Sorry, you need to enable JavaScript to visit this website.

ആയിശുമ്മു താത്തയുടെ  കോഴിക്കറിയും കുഞ്ഞാണിയുടെ തരിക്കഞ്ഞിയും

ആലങ്കോട് ലീലാ കൃഷ്ണൻ

ആലങ്കോട് മാന്തടത്ത് നൂറ് വയസ്സ് വരെ ജീവിച്ച ആയിശുമ്മു താത്തയിൽ നിന്ന് തുടങ്ങുന്നതാണ് എന്റെ ജീവിതത്തിലെ നോമ്പുകാലവും മതസൗഹാർദവും. ആയുശുമ്മു താത്തയെപ്പോലെ ജാതിയും മതവും നോക്കാതെ മനുഷ്യനെ മനുഷ്യനായി കാണുന്നവരുടെ കൂടെ ജീവിക്കണമെന്നാണ് എന്റെ എക്കാലത്തേയും ആഗ്രഹം. അതിന് ഇപ്പോഴും സാധ്യമാകുന്നുമുണ്ട്. ആയിശുമ്മുതാത്ത ഞങ്ങളുടെ അയൽവാസിയായിരുന്നു. അതിലപ്പുറം എന്റെ അമ്മൂമ്മ കല്ല്യാണിയമ്മയുടെ ഉറ്റ മിത്രവും സമപ്രായക്കാരിയും. അവരുടെ മകൾ ബീവിയുമ്മയും എന്റെ അമ്മ ലക്ഷ്മിക്കുട്ടിയമ്മയും സമപ്രായക്കാരാണ്. അവരുടെ മകൻ പരീക്കുട്ടി എന്ന കുഞ്ഞാണിയും ഞാനും സമപ്രായക്കാരും. നിരക്ഷരരായ ഞങ്ങളുടെ അമ്മ-ഉമ്മമാർക്കിടയിൽ ഉണ്ടായ സൗഹാർദം തന്നെയാണ് പിൽക്കാലത്ത് ഞങ്ങളും കുടുംബവും പുലർത്തി പ്പോരുന്നത്.
ഞങ്ങളുടേത് ഒരു നമ്പൂതിരി തറവാടാണ്. മൽസ്യ-മാംസാദികൾ ഒന്നും അടുക്കളയിലോ തീന്മേശയിലോ ഉണ്ടാവില്ല. എന്നാൽ കോഴി ഇറച്ചി കഴിച്ച കുഞ്ഞാണി അവന്റെ കൈ എന്റെ മൂക്കിന് നേരെ മണപ്പിച്ചപ്പോഴുണ്ടായ കൊതി അടക്കാനാവാത്തതായിരുന്നു. കുഞ്ഞാണി ആയുശുമ്മുതാത്തയോട് കാര്യം പറഞ്ഞിട്ടാവണം, ഒരു സന്ധ്യക്ക് ആയുശുമ്മുതാത്ത ഒരു പാത്രത്തിൽ കോഴിക്കറി ആരും കാണാതെ തട്ടം കൊണ്ട് മറച്ച് പിടിച്ച് ഞങ്ങളുടെ വീടിന്റെ പിന്നാമ്പുറത്ത് എത്തി. എന്നിട്ട് അമ്മൂമ്മയോട് പറഞ്ഞു. 
- കല്യാണി അമ്മേ നിങ്ങള് തിന്നുന്നില്ലെങ്കിൽ വേണ്ട, ആ കുട്ട്യോൾക്ക് കൊടുത്താളീ...ആയുശുമ്മു താത്തയുടെ സനേഹത്തിന് മുമ്പിൽ കൂട്ടുകാരി കല്യാണി അമ്മ തോറ്റുപോയി. അവർ ഇരു മെയ്യും ഒരു മനസ്സുമായി കഴിയുന്നവരാണ്. ജീവിതത്തിൽ ആദ്യമായി കോഴിക്കറി കഴിക്കുന്നത് അന്നാണ്. അക്കാലത്ത് കോഴിയെ കണ്ടു കിട്ടാൻ തന്നെ പാട്. വീട്ടിൽ വളർത്തുന്ന കോഴിയെ ഓടിച്ചിട്ടു പിടികൂടാൻ സ്വാഗത സംഘം ചേരുന്ന കാലഘട്ടത്തിലാണ് ഒരു കുത്ത് പിഞ്ഞാണത്തിൽ ആയുശുമ്മുത്താത്ത സ്‌നേഹത്തിന്റെ കോഴിയിറച്ചിയുമായെത്തിയത്.
