Sorry, you need to enable JavaScript to visit this website.

ആണവ കരാറില്‍നിന്ന് പിന്മാറുന്നത് ഗുണം ചെയ്യില്ലെന്ന് ഇറാനെ ഉണര്‍ത്തി റഷ്യ

റിയാദ് - ആണവ കരാറിൽ നിന്ന് ഇറാൻ പുറത്തു പോകുന്നതിൽ താൻ ഒരു പ്രയോജനവും കാണുന്നില്ലെന്ന് റഷ്യൻ പ്രസിഡന്റ് വഌഡ്മിർ പുട്ടിൻ പറഞ്ഞു. ഇക്കാര്യം പല തവണ ഇറാൻ നേതാക്കളോട് താൻ പറഞ്ഞതാണ്. റഷ്യ സംഘർഷങ്ങൾ അണക്കുന്ന അഗ്നിശമന സംഘമല്ല. 
എല്ലാ കാര്യങ്ങളും രക്ഷിക്കുന്നതിന് റഷ്യക്ക് ഒറ്റക്ക് സാധിക്കില്ല. തങ്ങളുടെ പങ്ക് റഷ്യ നിർവഹിച്ചിട്ടുണ്ട്. ഇറാൻ പ്രശ്‌നത്തിൽ ക്രിയാത്മക പങ്ക് വഹിക്കുന്നത് തുടരാൻ റഷ്യ ഒരുക്കമാണ്. എന്നാൽ ഇത് റഷ്യയെ മാത്രം ആശ്രയിച്ചല്ല ഇരിക്കുന്നത്, മറിച്ച്, അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഇറാനും അടക്കം എല്ലാ പങ്കാളികളെയും ആശ്രയിച്ചിരിക്കുന്നതായും പുട്ടിൻ പറഞ്ഞു.
2015 ൽ വൻശക്തി രാജ്യങ്ങളുമായുണ്ടാക്കിയ ആണവ കരാർ പ്രകാരമുള്ള ചില പ്രതിജ്ഞാബദ്ധതകൾ പാലിക്കുന്നത് മരവിപ്പിക്കാൻ ഇറാൻ തീരുമാനിച്ചിട്ടുണ്ട്. ഇറാൻ ആണവ കരാറിൽ നിന്ന് അമേരിക്ക പിൻവാങ്ങി ഒരു വർഷം പിന്നിട്ട ശേഷമാണ് ഇറാന്റെ പുതിയ തീരുമാനം. ആണവ കരാറിൽ നിന്ന് പിൻവാങ്ങിയതിനു പിന്നാലെ രണ്ടു ഘട്ടമായി ഇറാനെതിരെ അമേരിക്ക സാമ്പത്തിക ഉപരോധം ബാധകമാക്കിയിട്ടുണ്ട്. 2018 ഓഗസ്റ്റിലും നവംബറിലുമാണ് എണ്ണ അടക്കമുള്ള ഏതാനും മേഖലകൾക്ക് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സാമ്പത്തിക ഉപരോധം ബാധകമാക്കിയത്. 
പുതിയ സംഭവ വികാസങ്ങൾ മേഖലയെ യുദ്ധഭീതിയിലാക്കിയിട്ടുണ്ട്. യു.എ.ഇ തീരത്തു വെച്ച് എണ്ണ കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണങ്ങളിൽ ഇറാനുള്ള പങ്കിനും സൗദിയിൽ എണ്ണ പമ്പിംഗ് നിലയങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയതായി  ഹൂത്തികൾ സമ്മതിച്ചതിനും പിന്നാലെ ആണവ കരാർ പ്രകാരമുള്ള പ്രതിജ്ഞാബദ്ധതകൾ കൈയൊഴിയാനും യുറേനിയും സമ്പുഷ്ടീകരണം പുനരാരംഭിക്കാനുമുള്ള ഇറാന്റെ തീരുമാനം എരിതീയിൽ എണ്ണയൊഴിക്കുന്നതായി. 
യുദ്ധത്തിനുള്ള സാധ്യത അമേരിക്കയും ഇറാനും തള്ളിക്കളയുകയാണെങ്കിലും പുതിയ സംഭവ വികാസങ്ങൾ മേഖലയിൽ സൈനിക ഏറ്റുമുട്ടൽ സാധ്യത വർധിപ്പിക്കുന്നതായി നിരീക്ഷകർ അഭിപ്രായപ്പെടുന്നു. 
അതേസമയം, ഏതു സാധ്യതകളും നേരിടുന്നതിന് ഒരുക്കമാണെന്ന് ഇറാൻ പറഞ്ഞു. മധ്യപൗരസ്ത്യ ദേശത്ത് മറ്റൊരു യുദ്ധം കൂടി താങ്ങാൻ അമേരിക്കക്ക് കഴിയില്ല. മേഖലയിലുണ്ടാകുന്ന ഏതു സംഘർഷത്തിനും സങ്കൽപിക്കാൻ കഴിയാത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഇറാൻ വൃത്തങ്ങൾ പറഞ്ഞു. അമേരിക്കൻ-ഇസ്രായിലി സഖ്യത്തെ ഇറാൻ പരാജയപ്പെടുത്തുമെന്ന് ഇറാൻ പ്രതിരോധ മന്ത്രി പറഞ്ഞു. 
മേഖലയിൽ സംഘർഷം മൂർഛിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ കാരണങ്ങളാൽ അമേരിക്കയും ഹോളണ്ടും അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ ഇറാഖിൽ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതിന് തുടങ്ങിയിട്ടുണ്ട്. പടക്കപ്പലുകളും വിമാന വാഹിനികളും വിന്യസിച്ച് മേഖലയിൽ അമേരിക്ക സൈനിക സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. 
എണ്ണ കപ്പലുകൾക്കും സൗദിയിലെ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇറാന് തിരിച്ചടി നൽകണമെന്ന വികാരം സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളിൽ ശക്തമായിട്ടുണ്ട്.
 

Latest News