കണ്ണൂർ - അയൽവാസിയുടെ ക്രൂര മർദനത്തിനരയായി നട്ടെല്ലിനു ഗുരുതര പരിക്കേറ്റ ബാലികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബക്കളം കടമ്പേരിയിലെ കല്ലേൻ ഹൗസിൽ ഉഷയുടെ മകൾ അമേയ (8) യെയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അയൽവാസിയായ ഷാജിയാണ് കുട്ടിയെ ക്രൂരമായി മർദിച്ചതെന്നാണ് പരാതി. ഷാജിയുടെ വീട്ടുമുറ്റത്തു കൂട്ടിയിട്ടിരുന്ന ജില്ലിയിൽ കയറി കളിക്കുകയും ചുമരുകൾ വൃത്തികേടാക്കുകയും ചെയ്തുവെന്നാരോപിച്ചാണ് കുട്ടിയെ ക്രൂരമായി മർദിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. ഒപ്പമുള്ള കുട്ടികൾ ഓടിപ്പോയതിനാൽ അമേയക്കാണ് മർദനം മുഴുവൻ ഏൽക്കേണ്ടി വന്നത്. കുട്ടിയുടെ നട്ടെല്ലിനു ചതവു സംഭവിക്കുകയും ദേഹത്തു പലയിടത്തും പരിക്കൽക്കുകയും ചെയ്തു. കുട്ടിയുടെ കരച്ചിൽ കേട്ട് അമ്മയെത്തിയപ്പോൾ ഷാജി തന്നെയാണ് നടന്ന വിവരം പറഞ്ഞത്. തന്റെ കുട്ടികളെ അടിക്കുന്നതു പോലെ മാത്രമേ അടിച്ചുള്ളൂ എന്നാണ് പറഞ്ഞത്. വീട്ടിലെത്തിയ കുട്ടിക്ക് വേദന കൂടിയതിനെത്തുടർന്ന് അടുത്തുള്ള ഡോക്ടറെ കാണിക്കുകയും അദ്ദേഹത്തിന്റെ നിർദേശ പ്രകാരം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. കുട്ടിയുടെയും അമ്മയുടെയും മൊഴി പോലീസ് രേഖപ്പെടുത്തി.