മാന്തറയിൽ കുഞ്ഞിനിക്കയുടെ ചായപ്പീടികയിൽ നിന്ന് കുടിച്ച നോമ്പിന്റെ തരിക്കഞ്ഞിയുടെ സ്വാദ് ഇന്നും നാവിൻ തുമ്പിൽ രുചിയൊരുക്കുന്നതാണ്. ഒരു കാലത്ത് കുഞ്ഞാണിയുടെ കൂടെ അങ്ങാടിയിലേക്ക് ഇറങ്ങിയതാണ്. ഉള്ളിയിട്ട് മൂപ്പിച്ചു വെച്ച തരിക്കഞ്ഞിയുടെ മണം എന്നിലെ കൊതിയനെ ഉണർത്തി. എന്നാൽ മഗ്‌രിബ് ബാങ്ക് കൊടുക്കാതെ ഇതു ആർക്കും നൽകില്ല. പിന്നീട് ബാങ്ക് വിളി കേൾക്കാനായി കാതോർത്തിരിക്കലായി. അന്ന് പളളികളിൽ ലൗഡ് സ്പീക്കറൊന്നുമില്ല. 
കൂടുതൽ പള്ളികളുമില്ല. മാന്തറ വയലുകൾക്ക് ഓരത്തായുളള ചെറിയ പെട്ടിക്കടകൾ മാത്രമുള്ള അങ്ങാടിയാണ്. കാത് കൂർപ്പിച്ചിരുന്നാൽ ബാങ്ക് വിളി കേൾക്കാം. പിന്നെ നോമ്പുകാരനായ കുഞ്ഞാണിയോടൊപ്പം അവൻ പണം കൊടുത്ത് വാങ്ങിത്തന്ന തരിക്കഞ്ഞി കുടിച്ചു. ഇന്നും വീടുകളിലെ നോമ്പുതുറകളിൽ ഞാനാദ്യം പരതുന്നതും തരിക്കഞ്ഞിയാണ്. അത് പോലെ തന്നെ തേങ്ങാപ്പാൽ ചേർത്ത കട്ടിപ്പത്തിരിയും നോമ്പിലെ പ്രത്യേക വിഭവമാണ്. കൈവിരലുകൾ അഞ്ചും പതിച്ച മുദ്രയോട് കൂടിയ പത്തിരിക്ക് സാധാരണ പത്തിരിയേക്കാൾ രുചിയാണ്.
കോലൊളമ്പിൽ ഭാര്യ വീടായ പൂക്കരത്തറയിൽ ഹുസനിക്കയുടെ വീട്ടിലാണ് പെരുന്നാൾ വിഭവം. ഭാര്യ വീട്ടുകാരോടൊപ്പം എന്നേയും അവർ പ്രത്യേകം ക്ഷണിക്കും. രാവിലെയുളള ചായ മുതൽ ഉച്ചഭക്ഷണം വരെ അവിടയൊണ്. ആയിശുമ്മു താത്തയുടെ മനസ്സുളള മറ്റൊരു കുടുംബം. ഭാര്യ വീട്ടുകാർക്ക് ഞാൻ അവിടെ വന്ന് ഭക്ഷണം കഴിക്കുമോ എന്ന് ആദ്യം സംശയമായിരുന്നു. എന്നാൽ എന്റെ കുഞ്ഞാണിയും അവന്റെയുമ്മയും വല്യുമ്മയും പകർന്നു തന്ന സ്‌നേഹം എന്നിലുള്ളിത്തോളം കാലം എന്നിൽ ജാതി-മത ചിന്തകൾ കൂടുകെട്ടില്ല. ഞാനിന്ന് താമസിക്കുന്ന ആര്യങ്കാവിലും മുസ്‌ലിംകളായ നിരവധി