സൗദി അറേബ്യയില്‍ പിടിയിലായ നിയമലംഘകരുടെ എണ്ണം 31 ലക്ഷം കവിഞ്ഞു. രേഖകള്‍ ശരിയാക്കുന്നതിന് അവസരം നല്‍കിയ പൊതുമാപ്പിനു ശേഷം 2017 നവംബര്‍ മുതലാണ് അനധികൃത താമസക്കാര്‍ക്ക് വേണ്ടി പരിശോധന ആരംഭിച്ചത്.
ഇഖാമയില്ലാത്തതിന് 24,61,868 പേരും തൊഴില്‍ ലംഘനങ്ങള്‍ക്ക് 4,87,670 പേരും അതിര്‍ത്തി ലംഘനങ്ങള്‍ക്ക് 2,09,850 പേരുമാണ് പിടിയിലായത്. അതിര്‍ത്തി ലംഘിച്ച് സൗദിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിന് പിടിയിലായ 53,042 പേരില്‍ 49 ശതമാനവും യെമനികളാണെന്നും എസ്.പി.എ റിപ്പോര്‍ട്ട് ചെയ്ത ഔദ്യോഗിക കണക്കില്‍ പറയുന്നു.
അയല്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 2249 പേരും നിയമലംഘകര്‍ക്ക് സഹായങ്ങള്‍ നല്‍കിയതിന് 3823 പേരും പിടിയിലായി. അനധികൃത താമസക്കാര്‍ക്ക് സൗകര്യം നല്‍കിയതിന് പിടിയിലായവരില്‍ 1,299 പേര്‍ സൗദി പൗരന്മാരാണ്.
പിടിയിലായവരില്‍ 4,61,749 പേര്‍ക്ക് ഉടന്‍ തന്നെ പിഴ ചുമത്തി. 7,93,014 പേരെ ഇതിനകം നാടുകടത്തി.