തലശ്ശേരി- വടകര ലോകസഭാ മണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച സി.പി.എം വിമതൻ സി.ഒ.ടി നസീർ കഴിഞ്ഞ ദിവസം പറഞ്ഞ വാക്ക് അറംപറ്റിയ പോലെയായി. തെരഞ്ഞെടുപ്പിന് ശേഷം കല്യാണ വീടുകളിലും മരണ വീടുകളിലും മറ്റും നസീർ പോകുമ്പോൾ അദ്ദേഹത്തെ കുത്ത് വാക്ക് പറഞ്ഞും ആരോപണം ഉന്നയിച്ചും ചിലർ അപമാനിക്കുകയായിരുന്നു. ഇതിനിടെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നാൽ സ്വതന്ത്രസ്ഥാനാർത്ഥിയായ നസീറിന് നേരെ അക്രമം നടക്കുമെന്ന് കഴിഞ്ഞ ദിവസം മലയാളം ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത ഗൾഫിൽനിന്ന് വാട്ടസ്ആപ്പ് വഴി ലഭിച്ച നസീർ തനിക്ക് ഇപ്പോൾ നേരിടുന്ന അപമാനത്തിലും നല്ലത് രണ്ട് വെട്ട് കൊള്ളുന്നതാണ് നല്ലതെന്നുമായിരുന്നു നസീർ അടുത്ത സുഹൃത്തുക്കളോടും മറ്റും പറഞ്ഞത്. അറംപറ്റിയ പോലുള്ള ഈ വാക്കാണ് ഇന്നലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക് പറയാനുണ്ടായിരുന്നത്.
സി.പി.എം മുൻ ലോക്കൽ കമ്മറ്റിയംഗമായിരുന്ന സി.ഒ.ടി നസീർ മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി കണ്ണൂരിൽ വന്നപ്പോൾ കല്ലെറിഞ്ഞ കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നു. എന്നാൽ സി.പി.എമ്മുമായുള്ള അഭിപ്രായ വ്യത്യാസത്തെതുടർന്ന് സി.പി.എം നേതൃത്വം തന്റെ പേര് മനപൂർവ്വം നൽകുകയായിരുന്നെന്ന് നസീർ പരാതിപ്പെടുകയും ചെയ്തിരുന്നു. പിന്നീട് ഉമ്മൻചാണ്ടി തലശ്ശേരി ഗസ്റ്റ് ഹൗസിലെത്തിയപ്പോൾ അദ്ദേഹത്തെ നേരിൽകണ്ട് തന്റെ നിരപരാധിത്വം നസീർ അറിയിക്കുകയും ചെയ്തു. ബിസിനസ് ആവശ്യത്തിന് വിദേശത്ത് പോകാനുള്ള വഴിയും പാർട്ടി നേതൃത്വം ഒരിക്കൽ കൊട്ടിയടച്ചിരുന്നു. കേസിൽപ്പെടുത്തി പാസ്‌പോർട്ട് നൽകാതെ നസീറിനെ കൂച്ചുവിലങ്ങിടുകയും ചെയ്തു. ഒടുവിൽ ഹൈക്കോടതി വരെ നീണ്ട നിയമ പോരാട്ടം നടത്തിയാണ് നീസർപാസ്‌പോർട്ട് കൈക്കലാക്കിയിരുന്നത്.
കൂടുതൽ വാർത്തകൾക്കായ് ഇവിടെ ക്ലിക് ചെയ്ത് വാട്‌സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
സി.പി.എം അംഗത്വത്തിനുള്ള അപേക്ഷാ ഫോറത്തിൽ ജാതിയും മതവും പൂരിപ്പിക്കണമെന്ന നിർദേശത്തിനെതിരെയായിരുന്നു നസീർ ആദ്യം പാർട്ടി നേതൃത്വവുമായി ഏറ്റുമുട്ടിയിരുന്നത്. എല്ലാ മതത്തെയും ഒരേ പോലെ കാണുന്ന കമ്യൂണിസ്റ്റ് പാർട്ടിക്ക് മതമെന്തിനെന്നായിരുന്നു നസീറിന്റെ ചോദ്യം. തന്റെ പാർട്ടി മെമ്പർഷിപ്പ് കോളത്തിൽ ജാതിയും മതവും പൂരിപ്പിക്കാതെ നിന്നപ്പോൾ അംഗത്വം നഷ്ടപ്പെടുകയും ചെയ്തു. തുടർന്ന് അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് നസീർ കത്തെഴുതുകയും ജാതിമത വർഗ വ്യത്യാസം കമ്യൂണിസത്തിൽ സ്ഥാനമുണ്ടോയെന്ന ചോദ്യമുന്നയിക്കുകയും ചെയ്തു. എന്നാൽ ഇതിന് പാർട്ടി സെക്രട്ടറി ഇതുവരെ മറുപടിയും നൽകിയിരുന്നില്ല. ഇതോടെ പാർട്ടിയോട് നസീർ അകലുമകയായിരുന്നു. അദ്ദേഹത്തിന്റെ പാർട്ടിം അംഗത്വം പുതുക്കാതെ ഇരിക്കുകയുമായിരുന്നു.
സി.പി.എം ലേബലിൽ തലശ്ശേരി നഗരസഭയിലെ കൗൺസിലാറായി വിജയിച്ചെങ്കിലും അനീതിക്കെതിരെ നസീർ പടപൊരുതി. അതിന് പാർട്ടിയുടെ നിയന്ത്രണം അദ്ദേഹം ഭേദിക്കുകയും ചെയ്യുകയായിരുന്നു. ഇതും പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചു. സി.പി.എം ഭരിക്കുന്ന നഗരസഭയിൽ സി.പി.എം അംഗം തന്നെ അീതിക്കും അഴിമതിക്കുമെതിരെ പടനയിച്ചപ്പോൾ അത് മാധ്യമ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പാർട്ടിയിൽ നിന്ന് വിട്ട് നിന്ന നസീർ കീവീസ് ക്ലബ്ബ് എന്ന പേരിൽ കൂട്ടായ്മ ഉണ്ടാക്കി ഒട്ടേറെ ജനോപകാര പ്രദമായ പദ്ധതികൾ നടപ്പിലാക്കി. പാവപ്പെട്ട ഒട്ടേറെപ്പേർക്ക് യുവകൂട്ടായ്മ നിരവധി സഹായങ്ങളും നൽകി. ഇതിന്റെ ബലത്തിൽ തന്നെയാണ് നസീർ ഇത്തവണ വടകരയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സര രംഗത്ത് ഇറങ്ങിയതും. മാറ്റി കുത്തിയാൽ മാറ്റം കാണാം എന്ന മുദ്രാവാക്യമുയർത്തി നസീർ തന്റെ പ്രചരണം മണ്ഡലത്തിൽ കൊഴുപ്പിക്കുകയും ചെയ്തത് ഇടതുപക്ഷത്തെ വിറളിപിടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മേപ്പയൂരിൽ വെച്ച് രണ്ട് തവണ നസീറിന് സി.പി.എം പ്രവർത്തകരുടെ അക്രമം നേരിടേണ്ടി വന്നിരുന്നു.