കണ്ണൂര്‍- കള്ളവോട്ടു നടന്ന ബൂത്തുകളില്‍ നാളെ വീണ്ടും വോട്ടെടുപ്പു നടക്കാനിരിക്കെ സിപിഎമ്മിനെ വെട്ടിലാക്കി പുതിയ പര്‍ദ വിവാദം. തിരിച്ചറിയാനാവാത്ത വിധം പര്‍ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിച്ചുകൂടെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ പ്രസംഗമാണ് വിവാദമായത്. വോട്ടു ചെയ്യാന്‍ ക്യൂവില്‍ നില്‍ക്കുന്ന ഘട്ടം മുതല്‍ മുഖംപടം മാറ്റണം. സിസിടിവിയിലും വെബ് ക്യാമറയിലും വിഡിയോ പകര്‍ത്തുമ്പോഴും മുഖം വ്യക്തമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്യാമറയ്ക്കു മുമ്പില്‍ മുഖം പൂര്‍ണമായും മറച്ച് എത്തുന്നവരെ വോട്ടു ചെയ്യാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ അനുവദിക്കുമോ എന്നും ജയരാജന്‍ ചോദിച്ചു. ഇങ്ങനെയാണെങ്കില്‍ പുതിയങ്ങാടിയിലും പാമ്പുരുത്തിയിലും കള്ള വോട്ട് തടയാന്‍ കഴിയും. ഈ ബൂത്തുകളില്‍ എല്‍ഡിഎഫിന്റെ വോട്ടു കൂടുകയും യുഡിഎഫിന്റെ വോട്ട് കുറയുകയും ചെയ്യുമെന്നും ജയരാജന്‍ പ്രസംഗിച്ചു.