Sorry, you need to enable JavaScript to visit this website.

മെട്രോയിൽ  യാത്രക്കാർ ഇടിച്ചുകയറി

65,000 യാത്രക്കാർ, കളക്ഷൻ 20.50 ലക്ഷം രൂപ

കൊച്ചി- മെട്രോ റെയിൽ യാത്രക്കാർക്കായി തുറന്നു കൊടുത്ത ഇന്നലെ ജനം ഇടിച്ചു കയറി. രാവിലെ അഞ്ചു മണിക്കാരംഭിച്ച ജനപ്രവാഹം രാത്രി പത്തു വരെ തുടർന്നു. 20.50 ലക്ഷം രൂപയാണ് ആദ്യ ദിനത്തിൽ മെട്രോ കളക്ട് ചെയ്തത്. 65,000 ഓളം യാത്രക്കാർ ഇന്നലെ മെട്രോയിൽ യാത്ര ചെയ്തു.
രാവിലെ ആറ് മണി മുതൽ രാത്രി 10 മണി വരെയുള്ള മെട്രോ റെയിൽ സർവീസിൽ രാവിലെയും വൈകീട്ടുമാണ് വൻ തിരക്കുണ്ടായത്. രാവിലെ അഞ്ച് മണിയോടെ തന്നെ മെട്രോയിൽ യാത്ര ചെയ്യാൻ ജനങ്ങൾ എത്തിത്തുടങ്ങിയിരുന്നു. ആറു മണിക്കുള്ള ആദ്യ സർവീസിൽ പരമാവധി യാത്രക്കാർ കയറി. ആലുവയിലെയും പാലാരിവട്ടത്തെയും സ്റ്റേഷനുകളിലെ അഞ്ച് വീതം കൗണ്ടറുകളിൽ വലിയ ക്യൂവാണ് രൂപപ്പെട്ടത്. 10 മിനിറ്റ് ഇടവിട്ടുള്ള മെട്രോ സർവീസിൽ യാത്ര ചെയ്യാൻ അണ മുറിയാതെ പകൽ മുഴുവൻ യാത്രക്കാർ എത്തിക്കൊണ്ടിരുന്നതിൽ ക്യൂ നിരന്തരം തുടർന്നു.
ആദ്യത്തെ നിലയിൽ ടിക്കറ്റെടുത്ത് രണ്ടാമത്തെ നിലയിലെ പ്ലാറ്റ്‌ഫോമിലേക്ക് യാത്രക്കാർക്ക് പോകാൻ എസ്‌കലേറ്ററും ലിഫ്റ്റും നിരന്തരം പ്രവർത്തിച്ചു കൊണ്ടിരുന്നു. ആദ്യമായി മെട്രോയിൽ വരുന്ന യാത്രക്കാർക്ക് യാതൊരു ആശയക്കുഴപ്പവും ഉണ്ടാകാതിരിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ കെ.എം.ആർ.എൽ ഏർപ്പെടുത്തിയിരുന്നു. ടിക്കറ്റെടുത്ത് മുന്നോട്ടു നീങ്ങുന്ന യാത്രക്കാർക്ക് ലഗേജ് സ്‌കാനറും മെറ്റൽ ഡിറ്റക്ടറും ഡിജിറ്റൽ ടിക്കറ്റ് കൗണ്ടറും കടന്നു വേണം അടുത്ത നിലയിലേക്ക് കയറാൻ. ടിക്കറ്റ് ഡിജിറ്റൽ കൗണ്ടറിലെ സ്‌കാനറിൽ ചേർത്തുവെച്ച് ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്താൽ മാത്രമേ മുന്നോട്ടു പോകാനുള്ള വാതിൽ തുറക്കൂ. ഈ ടിക്കറ്റ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത് വരെ സൂക്ഷിക്കുകയും വേണം. പുറത്തിറങ്ങാൻ വാതിൽ തുറക്കണമെങ്കിലും ഈ ടിക്കറ്റ് സ്‌കാനറിൽ വെച്ച് സ്‌കാൻ ചെയ്യേണ്ടതുണ്ട്. ഇതു മാത്രമാണ് യാത്രക്കാർക്ക് അൽപമെങ്കിലും ആശയക്കുഴപ്പമുണ്ടാക്കിയത്. പതിവ് യാത്രക്കാർക്കായി കൊച്ചി വൺ കാർഡിന്റെ വിതരണവും പ്രധാന സ്റ്റേഷനുകളിൽ തുടങ്ങിയിട്ടുണ്ട്. 
