കൊച്ചി- സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ യുവാവ് അറസ്റ്റിൽ. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ഏറണാകുളം കോന്തുരുത്തി വളവിൽ വീട്ടിൽ ആദിത്യനെ (24)യാണ് അറസ്റ്റ് ചെയ്തത്. ആലഞ്ചേരിക്കെതിരെ വ്യാജരേഖ നിർമിച്ചത് ആദിത്യനാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സഭയിലെ ഒരു വൈദികൻ ആവശ്യപ്പെട്ടതനുസരിച്ചാണ് രേഖ തയ്യാറാക്കിയതെന്ന് ഇയാൾ മൊഴി നൽകി. ആദിത്യന്റെ വീട്ടുകാർ നടത്തിവന്ന സ്ഥാപനത്തിൽ വെച്ചാണ് പ്രതി വ്യാജ ബാങ്ക് രേഖ തയ്യാറാക്കിയത്. ഇതിനായി ഉപയോഗിച്ച കംപ്യൂട്ടർ അടക്കം പോലീസ് പിടിച്ചെടുത്തു. കംപ്യൂട്ടറിലെ വിവരങ്ങളടക്കം വിശദമായി പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കളമശ്ശേരി മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
വ്യാജരേഖ നിർമിക്കാൻ പ്രതിക്ക് നിർദേശം നൽകിയ സാൻജോ പള്ളി വികാരി ഫാ. ടോണി കല്ലൂക്കാരനെയും വെള്ളിയാഴ്ച്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചശേഷം വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെയാണ് വൈദികനെ അറസ്റ്റ് ചെയ്യാൻ നീക്കം നടക്കുന്ന്ത്. ആദിത്യനും ഫാ. ടോണി കല്ലൂക്കാരനും ചേർന്ന് വ്യാജരേഖകൾ ചമച്ചു എന്ന നിലയിലേക്കാണ് കേസ് പോകുന്നത്. മുരിങ്ങൂർ സാൻജോ നഗർ പള്ളി വികാരിയാണ് ഫാ.ടോണി കല്ലൂക്കാരൻ. ഫാ.ടോണി കല്ലൂക്കാരനെ പോലീസ് കസ്റ്റഡിയിലെടുക്കാനെത്തിയെങ്കിലും അനുയായികളുടെ പ്രതിഷേധത്തെത്തുടർന്ന് തിരിച്ചുപോകുകയായിരുന്നു. ശനിയാഴ്ച്ച രാത്രി പത്തരയോടെയാണ് മൂന്നു വാഹനങ്ങളിലായി പോലീസ് വൈദികനെ അറസ്റ്റ് ചെയ്യാനായി പള്ളിയിൽ എത്തിയത്. വിവരമറിഞ്ഞ് ഇടവകാംഗങ്ങളിൽ ചിലർ സ്ഥലത്തെത്തി. വൈദികനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് വന്നിരിക്കുന്നതെന്ന് അറിഞ്ഞതോടെ ചിലർ കൂട്ടമണിയടിച്ചു. ഇതോടെ കൂടുതൽ പേർ പള്ളിയിലെത്തി. ഇവർ പോലീസിനെ തടഞ്ഞുവച്ചു. മണിക്കൂറുകൾക്ക് ശേഷമാണ് പോലീസിനെ വിട്ടയച്ചത്. കേസുമായി ബന്ധപ്പെട്ട് ഫാ.ടോണി കല്ലൂക്കാരനെ ഇന്ന് കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന.
കർദിനാളിനെതിരെ അഭ്യന്തര അന്വേഷണം മാത്രമാണ് ഉദ്ദേശിക്കുന്നതെന്ന് വികാരി കൂടിയായ വൈദികൻ പറഞ്ഞത് കൊണ്ടാണ് ഇത്തരമൊരു രേഖ ഉണ്ടാക്കിയതെന്ന് ആദിത്യൻ പറഞ്ഞു. ഉറവിടം കണ്ടു പിടിക്കാതെയിരിക്കാനാണ് ആദ്യം മറ്റു സ്ഥാപനങ്ങളുടെ പേര് പറഞ്ഞതെന്നും ആദിത്യൻ പറഞ്ഞു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വൈദികനെ കേന്ദ്രീകരിച്ചാണ് തുടരന്വേഷണം. സഭയിൽ കർദിനാളിനെതിരെ വികാരം ഉയർത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. വൈദികന്റെ പേര് പുറത്തുവരാതിരിക്കാനാണ് പ്രതി നേരിട്ട് റവ. ഡോ. പോൾ തേലക്കാട്ടിന് രേഖ അയച്ച് നൽകിയത്. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ ചില ബാങ്കുകളിലുള്ള കർദിനാളിന്റെ അക്കൗണ്ടുകൾ വഴി നടത്തിയെന്ന് ആരോപിച്ചാണ് രേഖകൾ പുറത്തുവന്നത്. ഇത്തരത്തിൽ അക്കൗണ്ട് ഇല്ലെന്ന് സിനഡിൽ കർദിനാൾ വ്യക്തമാക്കിയിരുന്നു. തുടർന്ന് സിനഡിന്റെ നിർദേശ പ്രകാരം സീറോ മലബാർസഭ ഐ.ടി മിഷൻ ഡയറക്ടർ ഫാ. ജോബി മാപ്രാക്കാവിൽ ആണ് പൊലീസിൽ പരാതി നൽകിയത്. അന്വേഷണത്തിന്റെ ഭാഗമായി റവ. ഡോ. പോൾ തേലക്കാട്ടിൽ നിന്ന് മൊഴിയെടുത്തിരുന്നു. ഇ-മെയിൽ വഴി തനിക്ക് ലഭിച്ച രേഖകളാണ് ഇവയെന്നായിരുന്നു അദ്ദേഹത്തിന്റെ മൊഴി. ഇതനുസരിച്ച് ഇ-മെയിൽ ലഭിച്ച കംപ്യൂട്ടർ പരിശോധിച്ചതിൽ നിന്നുമാണ് പോലീസ് പ്രതിയിലേക്കെത്തിയത്. ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.