*ക്രിമിനൽ കുറ്റം ചെയ്താൽ ഇഖാമ റദ്ദാക്കും
ജിദ്ദ- ശൂറാ കൗൺസിലിന്റെ ശുപാർശ പ്രകാരം സൗദി കാബിനറ്റ് അംഗീകാരം നൽകിയ ഗ്രീൻ കാർഡിന് സമാനമായ പ്രിവിലേജ് ഇഖാമ നിയമം പുറത്തിറക്കി. സൗദി അറേബ്യയുമായി നയതന്ത്ര ബന്ധമുള്ള എല്ലാ രാജ്യങ്ങളിൽനിന്നുമുള്ളവർക്ക് സ്ഥിരം ഇഖാമയും താൽക്കാലിക ഇഖാമയും അനുവദിക്കുന്ന പ്രിവിലേജ് ഇഖാമ നിയമത്തിൽ 14 വകുപ്പുകളാണ് ഉൾകൊള്ളുന്നത്.
പ്രിവലേജ് ഇഖാമ സമിതി അനുവദിക്കുന്ന സ്ഥിരം ഇഖാമയുടെ പേരും വിശദാംശങ്ങളുമാണ് നിയമാവലിയുടെ ഒന്നാം വകുപ്പ് പ്രതിപാദിക്കുന്നത്. സൗദിയിൽ കുടുംബസമേതം താമസിക്കുന്നതിനും അടുത്ത ബന്ധുക്കളെ സന്ദർശക വിസയിൽ കൊണ്ടുവരാനും പ്രിവിലേജ് ഇഖാമ ഉടമകൾക്കുള്ള അവകാശം രണ്ടാം വകുപ്പ് വകവെച്ച് നൽകുന്നു. ആവശ്യാനുസരണം ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനും ഇവർക്ക് അനുവാദമുണ്ടാകും. കൂടാതെ മക്കയും മദീനയുമൊഴികെ, സൗദിയിൽ താമസ, വാണിജ്യ, വ്യവസായ ആവശ്യത്തിന് റിയൽ എസ്റ്റേറ്റ് ഉടമപ്പെടുത്തുന്നതിനും ഇവരെ അനുവദിക്കും. അതിർത്തി പ്രദേശങ്ങളിലും പ്രിവിലേജ് ഇഖാമ ഉടമകൾക്ക് സ്ഥലം വാങ്ങാൻ അനുവാദമുണ്ടായിരിക്കില്ല.
എന്നാൽ മദീനയിലും മക്കയിലും 99 വർഷത്തേക്ക് വസ്തുവകകൾ പാട്ടത്തിന് എടുക്കുന്നതിന് ഇവർക്ക് തടസ്സമുണ്ടാകില്ല. സ്വകാര്യ ട്രാൻസ്‌പോർട്ട് വാഹനങ്ങൾ സ്വന്തമാക്കുന്നതിനും സ്ഥിരം ഇഖാമ ഉടമകൾക്ക് അവകാശമുണ്ടായിരിക്കും. സൗദി പൗരന്മാർക്ക് സംവരണം ചെയ്ത തസ്തികളിലല്ലാതെ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിനും ജോലി മാറുന്നതിനും പ്രിവിലേജ്ഡ് ഇഖാമയുള്ളവർക്ക് അനുവാദമുണ്ടായിരിക്കും. ഇവരുടെ ആശ്രിതർക്കും ഇഷ്ടാനുസരണം ജോലി മാറാം.
സൗദിയിൽനിന്ന് പുറത്തുപോകുന്നതിനും രാജ്യത്തേക്ക് മടങ്ങിവരുന്നതിനുമുള്ള സ്വാതന്ത്ര്യം, എയർപോർട്ടുകളിലും കരാതിർത്തി പോസ്റ്റുകളിലും സൗദികൾക്കുള്ള കൗണ്ടറുകൾ ഉപയോഗിക്കുന്നതിനുള്ള അനുമതി, രാജ്യത്ത് വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നതിനുള്ള അനുമതി എന്നിവയും രണ്ടാം വകുപ്പ് ഉറപ്പാക്കുന്നു.
