Sorry, you need to enable JavaScript to visit this website.

ഉംറ ഗ്രൂപ്പ് ചതിച്ചതിനെ തുടര്‍ന്ന് മക്കയില്‍ കുടുങ്ങിയ മലയാളികള്‍ മടങ്ങി

ജിദ്ദ- കേരളത്തില്‍നിന്നുള്ള ഉംറ ഗ്രൂപ്പ് കബളിപ്പിച്ചതിനെ തുടര്‍ന്ന് മക്കയില്‍ കുടുങ്ങിയ 33 തീര്‍ഥാടകര്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നാട്ടിലേക്കു മടങ്ങി. വിവിധ വിമാനങ്ങളിലായിയിരുന്നു ഇവരുടെ മടക്കം. അവസാന സംഘം ഇന്നു രാവിലെ ഇത്തിഹാദ് എയര്‍വേസ് വിമാനത്തിലാണ് നാട്ടിലേക്കു പോയത്. പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് രംഗത്തുണ്ടായിരുന്ന കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് ഇവരെ യാത്രയാക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
ഹജ്, ഉംറ വകുപ്പുമായി ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റും ഇവരുടെ പ്രശ്‌നത്തില്‍ ഇടപെട്ടതിനെത്തുടര്‍ന്ന് നാട്ടില്‍നിന്നുള്ള ടിക്കറ്റിംഗ് ഏജന്‍സി തന്നെ പ്രശ്‌നത്തിന് പോംവഴി കണ്ടെത്തുകയായിരുന്നു. ഘട്ടം ഘട്ടമായി ടിക്കറ്റ് ലഭിച്ചാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം ഒരാഴ്ചക്കുശേഷം മടങ്ങിയത്.
ഉംറക്കു ശേഷം നാട്ടിലേക്കു മടങ്ങുന്നതിനുള്ള ടിക്കറ്റ് റദ്ദാക്കപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ഇവരുടെ യാത്ര മുടങ്ങിയത്. നാട്ടിലെ ഉംറ ഏജന്‍സി തീര്‍ഥാടകരറിയാതെ ടിക്കറ്റ് റദ്ദാക്കി പണം തിരിച്ചു പിടിക്കുകയായിരുന്നു. വിമാനത്താവളത്തിലെത്തി ബോര്‍ഡിംഗ് നടപടികള്‍ക്ക് കൗണ്ടിറിലെത്തിയപ്പോഴാണ് കൈവശമുള്ള ടിക്കറ്റിന് വിലയില്ലെന്ന് ഇവര്‍ അറിഞ്ഞത്. ഇതോടെ പ്രതിസന്ധിയിലായ ഇവര്‍ സാമുഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ കോണ്‍സുലേറ്റിനേയും സൗദിയില്‍ ഇവരുടെ ചുമതല വഹിച്ചിരുന്ന ഉംറ കമ്പനിയേയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മക്കയില്‍ ഇവര്‍ക്ക് താമസവും ഭക്ഷണവും സൗദിയിലെ കമ്പനി ഏര്‍പ്പാടാക്കി. ഇതോടൊപ്പം നിയമ നടപടികളിലേക്കും അധികൃതര്‍ നീങ്ങി. തീര്‍ഥാടകരുടെ ദുരിതത്തെക്കുറിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരികയും ചെയ്തു. ഇതോടെ പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കി നാട്ടിലുള്ള ഉംറ ടിക്കറ്റിംഗ് ഏജന്‍സി ടിക്കറ്റിനായുള്ള സംവിധാനം ഒരുക്കുകയായിരുന്നു.
മലപ്പുറം മേലാറ്റൂരിലെ ഏജന്‍സിയുടെ കീഴിലെത്തിയവരാണ് ടിക്കറ്റ് റദ്ദാക്കപ്പെട്ടതിനെത്തുടര്‍ന്ന് പെരുവഴിയിലായത്. കുറഞ്ഞ നിരക്കില്‍ ഉംറ തീര്‍ഥാടനം വാഗ്ദാനം ചെയ്ത് പണം സ്വരൂപിച്ച് പറഞ്ഞതില്‍നിന്നും വ്യത്യസ്തമായി തീര്‍ഥാടകരെ വിവിധ വിമാനങ്ങളിലും വിവിധ സമയങ്ങളിലും കയറ്റി അയച്ചാണ് ഇവര്‍ ഇടപാട് നടത്തിയിരുന്നത്. പണതിരിമറിയാണ് ഇതിലൂടെ ഇവര്‍ ലക്ഷ്യമിട്ടിരുന്നതെന്നാണ് തട്ടിപ്പിനിരയായവരുടെ ആരോപണം.  
എയര്‍ ഇന്ത്യ, ഇത്തിഹാദ്, ഒമാന്‍ എയര്‍ വിമാനങ്ങളിലെത്തിയ 33 പേരാണ് മടക്കം പ്രതിസന്ധിയിലായി മക്കയില്‍ കുടുങ്ങിയിരുന്നത്. ട്രാവല്‍ ഏജന്റ് ടിക്കറ്റ് റദ്ദാക്കി റീഫണ്ട് ചെയ്തുവെന്നായിരുന്നു എയര്‍ ലൈനുകള്‍ നല്‍കിയ വിശദീകരണം.
നേരത്തെ മക്കയില്‍ താമസിക്കുന്നതിനിടെ പൈസ ലഭിച്ചിട്ടില്ലെന്ന പരാതിയില്‍ ഹോട്ടലുടമയും ഇവരെ ഇറക്കിവിടാന്‍ ഒരുങ്ങിയിരുന്നു. പിന്നീട് ഇത് സംസാരിച്ച് പരിഹരിക്കപ്പെട്ടിരുന്നു. അതിനുശേഷം മദീനാ സന്ദര്‍ശനം സാധ്യമാകുന്നതിനും ഇവര്‍ക്ക് വേറെ പൈസ നല്‍കേണ്ടി വന്നിരുന്നു. ഈ പ്രതിസന്ധികളെല്ലാം മറി കടന്ന് മടക്കയാത്രക്കെത്തിയപ്പോഴാണ് ടിക്കറ്റ് റദ്ദാക്കിയതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയിലും ഇവര്‍ അകപ്പെട്ടത്.

 

 

Latest News