ഓവൽ - ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനോട് ഇന്ത്യ ദയനീയമായി പരാജയപ്പെട്ടെങ്കിലും ക്യാപ്റ്റൻ വിരാട് കോഹ്‌ലി മാധ്യമങ്ങളെ നേരിട്ടത് ധീരമായ സത്യസന്ധതയോടെ. ഫൈനലിൽ പാക്കിസ്ഥാനാണ് മികച്ച ടീം. മികച്ച കളിയോടെയാണ് ഇന്ത്യൻ ടീം ഫൈനൽ വരെയെത്തിയത്. പക്ഷേ ഫൈനലിൽ എല്ലാ മേഖലയിലും ടീമിനെ പാക്കിസ്ഥാൻ നിഷ്പ്രഭമാക്കി. എങ്കിലും തലയുയർത്തി തന്നെയാണ് ഇന്ത്യൻ ടീം മടങ്ങുന്നതെന്ന് കോഹ്‌ലി മാധ്യമങ്ങളോട് പറഞ്ഞു. അത്രയധികം പ്രതീക്ഷകളും പിരിമുറുക്കവുമാണ് ടീം നേരിടുന്നതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ചൂണ്ടിക്കാട്ടി.
അവർക്ക് വിജയം പൊരുതി നേടേണ്ടി വന്നു. ബൗളിംഗിലും ഫീൽഡിംഗിലും ചെലുത്തിയ സമ്മർദ്ദത്തിലൂടെ പാക്കിസ്ഥാൻ തെറ്റുകൾ വരുത്താൻ ഇന്ത്യൻ ബാറ്റ്‌സ്മാന്മാരെ നിർബന്ധിതരാക്കി. ഫൈനലിൽ മികച്ച കളി പുറത്തെടുക്കാനായില്ല എന്ന് സമ്മതിക്കുന്നതിൽ ഒരു നാണക്കേടുമില്ല -കോഹ്‌ലി പറഞ്ഞു.
നന്നായി ചെയ്‌സ് ചെയ്യുന്ന ടീമാണെന്ന ചരിത്രമുള്ളതിനാലാണ് കോഹ്‌ലി ടോസ് കിട്ടിയപ്പോൾ ബൗളിംഗ് തെരഞ്ഞെടുത്തത്. സെമിയിൽ ബംഗ്ലാദേശിനെതിരെയും ഇതേ പാതയാണ് കോഹ്‌ലി സ്വീകരിച്ചത്. എന്നാൽ രോഹിത് ശർമയെയും കോഹ്‌ലിയെയും തന്റെ ആദ്യ രണ്ടോവറിൽ പുറത്താക്കി മുഹമ്മദ് ആമിർ ഇന്ത്യയുടെ പദ്ധതി താളം തെറ്റിച്ചു. പിന്നീട് വലിയ കൂട്ടുകെട്ടുകൾ പടുത്തുയർത്താൻ ഇന്ത്യക്കായില്ല. 'കൂട്ടുകെട്ടുകൾ സൃഷ്ടിക്കാൻ പരമാവധി ശ്രമിച്ചു. പക്ഷേ സാധ്യമായില്ല. വ്യക്തിപരമായി അതൊരു വലിയ വേദനയാണ്'.
തോൽവിക്കിടയിലും ഭുവനേശ്വർകുമാറിന്റെയും ഹാർദിക് പാണ്ഡ്യയുടെയും പ്രകടനം ഇന്ത്യക്ക് അഭിമാനമായി. മറ്റു ബൗളർമാരൊക്കെ കനത്ത ശിക്ഷ വാങ്ങിയപ്പോഴും ഭുവനേശ്വർ പത്തോവറിൽ 44 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. ഹാർദിക് ബാറ്റിംഗിലും ബൗളിംഗിലും മികവു കാട്ടി. ഭുവനേശ്വർ കഴിഞ്ഞാൽ ഏറ്റവും റൺസ് പിശുക്കിയത് ഹാർദിക്കായിരുന്നു. ആറിന് 72 ൽ ക്രീസിലെത്തിയ ഹാർദിക് 32 പന്തിൽ അർധ ശതകം തികച്ചു. 'ഹാർദിക് അടിച്ചു കസറിയപ്പോൾ ടീമിൽ പ്രതീക്ഷ വളർന്നിരുന്നു. പക്ഷേ ആശയക്കുഴപ്പം റണ്ണൗട്ടിൽ കലാശിച്ചു. ഇതൊക്കെ സാധാരണമാണ്'.
ഓപണർ ഫഖർ സമാന്റെ അതിസാഹസിക ഷോട്ടുകളാണ് ഇന്ത്യക്ക് ഏറ്റവുമധികം മുറിവേൽപിച്ചതെന്ന് കോഹ്‌ലി പറഞ്ഞു. 'പരമ്പരാഗതമല്ലാത്ത ഷോട്ടുകൾ കളിക്കുമ്പോൾ തടയുക പ്രയാസമാണ്. ഫഖറിന്റെ 80 ശതമാനം ഷോട്ടുകളും അതിസാഹസികമായിരുന്നു. പക്ഷേ ഫൈനലിൽ അതെല്ലാം വിജയം കണ്ടു. ചിലപ്പോൾ അതു കണ്ടു നിൽക്കാനേ സാധിക്കൂ'.
ഇന്ത്യക്ക് തടയാവുന്ന വീഴ്ച 25 എക്‌സ്ട്രാ റൺസ് അനുവദിച്ചതിലാണ്. ഇതിന് പരിഹാരം കണ്ടേ പറ്റൂ എന്ന് കോഹ്‌ലി പറഞ്ഞു.