സ്ഥിരം ഇഖാമ, വർഷം തോറും പുതുക്കാവുന്ന ഇഖാമ എന്നിങ്ങനെ കാലാവധി സംബന്ധിച്ചാണ് മൂന്നാം വകുപ്പിലെ പ്രതിബാധ്യം. പ്രിവിലേജ് ഇഖാമ കരസ്ഥമാക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും നാലാം വകുപ്പ് വിശദീകരിക്കുന്നു. കാലാവധിയുള്ള പാസ്‌പോർട്ട് ഉണ്ടായിരിക്കണമെന്നാണ് ഇതിൽ ഒന്നാമത്തെ വ്യവസ്ഥ. അപേക്ഷകരുടെ പ്രായം 21 ൽ കുറവാകാനും പാടില്ല. അനുയോജ്യമായ ധനസ്ഥിതിയുണ്ടെന്ന് തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. സൗദിക്കകത്തുള്ള അപേക്ഷകരാണെങ്കിൽ നിയമാനുസൃത ഇഖാമയുണ്ടായിരിക്കൽ നിർബന്ധമാണ്. മുമ്പ് കുറ്റകൃത്യങ്ങളിൽ പ്രതികളായവരാകാനും പാടില്ല. അപേക്ഷകർ പകർച്ചവ്യാധികളിൽ നിന്ന് മുക്തരായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ആറ് മാസം കവിയാത്ത ഹെൽത്ത് റിപ്പോർട്ടാണ് അപേക്ഷകൻ സമർപ്പിക്കേണ്ടത്. നാലാം വകുപ്പിൽ പ്രതിപാദിച്ചിരിക്കുന്ന വ്യവസ്ഥകളെല്ലാം പാലിച്ച അപേക്ഷകൾ പഠിച്ച് പ്രിവിലേജ് ഇഖാമ സെന്റർ ആണ് സ്ഥിരം ഇഖാമ അനുവദിക്കേണ്ടതെന്ന് അഞ്ചാം വകുപ്പ് അനുശാസിക്കുന്നു. അപേക്ഷ സ്വീകരിക്കപ്പെട്ടുവെന്ന അറിയിപ്പ് ലഭിച്ചതിന് ശേഷം 30 ദിവസത്തിനകം നിയമാവലിയിൽ നിശ്ചയിച്ച ഫീസ് ഒടുക്കണമെന്നതാണ് ആറാം വകുപ്പ്. കോഓപറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് നിയമാവലിക്ക് വിധേയമായ മെഡിക്കൽ ഇൻഷുറൻസ് പോളിസിയും അപേക്ഷകൻ സമർപ്പിക്കണം. ഈ കാലയളവിൽ നാലാം വകുപ്പിൽ പ്രതിപാദിച്ച വ്യവസ്ഥകൾ പൂർണമാകാതെ വന്നാൽ അപേക്ഷ നിരസിക്കപ്പെടും.
സൗദിയിൽ താമസിക്കുന്നവരുടെ അപേക്ഷ സ്വീകരിക്കപ്പെടുന്ന പക്ഷം, അവർക്ക് ആനുകൂല്യം ലഭിക്കുന്നതോടൊപ്പം മുൻ ഇഖാമ റദ്ദാക്കപ്പെടുമെന്നും ആറാം വകുപ്പിൽ പറയുന്നു. രാജ്യത്തെ മുഴുവൻ നിയമങ്ങളും വ്യവസ്ഥകളും പാലിക്കാൻ പ്രിവിലേജ് ഇഖാമ ഉടമകളും നിർബന്ധിതരാണെന്ന് ഏഴാം വകുപ്പ് വ്യക്തമാക്കുന്നു.
