അബുദാബി- നിക്ഷേപകര്‍ക്കായി ആറുമാസത്തെ മള്‍ട്ടിപ്പ്ള്‍ എന്‍ട്രി വിസ പ്രഖ്യാപിച്ച് യു.എ.ഇ. കഴിവും പ്രതിഭയുമുള്ള വ്യക്തികള്‍ക്കും സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്കും നിക്ഷേപകര്‍ക്കുമാണ് മള്‍ട്ടിപ്പ്ള്‍ എന്‍ട്രി വിസ നല്‍കുക. ഇത് യു.എ.ഇയിലെ അവസരങ്ങള്‍ ഉപയോഗപ്പെടുത്താനും രാജ്യത്ത് ദീര്‍ഘകാല താമസം വേണമോ എന്ന് വിലയിരുത്താനും അവരെ സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പുതിയ മൂന്ന് സേവനങ്ങളാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് പ്രഖ്യാപിച്ചത്. നിക്ഷേപകര്‍ക്ക് ആറുമാസത്തിനിടെ എത്ര തവണ വേണമെങ്കിലും വന്നുപോകാനുള്ള വിസ, സംരംഭകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആറു മാസത്തിനിടെ പല തവണ വന്നുപോകാനുള്ള വിസ, ദീര്‍ഘകാല താമസം വിലയിരുത്തുന്നതിയനായി കഴിവുള്ള വ്യക്തികള്‍ക്ക് ഒരു പ്രാവശ്യം വന്ന് ആറുമാസം വരെ തങ്ങാനുള്ള വിസ.
യു.എ.ഇയെ സാമ്പത്തിക നിക്ഷേപ കേന്ദ്രമാക്കി മാറ്റാന്‍ പുതിയ തീരുമാനം സഹായിക്കുമെന്ന് ഫോറിനേഴ്‌സ് അഫയേഴ്‌സ് ആന്റ് പോര്‍ട്‌സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സഈദ് റകാന്‍ അല്‍ റഷീദി പറഞ്ഞു.