ലണ്ടന്‍- മിഡില്‍ ഈസ്റ്റ് ഇപ്പോള്‍ സംഘര്‍ഷ മേഖലയായതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇറാനാണെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് ആവര്‍ത്തിച്ചു. യു.എ.ഇ തീരത്ത് നാല് എണ്ണ ടാങ്കറുകള്‍ക്ക് നേരെ നടന്ന അട്ടിമറി ആക്രമണം മേഖലയിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കിയിരിക്കയാണെന്ന് സി.എന്‍.എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
അമേരിക്കയേയും ഗള്‍ഫ് സഖ്യകക്ഷികളേയും ഒരു ഭാഗത്തും ഇറാനെ മറുഭാഗത്തുമാക്കിയ സങ്കീര്‍ണ സാഹചര്യത്തിലാണ് എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടത്. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും എന്താണ് സംഭവിച്ചതെന്ന് ദിവസങ്ങള്‍ക്കകം വ്യക്തമാകുമെന്നും ഗര്‍ഗാഷ് പറഞ്ഞു.
ഇറാന്‍ പിന്തുണയുള്ള ഹൂത്തി വിമതര്‍ എണ്ണ പൈപ്പ് ലൈനുകള്‍ക്ക് നേരെ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി സൗദി അറേബ്യയും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.