കോട്ടയം- കെവിൻ വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. പതിനൊന്നാം പ്രതിയുടെ മൊബൈൽ ഫോൺ കണ്ടെത്തിയതിന് സാക്ഷിയായ ഇംതിയാസാണ് പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റിയത്. 102-ാം സാക്ഷിയായ ഇയാൾ ഫോൺ കണ്ടെടുത്തത് തന്റെ സാന്നിധ്യത്തിലല്ല എന്നാണ് കോടതിയിൽ മൊഴി നൽകിയത്. ഷാനു ചാക്കോ ഉൾപ്പെടെയുള്ള 13 പ്രതികൾ കോട്ടയത്തേക്കും, തിരികെ കൊല്ലത്തേക്കുമുള്ള യാത്രാമധ്യേ എ.ടി.എം കാർഡ് സൈ്വപ്പ് ചെയ്ത് ഇന്ധനം നിറച്ചത് പേരൂർക്കട എസ്.ബി.ഐ ബ്രാഞ്ച് മാനേജർ കൃഷ്ണചന്ദ്രൻ സ്ഥിരീകരിച്ചു. കെവിന്റെ മൃതദേഹം കണ്ടത് പോലീസിനെ വിളിച്ചറിയിച്ച പൊതുപ്രവർത്തകൻ റെജി ജോൺസൺ ഉൾപ്പെടെ എട്ടു സാക്ഷികൾ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി.
വിചാരണക്കിടെ ആറ് സാക്ഷികളാണ് കേസിൽ ഇതുവരെ കൂറുമാറിയത്. ഫസൽ ഷെറിന്റെ വീട്ടിൽ നിന്ന് എന്തൊക്കെയോ എടുക്കുന്നത് കണ്ടു. പക്ഷേ ഫോൺ കണ്ടില്ല. ഫസലിനെ കുട്ടിക്കാലം മുതൽ അറിയാം. അവനെ ശിക്ഷിക്കരുതെന്നാണ് ആഗ്രഹമെന്നും ഇംതിയാസ് കോട്ടയം സെഷൻസ് കോടതിയിൽ പറഞ്ഞു.
കെവിന്റെ മൃതശരീരവും വസ്ത്രങ്ങളും തിരിച്ചറിഞ്ഞ ബന്ധു ബൈജി, മാന്നാനം സ്വദേശി സുരേഷ്, 9-ാം പ്രതി ടിറ്റു ജെറോമിന്റെ വീട്ടിൽനിന്ന് ഫോൺ കണ്ടെടുത്ത് കൈമാറിയതിന്റെ സാക്ഷി ചന്ദ്രശേഖരപ്പിള്ള, പോലീസ് ഉദ്യോഗസ്ഥരായ ശ്രീരംഗൻ, ജേക്കബ്, പത്മകുമാർ, റോയി ജേക്കബ് എന്നിവരെയാണ് വിസ്തരിച്ചത്.