കണ്ണൂർ - ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ വിവിധ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്. വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയതായി സൂചന. ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ണൂർ അസി. കമ്മീഷണറുടെ ഓഫീസിലും കണ്ണൂർ, കൂത്തുപറമ്പ് ഓഫീസുകളിലുമാണ് വിജിലൻസ് ഡിവൈ.എസ്.പി വി. മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
ഭക്ഷ്യ സുരക്ഷാ വിഭാഗവുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ചട്ടങ്ങൾ കൃത്യമായി പാലിക്കാതെയാണ് ഓഫീസുകളുടെ പ്രവർത്തനമെന്ന് പരിശോധനയിൽ കണ്ടെത്തി. മാത്രമല്ല, സ്ഥാപനങ്ങൾക്കു ലൈസൻസ് അനുവദിക്കുന്നതിനു പ്രത്യേക ദിവസം തീരുമാനിച്ച് പണപ്പിരിവു നടത്തുന്നുവെന്ന സൂചനകളും ലഭിച്ചു.
അസി. കമ്മീഷണറുടെ ഓഫീസിൽ നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകളാണ് കണ്ടെത്തിയത്. ജീവനക്കാർ ജോലി തുടങ്ങുന്നതിനു മുമ്പ് കൈയിലുള്ള പണം കൃത്യമായി രേഖപ്പെടുത്തണമെന്നാണ് നിയമം. എന്നാൽ അസിസ്റ്റന്റ് കമ്മീഷണർ സി.എ.ജനാർദ്ദനന്റെ ബാഗിൽ നിന്നും വിജിലൻസ് സംഘം പണമടങ്ങിയ കവർ പിടിച്ചെടുത്തു. ഇതിനകത്ത് 4500 രൂപയാണ് ഉണ്ടായിരുന്നത്. ഇത് സ്വന്തം പണമാണെന്നും ബാങ്കിൽ നിന്നും എടുത്തതാണെന്നുമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വിശദീകരിച്ചത്. എന്നാൽ പണമടങ്ങിയ കവറിനു പുറത്ത് പ്രിയപ്പെട്ട ജനാർദ്ദനൻ സാറിന് എന്നാണ് എഴുതിയിരുന്നത്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ വിശദീകരണം നൽകാനായില്ല. കണ്ണൂരിലെ ഒരു പ്രമുഖ വ്യാപാര സ്ഥാപനത്തിൽനിന്നും കൈപ്പറ്റിയതാണ് ഈ തുകയെന്നാണ് കരുതുന്നത്. ജില്ലയിലെ വൻകിട ഹോട്ടലുകൾ, കൂൾ ബാറുകൾ തുടങ്ങിയവയുടെ ഉദ്ഘാടനത്തിനും വിശേഷ അവസരങ്ങളിലും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർക്കു ഇത്തരത്തിൽ കവറുകൾ എത്തിക്കാറുണ്ടെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. മാത്രമല്ല, അസി. കമ്മീഷണർ, തന്റെ കൈവശമുള്ള തുക ഓഫീസിൽ രേഖപ്പെടുത്തിയിരുന്നുമില്ല.
സ്ഥാപനങ്ങൾക്കു ലൈസൻസ് സംബന്ധിച്ച് സർക്കാർ പ്രത്യേക ദിവസം തീരുമാനിച്ചിരുന്നില്ല. എന്നാൽ ബുധനാഴ്ചയാണ് ലൈസൻസ് നൽകുകയെന്ന ബോർഡ് ഇവിടെ സ്ഥാപിച്ചിരുന്നു. ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നവർക്കു പരിശോധിച്ച് അടുത്ത ദിവസം തന്നെ ലൈസൻസ് നൽകണമെന്നാണ് നിർദേശം. സ്ഥാപന ഉടമകളെ ഓഫീസിൽ വരുത്തിച്ച് വില പേശി പണം വാങ്ങാനാണ് ഇവിടെ ഇത്തരമൊരു ബോർഡ് സ്ഥാപിച്ചതെന്നാണ് കരുതുന്നത്. ബേക്കറികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി പിടിച്ചെടുക്കുന്ന ഭക്ഷ്യ പദാർഥങ്ങൾ പലതും വിദഗ്ധ പരിശോധനക്കയക്കാതെ ഒഴിവാക്കുന്നതും പതിവാണ്. മാത്രമല്ല, ഇത്തരം സ്ഥാപന ഉടമകളുമായി വില പേശൽ നടത്തി പണം വാങ്ങി കേസ് ഒഴിവാക്കുന്നതു പതിവാണ്. കൂടാതെ ഉദ്യോഗസ്ഥർ പലരും ഇത്തരം സ്ഥാപനങ്ങളിൽനിന്നു സൗജന്യമായി സാധനങ്ങൾ വാങ്ങിക്കൊണ്ടുപോകുന്നതും പതിവാണ്. മായം കലർന്ന വെളിച്ചെണ്ണ, ശർക്കര തുടങ്ങിയവ കണ്ണൂരിൽ നിന്നും നേരത്തെ പിടിച്ചെടുത്തിരുന്നു. എന്നാൽ ഇതേ ഉൽപന്നങ്ങൾ മറ്റു പേരുകളിൽ വിപണിയിലെത്തിയിട്ടും ഇതേക്കുറിച്ച് അന്വേഷണമോ പരിശോധനയോ നടത്തിയില്ലെന്നും പരാതിയുണ്ട്. വൻകിട സ്ഥാപനങ്ങളെ റെയ്ഡിൽ നിന്നും ഒഴിവാക്കുന്ന ഉദ്യോഗസ്ഥർ, ചെറുകിട സ്ഥാപനങ്ങളിൽ നിരന്തരം പരിശോധന നടത്തുകയും സ്ഥാപന ഉടമകളെ പീഡിപ്പിക്കുകയും ചെയ്യുന്നതു സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നു വന്നതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് വിജിലൻസ് പരിശോധന.