റിയാദ്- സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുള്ള വിഷൻ 2030 പദ്ധതിയുടെയും പരിഷ്‌കരണങ്ങളുടെയും ഭാഗമായാണ് സ്ഥിരം താമസ വിസാ നിയമം സൗദി അറേബ്യ നടപ്പാക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധൻ അഹ്മദ് അൽശഹ്‌രി പറഞ്ഞു. രാജ്യത്ത് നിക്ഷേപ സാഹചര്യങ്ങളിൽ സ്ഥിരം താമസ വിസ വലിയ പ്രതിഫലനങ്ങൾ ചെലുത്തും. വിദേശ നിക്ഷേപകർക്ക് പുതിയ നിയമം സ്ഥിരത നൽകും. നിരവധി വിദേശ നിക്ഷേപകർ സൗദിയിൽ സ്ഥിരം താമസ വിസ ആഗ്രഹിക്കുന്നവരാണ്. പുതിയ സ്ഥാപനങ്ങൾ സൗദിയിൽ പ്രവേശിക്കുന്നതിനും വിദേശത്തേക്കുള്ള പണമൊഴുക്ക് കുറക്കുന്നതിനും വിവിധ മേഖലകളിൽ കഴിവുകൾ തെളിയിച്ച പ്രതിഭകളെയും നിക്ഷേപകരെയും മറ്റും രാജ്യത്തേക്ക് ആകർഷിക്കുന്നതിനും സ്ഥിരം താമസ വിസ നിയമം സഹായകമാകും.
വിദേശികൾക്ക് സ്ഥിരം താമസ വിസ അനുവദിക്കുന്ന രാജ്യങ്ങളിൽ പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങളിൽ 25 ശതമാനവും സ്ഥിരം താമസ വിസക്കാരുടെ പങ്കാളിത്തത്തോടെയാണ് സ്ഥാപിക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്ത് സാമ്പത്തിക വളർച്ച വർധിപ്പിക്കുന്നതിന് സ്ഥിരം താമസ വിസ സഹായകമാകും. ഉയർന്ന വരുമാനം ലഭിക്കുന്ന വിദേശ പ്രൊഫഷനുകളുടെയും നിക്ഷേപകരുടെയും എണ്ണം രാജ്യത്ത് വർധിക്കുന്നതിനും ഇത് സഹായകമാകും. ഇതിലൂടെ ഇൻഷുറൻസ്, ആരോഗ്യം, ചില്ലറ വ്യാപാരം, ടെലികോം അടക്കമുള്ള മേഖലകളിൽ വളർച്ചയുണ്ടാകും. സർക്കാരിന്റെ നികുതി വരുമാനവും വലിയ തോതിൽ വർധിക്കും.
ഓഹരി വിപണികളിൽ വിദേശികളുടെ നിക്ഷേപം വർധിക്കുന്നതിനും ബാങ്കുകളിലെ നിക്ഷേപം ഉയരുന്നതിനും പുതിയ നിയമം സഹായകമാകും. ഇതിലൂടെ ബാങ്കുകളുടെ കരുത്ത് വർധിക്കും. പണം ദേശീയ സമ്പദ്‌വ്യവസ്ഥയിൽ തന്നെ അവശേഷിക്കും. ബിനാമി ബിസിനസ് പോലുള്ള നിഷേധാത്മക പ്രവണതകൾ ഇല്ലാതാക്കുന്നതിനും പുതിയ നിയമം സഹായകമാകുമെന്ന് അഹ്മദ് അൽശഹ്‌രി പറഞ്ഞു.
മറ്റു വിദേശികളെ പോലെ സ്ഥിരം താമസ വിസ നേടുന്ന വിദേശികൾക്ക് സ്‌പോൺസർ ആവശ്യമുണ്ടാകില്ല. വിദേശികൾക്ക് പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും നിയമം അനുവദിക്കുന്നു. ബിനാമി ബിസിനസ് പ്രവണത ഇല്ലാതാക്കുന്നതിനും രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും സാമ്പത്തിക വളർച്ച വേഗത്തിലാക്കുന്നതിനും വ്യാപാര മേഖലക്ക് ഉണർവ് നൽകുന്നതിനും നിയമം സഹായകമാകും. മതിയായ ധനസ്ഥിതിയുള്ളവർക്കു മാത്രമാണ് ദീർഘകാല വിസ അനുവദിക്കുക. ഇതിന് പ്രതിവർഷം തരക്കേടില്ലാത്ത തുക ഫീസ് ആയി അടക്കേണ്ടിവരും. ഇതുവഴി പൊതുഖജനാവിലേക്ക് അധിക വരുമാനം ലഭിക്കുകയും ചെയ്യും.
