Sorry, you need to enable JavaScript to visit this website.

നിഖാബ്: എം.ഇ.എസ് തീരുമാനത്തിനെതിരെ  പാണക്കാട് തങ്ങൾ കുടുംബം

മലപ്പുറം- വിദ്യാർഥികൾ നിഖാബ് (മുഖവസ്ത്രം) ധരിക്കുന്നത് വിലക്കിയ എം.ഇ.എസ് മാനേജ്്‌മെന്റിന്റെ തീരുമാനത്തിനെതിരെ പാണക്കാട് തങ്ങൾ കുടുംബം രംഗത്തെത്തി. പാണക്കാട് തങ്ങൾമാരുടെ കുടുംബ പരമ്പരയിലുള്ളവരുൾപ്പെടുന്നവരുടെ യോഗത്തിലാണ് എം.ഇ.എസ് തീരുമാനത്തിനെതിരെ വിമർശനമുയർന്നത്. ഇന്ത്യൻ പൗരന് ഏത് വസ്ത്രവും ധരിക്കാമെന്ന് അവകാശം ഉണ്ടായിരിക്കെ വസ്ത്രസ്വാതന്ത്ര്യം തടയുന്ന എം.ഇ.എസ് സർക്കുലർ പിൻവലിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. 
മുഖവസ്ത്രം ഇസ്്‌ലാമിക വേഷവിധാനത്തിന്റെ ഭാഗമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. മതവിശ്വാസത്തിന്റെ ഭാഗമായ വേഷം സ്വീകരിക്കാനുള്ള വിശ്വാസികളുടെ അവകാശത്തെ തടയാനാകില്ല. പൗരാവകാശത്തെ ചോദ്യം ചെയ്ത് ഫാസിസ്റ്റുകൾ രാജ്യത്ത് ഭീതി പരത്തുന്ന കാലമാണിത്. ഈ സമയത്ത് സമുദായ വിദ്യാഭ്യാസത്തിന് നേതൃത്വം കൊടുക്കുന്നവർ ഇത്തരം നടപടികൾ കൈകൊള്ളുന്നത് പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.
യേഗത്തിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ തുടങ്ങി തങ്ങൾ കുടുംബത്തിലെ നിരവധി അംഗങ്ങൾ പങ്കെടുത്തു.
 

Latest News