ദുബായ് - സൗദി അറേബ്യ, യു.എ.ഇ, നോർവേ എന്നീ രാജ്യങ്ങളുടെ നാലു എണ്ണക്കപ്പലുകൾ ലക്ഷ്യമിട്ട് കഴിഞ്ഞ ഞായറാഴ്ചയുണ്ടായ ആക്രമണങ്ങളെ കുറിച്ച അന്വേഷണത്തിൽ യു.എ.ഇക്കു പുറമെ അമേരിക്കയും ഫ്രാൻസും പങ്കാളിത്തം വഹിക്കുന്നതായി യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് പറഞ്ഞു. അന്വേഷണത്തിൽ പങ്കാളിത്തം വഹിക്കുന്നതിന് മറ്റു രാജ്യങ്ങളും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുൻവിധികൾ പ്രസ്താവിക്കാതെ, കപ്പൽ ആക്രമണങ്ങളെ വിവേകത്തോടെയാണ് യു.എ.ഇ കൈകാര്യം ചെയ്തത്. കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണങ്ങളിൽ സൗദി അറേബ്യയും യു.എ.ഇയും നോർവേയും യു.എൻ രക്ഷാസമിതിക്ക് കത്ത് നൽകിയിട്ടുണ്ട്. മൂന്നു രാജ്യങ്ങളും ഇന്റർനാഷണൽ മാരിറ്റൈം ഓർഗനൈസേഷനും സമാന കത്ത് നൽകിയിട്ടുണ്ട്. കപ്പലുകൾക്കു നേരെയുള്ള ആക്രമണം പുതിയ വെല്ലുവിളിയാണ്. ഇത് ക്ഷമയോടെയും സുതാര്യമായും കൈകാര്യം ചെയ്യേണ്ടതുണ്ട്. കൂടുതൽ സുതാര്യത ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് അന്വേഷണത്തിൽ മറ്റു രാജ്യങ്ങളുടെയും പങ്കാളിത്തം പ്രയോജനപ്പെടുത്തുന്നത്.
നിലവിലെ സാഹചര്യത്തിൽ ഇറാൻ ആത്മപരിശോധന നടത്തണം. ഇറാന്റെ നയങ്ങളാണ് മേഖലയെ ഇന്നത്തെ സ്ഥിതിയിലെത്തിച്ചത്. മേഖലയിലെ അസ്ഥിരതക്ക് പ്രധാന ഉത്തരവാദികൾ തങ്ങളാണെന്ന് ഇറാൻ മനസ്സിലാക്കണം. അറബ് രാജ്യങ്ങൾക്ക് ഒരു പങ്കുമില്ല എന്നതാണ് ഇറാനുമായുള്ള ആണവ കരാറിന്റെ ഏറ്റവും വലിയ തകരാറ്. അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിനുള്ള ലൈസൻസ് ആയി ആണവ കരാറിനെ ഇറാൻ കാണുകയായിരുന്നു. ഭാവിയിൽ ഇറാനുമായി ഒപ്പുവെക്കുന്ന ഏതു കരാറിലും അറബ് രാജ്യങ്ങൾക്കു കൂടി പങ്കുണ്ടായിരിക്കണമെന്നും യു.എ.ഇ വിദേശകാര്യ സഹമന്ത്രി ആവശ്യപ്പെട്ടു.
ഗുരുതരമായ ഘട്ടത്തിലൂടെയാണ് മേഖല കടന്നുപോകുന്നത്. ആത്മസംയമനവും ക്ഷമയും പാലിക്കുന്നത് യു.എ.ഇ തുടരും. മേഖലയിൽ തുറന്ന യുദ്ധമുണ്ടാകുന്നത് ഒരു രാജ്യത്തിനും ഗുണം ചെയ്യില്ല. യുദ്ധമൊഴിവാക്കുന്നതിന് സാധ്യമായതെല്ലാം യു.എ.ഇ ചെയ്യും. മേഖലാ സുരക്ഷ ഉറപ്പു വരുത്തുന്നതിന് സൗഹൃദ രാജ്യങ്ങളുമായും സഖ്യരാജ്യങ്ങളുമായും യു.എ.ഇ ഏകോപനം തുടരും. മേഖലയിൽ ഇറാൻ പ്രവർത്തന ശൈലി മാറ്റണം. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ആഗോള സമൂഹത്തിനുള്ള ഭീതി ഇറാൻ മുഖവിലക്കെടുക്കണം. രാജ്യരക്ഷയും ഭദ്രതയും ഉറപ്പു വരുത്തുന്നതിന് യു.എ.ഇക്ക് ശേഷിയുണ്ട്. തുറന്ന യുദ്ധമെന്ന തിരക്കഥ ഒഴിവാക്കി പകരം തർക്കങ്ങൾ പരിഹരിക്കുന്നതിന് നയതന്ത്ര മാർഗങ്ങൾ അവലംബിക്കണമെന്നും ഡോ. അൻവർ ഗർഗാശ് ആവശ്യപ്പെട്ടു.