റിയാദ് - വിമാന യാത്രക്കിടെ ഹൃദയാഘാതമുണ്ടായി കോ-പൈലറ്റ് മരിച്ചു. സൗദിയക്കു കീഴിലെ ബജറ്റ് വിമാന കമ്പനിയായ ഫ്ളൈ അദീലിൽ അസിസ്റ്റന്റ് ക്യാപ്റ്റൻ മിസ്അബ് സുലൈമാൻ ആണ് മരിച്ചത്. യാത്രക്കിടെ കോ-പൈലറ്റിന് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ക്യാപ്റ്റൻ എമർജൻസി പ്രഖ്യാപിക്കുകയും വിമാനം റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയുമായിരുന്നു. വിമാനം ലാന്റ് ചെയ്തയുടൻ മെഡിക്കൽ സംഘം കോ-പൈലറ്റിനെ ആശുപത്രിയിലേക്ക് നീക്കിയെങ്കിലും വൈകാതെ മരണം സംഭവിച്ചു.
മറ്റൊരു സംഭവത്തിൽ, യാത്രക്കാരന്റെ ജീവൻ രക്ഷിക്കുന്നതിന് സൗദിയ വിമാനം കയ്റോ എയർപോർട്ടിൽ അടിയന്തരമായി ഇറക്കി. ഈജിപ്തിലെ അലക്സാണ്ട്രിയയിലെ ബുർജ് അൽഅറബ് എയർപോർട്ടിലേക്ക് പോവുകയായിരുന്ന വിമാനമാണ് ഈജിപ്തുകാരനായ യാത്രക്കാരന് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് കയ്റോയിൽ അടിയന്തരമായി ഇറക്കിയത്. അപ്പോഴേക്കും യാത്രക്കാരൻ മരിച്ചിരുന്നു. ലാന്റ് ചെയ്തയുടൻ എയർപോർട്ടിൽ ഹെൽത്ത് ക്വാറന്റൈൻ വിഭാഗത്തിൽനിന്നുള്ള ഡോക്ടർ വിമാനത്തിനകത്ത് കയറി നടത്തിയ പരിശോധനയിൽ യാത്രക്കാരന്റെ മരണം സ്ഥിരീകരിച്ചു.