പ്ലാറ്റ്‌ഫോമിൽ കാത്തു നിൽക്കുന്നവർ മഞ്ഞ നിറത്തിൽ മാർക്ക് ചെയ്തിട്ടുള്ള നിയന്ത്രണ രേഖ കടക്കാതെ നോക്കാൻ സെക്യൂരിറ്റി ജീവനക്കാർ ജാഗ്രതയോടെയുണ്ട്. 10 മിനിറ്റിന്റെ ഇടവേളയിൽ സ്റ്റേഷനിലെത്തുന്ന മെട്രോ ട്രെയിൻ യാത്രക്കാർ കയറിയാലുടൻ പുറപ്പെടുകയായി. ഓരോ സ്‌റ്റേഷനിലും 30 സെക്കൻഡാണ് നിർത്തുക. മെട്രോ റെയിലിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനേക്കാൾ നിന്നു യാത്ര ചെയ്യുന്നതിനാണ് യാത്രക്കാർ താൽപര്യം കാട്ടിയത്. മെട്രോ യാത്രയിലെ കാഴ്ചകൾ ആസ്വദിക്കണമെങ്കിൽ നിന്നു തന്നെ യാത്ര ചെയ്യണം.
സിങ്കപ്പൂരിലെയും മലേഷ്യയിലെയും മെട്രോ റെയിലിനോട് കിടപിടിക്കുന്നതാണ് കൊച്ചി മെട്രോയിലെ കോച്ചുകളെന്ന് വിദേശത്ത് മെട്രോ യാത്ര നടത്തിയ ആലുവ സ്വദേശി അജിത് കുമാർ ആദ്യ യാത്രാനുഭവം പങ്കിട്ടുകൊണ്ട് പറഞ്ഞു. മെട്രോ യാത്ര ഇഷ്ടപ്പെട്ടുവെന്ന് എല്ലാവരും ഒരേ സ്വരത്തിലാണ് പറയുന്നത്. മെട്രോ ഞങ്ങൾ കൊച്ചിക്കാർക്ക് ചെറിയ അഹങ്കാരമാണെന്ന് എഞ്ചിനീയറിംഗ് വിദ്യാർഥിനിയായ ഹിമ പ്രതികരിച്ചു. മെട്രോ മഹാരാജാസ് വരെയെങ്കിലും ഓടിയാൽ നന്നായിരുന്നുവെന്നാണ് സ്ഥിരം യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവരുടെ ആഗ്രഹം. ആലുവയിൽ നിന്ന് പാലാരിവട്ടത്ത് ഇറങ്ങി പിന്നെ വീണ്ടും ബസ് പിടിച്ചു യാത്ര തുടരുന്നത് പതിവ് യാത്രക്ക് പറ്റില്ലെന്ന് അവർ പറയുന്നു. 
ആലുവയിൽ നിന്ന് പാലാരിവട്ടം വരെ 40 രൂപയാണ് മെട്രോ നിരക്ക്. ബസിൽ യാത്ര ചെയ്യുമ്പോൾ 15 രൂപയിൽ താഴെ മാത്രമാണ് കൊടുക്കേണ്ടി വരുന്നത്. എന്നാൽ ഗതാഗതക്കുരുക്കിൽ പെടാതെയും പൊടിപടലങ്ങളേൽക്കാതെയും എയർ കണ്ടീഷൻ ചെയ്ത കോച്ചിൽ യാത്ര ചെയ്യുന്നതിന് ഈ നിരക്ക് കൂടുതലല്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു. ആലുവ സ്റ്റേഷനിലും പാലാരിവട്ടം സ്റ്റേഷനിലുമുള്ള തിരക്ക് ഇടക്കുള, പുളിഞ്ചോട്, അമ്പാട്ടുകാവ്, മുട്ടം, പത്തടിപ്പാലം തുടങ്ങിയ സ്റ്റേഷനുകളിൽ കാണപ്പെട്ടില്ല. ചില സ്റ്റേഷനുകളിൽ പകൽ സമയത്ത് ഒറ്റയാൾ പോലും കയറാനില്ലായിരുന്നു. രാത്രി ഏഴ് മണി വരെയുള്ള കണക്കനുസരിച്ച് 20,42,740 രൂപയാണ് കൊച്ചി മെട്രോയുടെ ആദ്യദിന കളക്ഷൻ. 62,320 പേരാണ് ഏഴ് മണി വരെ യാത്ര ചെയ്തത്. 
 

Latest News