Sorry, you need to enable JavaScript to visit this website.

നിലം നികത്താൻ വ്യാജരേഖ:  വിജിലൻസ് കേസെടുത്തു

കൊച്ചി- ആലുവ ചൂർണിക്കരയിലെ തണ്ണീർതടം നികത്തി കരഭൂമിയാക്കാൻ വ്യാജരേഖ ചമച്ച കേസിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. നേരത്തെ കേസിൽ പോലീസ് അറസ്റ്റു ചെയ്ത തിരുവനന്തപുരം ലാൻഡ് റവന്യു കമ്മീഷണറേറ്റിലെ ഓഫീസ് അസിസ്റ്റന്റ് കെ.അരുൺ കുമാർ, ഇടനിലക്കാരനായി പ്രവർത്തിച്ച അബു എന്നിവരെ പ്രതിയാക്കിയാണ് വിജിലൻസ് എറണാകുളം യൂനിറ്റ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കൈക്കൂലി, വ്യാജരേഖ ചമക്കൽ, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കേസിൽ വിശദമായ അന്വേഷണമായിരിക്കും നടത്തുകയെന്ന് വിജിലൻസ് സെൻട്രൽ റേഞ്ച് എറണാകുളം എസ്.പി കെ.കാർത്തിക് പറഞ്ഞു. ഇതു സംബന്ധിച്ച് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി കഴിഞ്ഞ ദിവസം വിജിലൻസ് ഡയറക്ടർക്ക് അന്വേഷണ റിപോർട്ട് നൽകിയിരുന്നു. ഇതേ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യാൻ ഡയറക്ടർ നിർദേശം നൽകിയിരുന്നു. പോലീസ്  അറസ്റ്റ് ചെയ്തതിനു പിന്നാലെ അരുണിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. അന്വേഷണത്തിൽ അരുണാണ് വ്യാജ ഉത്തരവിൽ കമ്മീഷണറേറ്റിലെ സീലും ഒപ്പും വെച്ചതെന്ന് കണ്ടത്തിയിരുന്നു.
ചൂർണിക്കര വില്ലേജിലുള്ള മതിലകം സ്വദേശിയായ ഹംസ, ഹംസയുടെ ഭാര്യ, മകൾ എന്നിവരുടെ ഉടമസ്ഥതയിലുള്ള റവന്യൂ രേഖകളിൽ നിലമായി കിടക്കുന്ന 71 സെന്റ്് സ്ഥലം കരഭൂമിയാക്കി മാറ്റുന്നതിനായി ഒരു വർഷം മുമ്പാണ് ശ്രീമൂലനഗരം അപ്പേലി വീട്ടിൽ അബുട്ടി (അബു-39) യെ സമീപിക്കുന്നത്. ആവശ്യം നടത്തി നൽകാമെന്ന് അബു ഉറപ്പു കൊടുത്തു. തുടർന്ന് വില്ലേജ് ഓഫീസ് വഴിയും ആർ.ഡി ഓഫിസു വഴിയും ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെയാണ് അബുവിന്റെ ബന്ധുവിന്റെ സുഹൃത്തായ ലാന്റ് റവന്യൂ കമ്മീഷണർ ഓഫീസിലെ ജീവനക്കാരനായ അരുണിനെ സമീപിച്ചത്. റവന്യു ഭാഷയിൽ ഉത്തരവ് തയാറാക്കാൻ പ്രാവീണ്യമുള്ള അബു വ്യാജരേഖ ചമച്ച് അരുണിന് 30,000 രൂപ നൽകി രേഖയിൽ ലാന്റ് റവന്യു കമ്മീഷണർ ഓഫീസിലെ സീലും സീനിയർ സൂപ്രണ്ടിന്റെ നെയിം സീലും പതിപ്പിച്ചു. ഇതു കൂടാതെ അബു ആർ.ഡി. ഓഫീസിൽ നിന്നുള്ള ഉത്തരവും വ്യാജമായി തയാറാക്കി പഴയ ഉത്തരവിലെ ഒരു ഡിജിറ്റൽ സിഗ്നേച്ചർ ഇതിൽ വെട്ടിയൊട്ടിച്ച ശേഷം ഇതിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്ത് വില്ലേജ് ഓഫീസിൽ നൽകി. എന്നാൽ ഇതിൽ സംശയം തോന്നിയ വില്ലേജ് ഓഫീസർ മേലധികാരികളെ ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്.

Latest News