തിരുവനന്തപുരം- സംസ്ഥാന ഭരണപരിഷ്‌കരണ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്റെ പേര് അപ്രത്യക്ഷം. കമ്മീഷന്‍ അംഗങ്ങളുടെ ചിത്രങ്ങള്‍ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുമ്പോഴാണ് സൈറ്റില്‍ നിന്ന് ചെയര്‍മാനായ അച്യുതാനന്ദന്റെ ചിത്രവും പേരും അപ്രത്യക്ഷമായത്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുള്ളതിനാലാണ് വിഎസിന്റെ ചിത്രം വെബ്‌സൈറ്റില്‍ നിന്ന് നീക്കിയതെന്നാണ് യാഥാര്‍ഥ്യം. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പു വരെ വിഎസിന്റെ ചിത്രം വെബ്‌സൈറ്റില്‍ ഒന്നാമതായി ഉണ്ടായിരുന്നു. ചെയര്‍മാന് പുറമെ മുന്‍ ചീഫ് സെക്രട്ടറിമാരായ സി.പി.നായര്‍, നീല ഗംഗാധരന്‍ എന്നിവര്‍ അംഗങ്ങളും മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ഷീല തോമസ് മെംബര്‍ സെക്രട്ടറിയുമാണ്.വിഎസ് ഇപ്പോഴും ചെയര്‍മാന്‍ സ്ഥാനത്തുണ്ടെന്നും ചിത്രം ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്നും കമ്മിഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.
മുന്‍ മുഖ്യമന്ത്രിയായ വിഎസ് ക്യാബിനറ്റ് പദവിയോടെയാണ് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായത്. അതുകൊണ്ട് തന്നെ പെരുമാറ്റചട്ടം നിലവിലുള്ളതിനാല്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ചിത്രങ്ങള്‍ സൈറ്റില്‍ നിന്ന് നീക്കുകയായിരുന്നു.