കുടുംബത്തിനൊപ്പം സൗദിയിൽ താമസം, ബന്ധുക്കൾക്ക് വിസിറ്റ് വിസ, താമസ, വ്യാപാര, വ്യവസായ ആവശ്യങ്ങൾക്ക് വീടുകളും ഫഌറ്റുകളും അടക്കം റിയൽ എസ്റ്റേറ്റുകളും വാഹനങ്ങളും സ്വന്തം പേരിൽ വാങ്ങുന്നതിന് അനുമതി, ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് അനുമതി, സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ അനുമതി, സ്വകാര്യ മേഖലയിൽ ഇഷ്ടാനുസരണം തൊഴിൽ മാറുന്നതിനുള്ള അനുമതി, സൗദിയിൽനിന്ന് പുറത്തുപോകുന്നതിനും രാജ്യത്തേക്ക് മടങ്ങിവരുന്നതിനുമുള്ള സ്വാതന്ത്ര്യം, എയർപോർട്ടുകളിലും കരാതിർത്തി പോസ്റ്റുകളിലും സൗദികൾക്കുള്ള കൗണ്ടറുകൾ ഉപയോഗിക്കുന്നതിനുള്ള അനുമതി, രാജ്യത്ത് വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നതിനുള്ള അനുമതി തുടങ്ങിയ ആനുകൂല്യങ്ങൾ നിയമം വിദേശികൾക്ക് നൽകുന്നു.
വിസാ ഉടമകളെ പോലെ കുടുംബാംഗങ്ങൾക്കും തൊഴിൽ അനുമതിയും തൊഴിൽ മാറുന്നതിനുള്ള സ്വാതന്ത്ര്യവുമുണ്ടാകും. എന്നാൽ സൗദിവൽക്കരിച്ച തൊഴിലുകളിൽ ദീർഘകാല വിസാ ഉടമകൾക്കും ആശ്രിതർക്കും ജോലി ചെയ്യുന്നതിന് വിലക്കുണ്ടാകും. ദീർഘകാല വിസ അപേക്ഷകരുടെ പക്കൽ കാലാവധിയുള്ള പാസ്‌പോർട്ട് ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. കൂടാതെ അപേക്ഷകരുടെ പ്രായം 21 ൽ കുറവാകാനും പാടില്ല. അനുയോജ്യമായ ധനസ്ഥിതിയുള്ളത് തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. സൗദി അറേബ്യക്കകത്തുള്ള അപേക്ഷകരാണെങ്കിൽ നിയമാനുസൃത ഇഖാമയുണ്ടായിരിക്കൽ നിർബന്ധമാണ്. മുമ്പ് കുറ്റകൃത്യങ്ങളിൽ പ്രതികളായവരാകാനും പാടില്ല. അപേക്ഷകർ പകർച്ചവ്യാധികളിൽനിന്ന് മുക്തരായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
പുതിയ നിയമം പെട്രോളിതര മേഖലയിൽനിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ചക്കും സഹായകമാകും. പുതിയ പദ്ധതി ബില്യൺ കണക്കിന് ഡോളർ വിദേശങ്ങളിലേക്ക് ഒഴുകുന്ന പ്രവണത അവസാനിപ്പിക്കും. മൂലധനങ്ങൾ സൗദിയിൽ തന്നെ നിലനിർത്തുന്നതിന് സഹായിക്കുന്ന പദ്ധതി പുതിയ നിക്ഷേപാവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. മെഡിക്കൽ, ധന മേഖലകളിലെ വിദഗ്ധരും നിക്ഷേപകരും കൂടുതൽ മികച്ച അവസരങ്ങൾ തേടി മറ്റു രാജ്യങ്ങളിലേക്ക് കൊഴിഞ്ഞുപോകുന്ന പ്രവണതയും പുതിയ പദ്ധതി തടയും.
വിദേശികൾക്ക് പ്രത്യേക ആനുകൂല്യങ്ങളും അവകാശങ്ങളും വകവെച്ചുനൽകുന്ന ദീർഘകാല വിസ അനുവദിക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് നാലു വർഷം മുമ്പ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് ആദ്യമായി വെളിപ്പെടുത്തിയത്. വിദേശ നിക്ഷേപകർ അടക്കമുള്ളവർക്ക് ദീർഘകാല വിസയും പ്രത്യേക ആനുകൂല്യങ്ങളും അവകാശങ്ങളും അനുവദിക്കുന്നത് രാഷ്ട്രത്തിനും വിദേശികൾക്കും ഒരുപോലെ ഗുണങ്ങൾ ചെയ്യും. ആഭ്യന്തര നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും പെട്രോളിതര മേഖലയുടെ വളർച്ചയും ഇതിലൂടെ ലക്ഷ്യമിടുന്നു. മക്കയിലും മദീനയിലും അതിർത്തി പ്രദേശങ്ങളിലും റിയൽ എസ്റ്റേറ്റുകൾ സ്വന്തം പേരിൽ വാങ്ങുന്നതിന് ദീർഘകാല വിസാ ഉടമകൾക്ക് അനുമതിയുണ്ടാകില്ല.