മനുഷ്യരുടെ സ്‌നേഹത്തിന് മുമ്പിൽ തോറ്റുപോയിട്ടുണ്ട്. ആയിശുമ്മുതാത്തയുടെ വെട്ടിക്കാട്ട് കുടുംബ വേരുകൾ തന്നെയാണ് അവിടേയും. ജബ്ബാർ, റസാഖ്, കുഞ്ഞഹമ്മദ്ക്ക.. അങ്ങനെ പോകുന്നു സൗഹൃദത്തിന്റെ നീണ്ട നിര. കുഞ്ഞഹമ്മദ്ക്കയുടെ കൈവശമുണ്ടായിരുന്ന സ്ഥലമാണ് ഞാൻ വാങ്ങി വീട് വെച്ചത്. അദ്ദേഹം സ്ഥലം വാങ്ങാനായി ആര് ചെന്നാലും അത് നൽകുമായിരുന്നില്ല. എന്നാൽ ഞാൻ ചോദിച്ചപ്പോൾ നിലവിലെ മാർക്കറ്റ് വിലയിലും ചുരുങ്ങിയ വിലക്ക് എനിക്ക് ഭൂമി തന്നു. നിനക്കായതുകൊണ്ട് ഞാനിത് തരുന്നു എന്നാണ് കുഞ്ഞമ്മദ്ക്ക പറഞ്ഞത്. അതെ, അവരെന്നെ അത്ര മാത്രം സ്‌നേഹിക്കുന്നു.
മനുഷ്യ സ്‌നേഹം ഊട്ടിയുറപ്പിക്കുക, പട്ടിണിയുടെ നോവ് തിരിച്ചറിയുക, ജാതി-മതഭേദെമന്യേ പരസ്പരം ബഹുമാനിക്കുക തുടങ്ങിയ ഒട്ടേറെ നന്മകളുടെ സമൂർത്ത രൂപമാണ് നോമ്പ്. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറ് നിറച്ച് ഉണ്ണുന്നവൻ നമ്മളിൽ പെട്ടവനല്ലെന്നാണ് പ്രവാചക വചനം. ഇത് ലോകത്തെ മുഴുവൻ മനുഷ്യരും മനസ്സിലാക്കേണ്ട ഒന്നാണ്. ഇന്നത്തെ കാലത്ത് നാം എന്തു കഴിക്കണമെന്ന് വരെ നിശ്ചയിക്കുന്നത് ഭരണാധികാരികളാണ്. ഭക്ഷണം എന്ത് കഴിക്കണമെന്നത് ഓരോ വ്യക്തികളുടേയും സ്വാതന്ത്ര്യമാണ്. 
പട്ടിണി കിടക്കുന്നവന് ബീഫ് ആണ് കിട്ടുന്നതെങ്കിൽ അവൻ ബീഫ് കഴിക്കണം. ഞാനും എന്റെ കുട്ട്യോളുമൊക്കെ ബീഫ് കഴിക്കുന്നവരാണ്. ഒരേ തൊടിയിൽ വെയിലും മഴയും നൽകി, അവിടെ തന്നെ നല്ല ഫലവും വിഷക്കായയും ഞാൻ സൃഷ്ടിച്ചിരിക്കുന്നു. അതെന്തിനാണെന്ന് നീ ചിന്തിക്കുക. ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്.. എന്നാണ് പരിശുദ്ധ ഖുർആൻ പറയുന്നത്. ഒരുമിച്ചിരുന്ന് പങ്കുവെച്ച് കഴിക്കുന്ന ആഹാരത്തോളം വരില്ല ലോകത്ത് മറ്റൊന്നും. ഇഫ്താറുകളിലുമുള്ള നന്മ നമ്മുടെ വിഭാഗീയ ചിന്തകളെ കെടുത്തിക്കളയട്ടെ. അതാവട്ടെ റമദാനിലൂടെ നമുക്ക് ലഭിക്കുന്ന മഹാപുണ്യം.

 

Latest News