സൗദിയിൽ നിയമപരമായി, പ്രത്യേകിച്ച് ടാക്‌സ് നിയമങ്ങളിൽ വിദേശികളുടെ സ്ഥാനത്താണ് പ്രിവിലേജ് ഇഖാമ ഉടമകളെയും പരിഗണിക്കുകയെന്ന് എട്ടാം വകുപ്പിലുള്ളത്. രണ്ട് മാസത്തിലേറെ കാലം ജയിൽവാസം, അല്ലെങ്കിൽ ഒരു ലക്ഷം റിയാലോ തത്തുല്യമായ തുകയോ പിഴ എന്നിങ്ങനെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്താൽ പ്രിവിലേജ് ഇഖാമ റദ്ദാക്കപ്പെടുമെന്ന് ഒമ്പതാം വകുപ്പ് അനുശാസിക്കുന്നു. സൗദിയിൽനിന്ന് നാടുകടത്താൻ കോടതി വിധിക്കുക, സ്ഥിരം ഇഖാമ ലഭിക്കുന്നതിന് സമർപ്പിച്ച വിവരം തെറ്റാണെന്ന് തെളിയുക, ഏഴാം വകുപ്പിലെ വ്യവസ്ഥകൾ ലംഘിക്കുക, സ്വയം പിന്മാറുക, മരണപ്പെടുകയോ യോഗ്യത നഷ്ടമാവുകയോ ചെയ്യുക എന്നീ കാരണങ്ങളാലും പ്രിവിലേജ് ഇഖാമ റദ്ദാക്കപ്പെടും. രണ്ടാം വകുപ്പ് അനുശാസിക്കുന്ന ആനുകൂല്യങ്ങളും അവകാശങ്ങളുമല്ലാത്ത വിഷയങ്ങളിൽ പ്രിവിലേജ് ഇഖാമ ഉടമകളും കുടുംബാംഗങ്ങളും മറ്റു വിദേശികൾക്ക് തുല്യമാണെന്ന് പത്താം വകുപ്പ് പറയുന്നു. വ്യവസ്ഥകളും മാനദണ്ഡങ്ങളും പൂർത്തിയാക്കുന്ന ഏതൊരാൾക്കും പ്രിവിലേജ് ഇഖാമക്ക് അപേക്ഷിക്കാമെന്നും ഇവർക്ക് സൗദി പൗരത്വം ലഭിക്കുന്നതിന് അർഹതയുണ്ടാവില്ലെന്നുമാണ് 11 ാം വകുപ്പ് അനുശാസിക്കുന്നത്.
പ്രിവിലേജ് ഇഖാമ റദ്ദാക്കപ്പെടുകയോ കാലാവധി തീരുകയോ ചെയ്യുന്നപക്ഷം ഉടമയോ ആശ്രിതരോ പ്രിവിലേജ് ഇഖാമ സെന്ററിനെയാണ് ബന്ധപ്പെടേണ്ടതെന്ന് 12 ാം വകുപ്പ് പറയുന്നു. ഇഖാമക്ക് സാധുത നഷ്ടമായാൽ ആശ്രിതർക്കും സ്വമേധയാ ആനുകൂല്യം ഇല്ലാതെയാവും. സ്ഥിരം ഇഖാമയുമായി ബന്ധപ്പെട്ട് പ്രിവലേജ് ഇഖാമ സമിതിയുടെ തീരുമാനങ്ങൾ ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും പ്രിവിലേജ് ഇഖാമ സെന്റർ ആണ് പ്രഖ്യാപിക്കുകയെന്ന് 13 ാം വകുപ്പും നിയമാവലി ഗസറ്റ് വിജ്ഞാപനം ഇന്നലെ പ്രസിദ്ധീകരിച്ചതായി 14 ാം വകുപ്പും വ്യക്തമാക്കുന്നു.