മഞ്ചേരി-മന്ത്രി കെ.ടി ജലീലിനെതിരായ ലീഗിന്റെ മറ്റൊരു പ്രക്ഷോഭം കൂടി തിരിഞ്ഞുകുത്തുന്നു. വിവാദ പീഡനക്കേസില്‍ പ്രതിയായ ഇടതുപക്ഷ കൗണ്‍സിലറുടെ വക്കീല്‍ തന്നെ ഇപ്പോള്‍ യൂത്ത് ലീഗ് നേതാവാണ്. കൗണ്‍സിലറെ മന്ത്രി കെ.ടി ജലീല്‍ സംരക്ഷിക്കുന്നുവെന്ന ആരോപണവുമായി പ്രക്ഷോഭം നടത്തിയ യൂത്ത്‌ലീഗിനെ പ്രതിരോധത്തിലാക്കുന്നതാണ് നേതാവിന്റെ ഈ ആഗമനം.
പുല്‍പ്പറ്റ പഞ്ചായത്ത് യൂത്ത്‌ലീഗ് വൈസ് പ്രസിഡന്റ് അഡ്വ. കെ.വി യാസറാണ് ജില്ലാ കോടതിയില്‍ പോക്‌സോ കേസിലെ പ്രതി ഷംസുദ്ദീന്‍ നടക്കാവിലിന് വേണ്ടി ഹാജരാകുന്നത്. വിദേശത്ത് ഒളിവിലുള്ള ഷംസുദ്ദീന് മുന്‍കൂര്‍ ജാമ്യത്തിനായുള്ള ഹര്‍ജിയില്‍ വക്കാലത്ത് നല്‍കിയത് ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരായ അഡ്വ.ബി.എ ആളൂരാണ്. മലപ്പുറം ജില്ലയില്‍ ആളൂരിന് വക്കാലത്തുള്ള കേസില്‍ താനാണ് ഹാജരാകാറെന്നാണ് യൂത്ത് ലീഗ് നേതാവ് അഡ്വ. കെ.വി യാസറിന്റെ വിശദീകരണം. എന്നാല്‍ ഇത് യൂത്ത് ലീഗ് നേതൃത്വം മുഖവിലയ്‌ക്കെടുത്തിട്ടില്ല.
മന്ത്രി കെ.ടി ജലീലിന്റെ ഉറ്റ സുഹൃത്താണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വളാഞ്ചേരിയിലെ നഗരസഭ കൗണ്‍സിലര്‍ ഷംസുദ്ദീന്‍ നടക്കാവ്. ജലീലുമായി നിയമസഭാ സമിതിയാത്രക്കൊപ്പം ഷംസുദ്ദീന്‍ അനുഗമിച്ചതിന്റെയും വിനോദയാത്രകളുടെയും ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഷംസുദ്ദീന്റെ കാറില്‍ എം.എല്‍.എ ബോര്‍ഡൊട്ടിച്ച് ജലീലും ഷംസുദ്ദീനും നില്‍ക്കുന്ന പടങ്ങളും വിവാദമായി. പോക്‌സോ കേസില്‍ പ്രതിചേര്‍ത്തതോടെ ഷംസുദ്ദീന്‍ വിദേശത്തേക്ക് മുങ്ങുകയായിരുന്നു.
മന്ത്രി ജലീലിന് പരാതി നല്‍കിയിട്ടും ഷംസുദ്ദീനെ പിടികൂടാന്‍ നടപടിയെടുക്കാതെ സംരക്ഷിച്ചുവെന്ന ആരോപണം പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും ജലീലിനെതിരെ ഉയര്‍ത്തി. ഇതോടെ കേസില്‍ ജലീലിനെയും പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്‌ലീഗ് മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. വീണുകിട്ടിയ 'ആയുധം' ഉപയോഗിച്ച് വളഞ്ഞിട്ട് ജലീലിനെ ആക്രമിക്കുകയാണ് ലീഗും പോഷക സംഘടനകളും ചെയ്തിരുന്നത്. ഈ വിവാദം കത്തി നില്‍ക്കെ തന്നെ ഷംസുദ്ദീനുവേണ്ടി കോടതിയില്‍ യൂത്ത് ലീഗ് നേതാവ് ഹാജരായത് എന്തായാലും കെ.ടി ജലീലിനിപ്പോള്‍ പിടിവള്ളിയായിട്ടുണ്ട്.